KERALANEWSTrending

വക്കീൽ ഓഫീസിലെ ജീവനക്കാരിയെ ആക്രമിച്ചു; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: വക്കീൽ ഓഫീസിലെ ജീവനക്കാരിയെ ആക്രമിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്. കെപിസിസി സെക്രട്ടറി ബിആർഎം ഷെഫീറിനെതിരെയാണ് പൊലീസ് കേസെടുത്തത്. അഭിഭാഷകനായ ബിആർഎം ഷെഫീർ ദേഹത്തുപിടിച്ച് തള്ളിയിട്ടു എന്നതടക്കം ആരോപിച്ചാണ് അദ്ദേഹത്തിന്റെ തന്നെ ഓഫീസിലെ ജീവനക്കാരിയുടെ പരാതി. സംഭവത്തിൽ നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്.

അതേസമയം, പരാതിയിൽ കഴമ്പില്ലെന്നും നേരത്തെ ഒത്തുതീർപ്പാക്കിയതാണെന്നും ബിആർഎം ഷെഫീർ പ്രതികരിച്ചു. തന്റെ ഓഫീസിൽനിന്ന് ചില പ്രമാണങ്ങൾ കാണാതായ സംഭവത്തിൽ നേരത്തെ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിനുപിന്നാലെയാണ് ജീവനക്കാരി തനിക്കെതിരേ പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

താൻ 18 കൊല്ലമായി നെടുമങ്ങാട് കോടതിയിൽ അഭിഭാഷകനാണ്. നിരവധി ബാങ്കുകളുടെ ലീഗൽ അഡൈ്വസറുമാണ്. ബാങ്കിൽനിന്ന് വായ്പ ലഭിക്കാൻ നൽകിയ അപേക്ഷയും നാല് പ്രമാണങ്ങളും അടങ്ങുന്ന ഫയൽ അടുത്തിടെ ഓഫീസിൽനിന്ന് കാണാതായി. ഈ സംഭവത്തിൽ രണ്ടാംതീയതി ഡിവൈഎസ്പിക്ക് പരാതി നൽകി. ജീവനക്കാരെ അടക്കം പൊലീസ് ചോദ്യംചെയ്തു. പരാതി നൽകിയ ദമ്പതിമാരായ ക്ലർക്കുമാർ തന്റെ ഓഫീസിൽ എട്ടുകൊല്ലമായി ജോലി ചെയ്യുന്നവരാണ്. അവരെയും ചോദ്യംചെയ്തു. പത്താം തീയതി നെടുമങ്ങാട് സിഐയും ഷെഫീറും ഉപദ്രവിക്കുന്നതായി ഓഫീസിലെ ദമ്പതിമാർ റൂറൽ എസ്പിക്ക് മുമ്പാകെ പരാതി നൽകി. പിന്നീട് ബാർ അസോസിയേഷൻ ഇടപെട്ട് രണ്ടുപരാതികളും ഒത്തുതീർപ്പാക്കി. നഷ്ടപ്പെട്ട പ്രമാണങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് എടുക്കാമെന്നും രണ്ട് പരാതികളും പിൻവലിക്കാമെന്നുമായിരുന്നു ധാരണ. അതിനാൽ ഇതെല്ലാം ഒത്തുതീർപ്പാക്കിയതാണെന്നും ബിആർഎം ഷെഫീർ പറഞ്ഞു.

അതിനിടെ, ബിആർഎം ഷെഫീറിനെതിരായ പരാതിയിൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ഷെഫീറിനെതിരായ പരാതി അതീവഗൗരവതരമാണെന്നും ഡിവൈഎഫ്‌ഐ വാർത്താക്കുറിപ്പിൽ പറഞ്ഞു.

കോവളത്ത് വിദേശ വനിത പീഡിപ്പിക്കപ്പെട്ടിട്ടില്ല; കേസിൽ പുതിയ വഴിത്തിരിവ് ഇങ്ങനെ

കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിൽ പുതിയ വഴിത്തിരിവ്. കേസിലെ സാക്ഷിയായ കെമിക്കൽ എക്സാമിനർ വിചാരണയ്ക്കിടെ കൂറുമാറിയതായി കോടതി. പൊലീസിൻ്റെ ചീഫ് കെമിക്കൽ എക്സാമിനേഷൻ ലാബിലെ അസി. കെമിക്കൽ എക്സാമിനർ പി.ജി. അശോക് കുമാറാണ് കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ.കെ. ബാലകൃഷ്ണൻ കേസ് പരിഗണിക്കുന്ന വേളയിലാണ് കോടതിയിൽ നാടകീയ സംഭവങ്ങൾ.

