Breaking NewsKERALANEWSTop News

അഭയ കേസിൽ ജാമ്യം ലഭിച്ച സിസ്റ്റർ സ്റ്റെഫി പുറത്തിറങ്ങി; മാധ്യമങ്ങളോട് പ്രതികരിക്കാതെ മടക്കം; നിരപരാധിയെന്നും ജാമ്യം വൈകി ലഭിച്ച നീതിയെന്നും ക്നാനായ സഭ

തിരുവനന്തപുരം: അഭയ കേസിൽ ജാമ്യം ലഭിച്ച സിസ്റ്റർ സ്റ്റെഫി പുറത്തിറങ്ങി. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ നിന്നാണ് സിസ്റ്റർ പുറത്തിറങ്ങിയത്. ഫാദർ കോട്ടൂരിനും സിസ്റ്ററിനും ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

അതേസമയം ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും നമിരപരാധികളെന്ന് ക്‌നാനായ സഭ പ്രതികരിച്ചു. സിസ്റ്റർ അഭയ കേസ് പ്രതികൾക്ക് ജാമ്യം ലഭിച്ചത് വൈകി വന്ന നീതിയെന്ന് ക്‌നാനായ സമൂഹം വിശ്വസിക്കുന്നുവെന്നും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയും ക്നാനായ കാതോലിക്ക കോൺ​ഗ്രസ് ജനറൽ സെക്രട്ടറിയുമായ ബിനോയി ഇടയാടി പറഞ്ഞു.

ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കേസിൽ പ്രതികളാക്കപ്പെട്ടതാണ്. ഇവരെ പ്രതിയാക്കിയത് കെട്ടിച്ചമച്ചതാണെന്നാണ് വിശ്വസിക്കുന്നത്. ഫാദർ കോട്ടീരിനും സെഫിക്കും ജാമ്യം നൽകിയ വിധിയിൽ സന്തോഷമുണ്ടെന്നും ബിനോയി ഇടയാടി പറഞ്ഞു.

അഭയ കേസ് പ്രതികൾക്ക് വിചാരണക്കോടതി നൽകിയ ശിക്ഷ മരവിപ്പിച്ചാണ്, പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ശിക്ഷാ വിധി സസ്‌പെൻഡ് ചെയ്ത് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കോടതിയെ സമീപിച്ചത്.

അഞ്ചു ലക്ഷം രൂപ കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

അഭയകേസ് നാൾവഴികൾ ഇങ്ങനെ

സിസ്റ്റർ അഭയയുടെ ദുരൂഹ മരണം

കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വർഷ പ്രീ-ഡിഗ്രി വിദ്യാർത്ഥിനിയും ക്‌നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയായ സിസ്റ്റർ അഭയ (21) 1992 മാർച്ച് 27 ന് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു.കോട്ടയം ജില്ലയിലെ അരീക്കരയിൽ ഐക്കരകുന്നേൽ തോമസിന്റെയും ലീലാമ്മയുടെയും മകളാണ് അഭയ. അച്ഛൻ തോമസും അമ്മ ലീലാമ്മയും അഞ്ച് വർഷം മുൻപ് മരിച്ചു. കേസ് അന്വേഷണം അട്ടിമറിച്ച് അഭയയുടെ മരണം ആത്മഹത്യയാക്കാൻ ലോക്കൽ പോലീസിന്റെ ശ്രമത്തിനെതിരെ 1992 മാർച്ച് 31ന് കോട്ടയം മുനിസിപ്പൽ ചെയർമാൻ പി.സി.ചെറിയാൻ മടുക്കാനി പ്രസിഡന്റും,ജോമോൻ പുത്തൻപുരയ്ക്കൽ കൺവീനറുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചതിനെ തുടർന്ന് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കോട്ടയത്ത് നിരവധി സമര പോരാട്ടങ്ങൾ നടത്തി.ലോക്കൽ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷിച്ചു.1993 ജനുവരി 30 ന് കോട്ടയം ആർ.ഡി.ഒ കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് റിപ്പോർട്ട് നൽകി. എന്നാൽ സമരസമതിയുടെ കർശനമായ നിലപാടിനെ തുടർന്നു അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ അന്വേഷണം സി ബി ഐക്കു വിടുന്നു.

