KERALAMoviesNEWSTrending

കത്തി രാകുന്ന ചാണയും ചുമലിലേറ്റി നടൻ ഭീമൻ രഘു തെരുവിൽ; ‘ടിപ്പ് ടോപ്പ്’ ചാണക്കാരനെ കണ്ട് ഞെട്ടി തമ്മനത്തുകാരും

കൊച്ചി: പാന്റും ഷർട്ടും ബെൽറ്റും കൂളിംഗ് ഗ്ലാസും ധരിച്ച് ‘എക്സിക്യൂട്ടീവ് ലുക്കിൽ’ ഒരു ചാണക്കാരൻ. ജീവിതത്തിൽ ആദ്യമായി ഇങ്ങനെയൊരു ചാണക്കാരനെ കണ്ട അമ്പരപ്പും കൗതുകവും ഇപ്പോഴും തമ്മനത്തുകാർക്ക് മാറിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് കൊച്ചി തമ്മനം ജംഗ്ഷനിൽ കെ സ്റ്റുഡിയോയ്ക്ക് സമീപം വളരെ രസകരമായൊരു കാഴ്ച സമീപവാസികൾ കണ്ടത്. കണ്ടവർ ശരിക്കും ഞെട്ടി. നടൻ ഭീമൻ രഘു ചാണയും തോളിലേന്തി തമ്മനത്തെ വീടുകളിലും കടകളിലും കയറിയിറങ്ങി നീട്ടി വിളിക്കുന്നു.

അമ്മാ കത്തി രാകണമാ…കത്തിയുമായി ഓടിക്കൂടിയ വീട്ടമ്മമാരാണ് ശരിക്കും ഞെട്ടിയത്. സിനിമയിൽ മാത്രം കണ്ടിട്ടുള്ള ഭീമൻ രഘു വീടിന് മുന്നിൽ ചാണയുമായി നിൽക്കുന്നു. ഒരു പരിചയമോ അങ്കലാപ്പോ ഇല്ലാതെ തമിഴിൽ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ചോദിക്കുന്നു. കത്തി രാകണാമ്മാ… തമ്മനത്തെ ഒരു ബാർബർ ഷാപ്പിലെ കത്തി താരം രാകി കൊടുത്തു. തൻറെ പുതിയ ചിത്രം ചാണയുടെ പ്രമോഷൻറെ ഭാഗമായിട്ടാണ് ഭീമൻ രഘു ചാണയുമായി നഗരം ചുറ്റി നടന്നത്. ഒരു പക്ഷേ മലയാളസിനിമയിൽ ആദ്യമായിട്ടായിരിക്കാം ഒരു സെലിബ്രിറ്റി വളരെ കൂളായി ചിത്രത്തിലെ കഥാപാത്രത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ആൾക്കൂട്ടത്തിനിടയിലൂടെ നടന്നത്. ഭീമൻ രഘു തന്നെക്കാണാൻ അടുത്തുകൂടിയവരോട് തമാശ പറഞ്ഞ് ചേർത്ത് നിർത്തി സെൽഫിയെടുത്താണ് മടങ്ങിയത്.

ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ചാണയുടെ ചിത്രീകരണാനന്തര ജോലികൾ തമ്മനത്തെ കെ സ്റ്റുഡിയോയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൻറെ പ്രമോഷൻറെ ഭാഗമായി ഇത്തരമൊരു കൗതുകം നിറഞ്ഞ പരിപാടി ആസൂത്രണം ചെയ്തത് കെ സ്റ്റുഡിയോയുടെ പ്രവർത്തകരാണ്. മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഭീമൻ രഘു പുതിയ വേഷപ്പകർച്ചയുമായി എത്തുന്ന ചിത്രമാണ് ചാണ.ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമൻ രഘുവാണ്.

ഉപജീവനത്തിനായി തെങ്കാശിയിൽ നിന്ന് തൻറെ തൊഴിൽ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിൻറെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതിലൊന്ന് ഭീമൻ രഘു ആലപിച്ചതാണ്. ഭീമൻ രഘുവിനോടൊപ്പം പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമൻ വിശ്വനാഥ്, രഘുചന്ദ്രൻ, സമ്മോഹ്, സൂരജ് സുഗതൻ, കൃഷ്ണൻകുട്ടി നായർ, സനോജ് കണ്ണൂർ, വിഷ്ണു(ഭീമൻ പടക്കക്കട), മുരളീധരൻ നായർ, വിഷ്ണു, മണികണ്ഠൻ, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ബാനർ – സ്വീറ്റി പ്രൊഡക്ഷൻസ്, സംവിധായകൻ-ഭീമൻ രഘു, നിർമ്മാണം-കെ ശശീന്ദ്രൻ കണ്ണൂർ, കഥ, തിരക്കഥ, സംഭാഷണം-അജി അയിലറ, ഡി ഒ പി – ജെറിൻ ജയിംസ്, അസോസിയേറ്റ് ഡയറക്ടർ- രാമൻ വിശ്വനാഥൻ, എഡിറ്റർ- ഐജു ആൻറു, മേക്കപ്പ്-ജയമോഹൻ, കോസ്റ്റ്യൂംസ് – ലക്ഷ്മണൻ,ആർട്ട് – അജയ് വർണ്ണശാല, ഗാനരചന-ലെജിൻ ചെമ്മാനി, കത്രീന ബിജിൽ, മ്യൂസിക് – മുരളി അപ്പാടത്ത്, പ്രൊഡക്ഷൻ കൺട്രോളർ – രൂപേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനിൽ കണ്ടനാട്. ഡി ഐ – രഞ്ജിത്ത് ആർ കെ, സ്റ്റുഡിയോ- കെ സ്റ്റുഡിയോ കൊച്ചി, സ്റ്റിൽസ്-ലാലു വേട്ടമുക്ക്, ശ്രീക്കുട്ടൻ ,പി ആർ ഓ – പി ആർ സുമേരൻ, ഡിസൈൻ- സജീഷ് എം ഡിസൈൻസ് പി.ആർ.സുമേരൻ (പി.ആർ.ഒ) 9446190254

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close