വിദേശവനിതയുടെ നെഞ്ചിലെ അസ്ഥിക്കുള്ളിലെ മജ്ജയിൽ വെള്ളത്തിൽ കണ്ടുവരുന്ന ഡയാ​റ്റം എന്ന സൂക്ഷ്മജീവിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അശോക് കുമാർ മൊഴിനൽകുകയായിരുന്നു. ഇതേ സൂക്ഷ്മ ജീവിയുടെ സാന്നിദ്ധ്യം മൃതദേഹം കാണപ്പെട്ട തുരുത്തിലെ ചെളിയിൽ നിന്ന് പൊലീസ് ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്കയച്ച വെള്ളത്തിലും ഉണ്ടായിരുന്നുവെന്ന് അശോക് കുമാർ കോടതിയിൽ മൊഴിനൽകി. മുങ്ങിമരണ കേസുകളിലാണ് സാധാരണ ഇത്തരം പരിശോധന നടത്താറുള്ളതെന്നും സാക്ഷി വിശദീകരിച്ചു.

പൊലീസും പ്രോസിക്യൂഷനും ശ്രദ്ധിക്കാതെ പോയ ഇക്കാര്യം സാക്ഷിയുടെ ക്രോസ് വിസ്താരത്തിൽ പ്രതിഭാഗം ഉന്നയിക്കുകയായിരുന്നു. ഇപ്രകാരം ഡയാ​റ്റം മജ്ജയിൽ കാണുന്നത് മുങ്ങിമരണം സംഭവിച്ചാലല്ലേ എന്ന പ്രതിഭാഗത്തിൻ്റെ ചോദ്യത്തിന് എക്സാമിനർ അതേസ എന്നായിരുന്നു രേഖകളുടെ അടിസ്ഥാനത്തിൽ മറുപടി നൽകിയത്.

മാത്രമല്ല മൃതദേഹത്തിൽ നിന്ന് ശേഖരിച്ച് നൽകിയ ആന്തര അവയവ ഭാഗങ്ങളിൽ പുരുഷബീജത്തിൻ്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്നും കെമിക്കൽ എക്സാമിനർ മൊഴിനൽകിയിട്ടുണ്ട്. മൃതദേഹം എത്ര വർഷം കഴിഞ്ഞാലും, എത്ര ചീഞ്ഞാലും ആന്തരാവയവങ്ങളിൽ പുരുഷബീജത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിൽ അത് നിലനിൽക്കുമെന്നും എക്സാമിനർ കോടതിയിൽ വ്യക്തമാക്കി. പ്രോസിക്യൂഷൻ്റെ വാദങ്ങളെ തള്ളിക്കൊണ്ടാണ് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള സാക്ഷിമൊഴി കോടതിയിൽ എത്തിയത്.

കേവളത്ത് വിദേശവനിതയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. സാക്ഷിമൊഴിയിൽ നിന്ന് വിദേശവനിത പീഡിപ്പിക്കപ്പെട്ടില്ലെന്ന് തെളിഞ്ഞത് പ്രോസിക്യൂഷന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇതേ തുടർന്നാണ് സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ മോഹൻരാജ് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കാൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

2018ൽ ആയുർവേദ ചികിത്സയ്‌ക്കായാണ് വിദേശ വനിത തിരുവനന്തപുരത്ത് എത്തിയത്. സഹോദരിക്കൊപ്പമെത്തിയ യുവതിയെ 2018 മാർച്ച് 14 മുതൽ കാണാതായതിനെ തുടർന്ന് അന്വേഷി​ക്കവെ ഇവർ കോവളം ഭാഗത്ത് എത്തിയതായി വിവരം ലഭിക്കുകയായി​രുന്നു. തുടർന്ന് കോവളത്തും പരിസര പ്രദേശത്തും അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും കിട്ടിയില്ല. ഇതിനിടെ നാട്ടുകാരായ യുവാക്കളാണ് ഏപ്രിൽ 20ന് വാഴമുട്ടം ചേന്തിലക്കരിയിലെ കണ്ടൽക്കാട്ടിനിടയിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ ഇവരെ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്.

2019 ഡിസംബർ 30ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. യുവതി​യെ പീഡി​പ്പി​ച്ച ശേഷം കൊലപ്പെടുത്തുകയായി​രുന്നെന്നും തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്. സംഭവത്തിൽ ദൃക്‌സാക്ഷികൾ ഇല്ലാത്തതിനാൽ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രതികളായ പനത്തുറ കൂനംത്തുരുത്തി സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവരാണ് പ്രതികൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close