ഒരു സിബിഐ അന്വേഷണ കഥ

സംസ്ഥാന സർക്കാരിന്റെ ശുപാർശയെത്തുടർന്ന് സിബിഐ അഭയ കേസിന്റെ അന്വേഷണം ഏറ്റെടുത്തു. 1993 മാർച്ച് 29 ന് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.സിബിഐ കൊച്ചി യൂണിറ്റ് ഡി.വൈ.എസ്.പി വർഗീസ്.പി.തോമസിന്റെ നേതൃത്വത്തിൽ സിബിഐ സംഘം അഭയയുടെ മരണം ആത്മഹത്യയാണെന്നുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് തള്ളികൊണ്ട് കൊലപാതകമാണെന്ന് ആറു മാസത്തിനുള്ളിൽ സിബിഐ കണ്ടെത്തി.സിബിഐയുടെ കേസ് ഡയറിയിൽ കൊലപാതകമാണെന്ന് രേഖപ്പെടുത്തുകയും ചെയ്തു.സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനത്തിന് ഘടക വിരുദ്ധമായി അഭയയുടെ മരണം ആത്മഹത്യയാക്കാൻ അന്നത്തെ സിബിഐ എസ്.പി വി.ത്യാഗരാജൻ തന്റെ മേൽ സമ്മർദം ചെലുത്തി, അതിന് വഴങ്ങാതെ വന്നപ്പോൾ പീഡിപ്പിച്ചെന്ന് സിബിഐ ഡി.വൈ.എസ്.പി വർഗീസ്.പി.തോമസ് രാജിവെക്കാൻ തീരുമാനിക്കുകയും ,1994 മാർച്ച് 7 ന് എറണാകുളത്ത് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത് സിബിഐയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്. അതോടെ അഭയക്കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.

ഈ വിഷയം പാർലമെന്റിൽ എം.പി മാർ ഉന്നയിച്ചതിനെത്തുടർന്ന് പുതിയ വിവാദത്തിന് തിരികൊളുത്തി അന്നത്തെ പ്രധാനമന്ത്രി പി.വി.നരസിംഹറാവു വിഷയത്തിൽ ഇടപെടുകയും സിബിഐയുടെ ചുമതലയുള്ള പേഴ്‌സണൽ മന്ത്രാലയത്തിന്റെ മന്ത്രി മാർഗരറ്റ് ആൽവ പാർലമെന്റിൽ മറുപടി പറയേണ്ടിയും വന്നു. ഇതിനെ തുടർന്നു അഭയക്കേസിന്റെ മേൽനോട്ട ചുമതലയിൽ നിന്നും സിബിഐ കൊച്ചി യൂണിറ്റ് എസ്.പി സ്ഥാനത്തു നിന്നും വി.ത്യാഗരാജനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ 1994 മാർച്ച് 17 ന് ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി ഹൈക്കോടതി പരിഗണിക്കവേ സി ബി ഐ സ്വമേധയാ ത്യാഗരാജനെ കേസിൽ നിന്നും മാറ്റി .

ഡമ്മി ടു ഡമ്മിയും പുതിയ കണ്ടെത്തലും

പുതിയതായി ചുമതലയെടുത്ത എസ് പി സി എം എൽ ശർമയുടെ നേതൃത്വത്തിലുള്ള സിബിഐ സംഘം കോട്ടയത്ത് എത്തി പയസ് ടെൻത്‌കോൺവെന്റിലെ കിണറ്റിൽ ജയ്പൂരിലെ ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ അഭയയുടെ ഡമ്മി പരീക്ഷണം നടത്തി.അഭയയുടെ മരണം കൊലപാതകമാണെങ്കിലും പ്രതികളെ പിടിക്കുവാൻ സിബിഐ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ലന്ന് കാണിച്ചു കൊണ്ട് അന്വേഷണം അവസാനിപ്പിക്കുവാൻ അനുമതി ചോദിച്ചു കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ 1996 ഡിസംബർ 6 ന് റിപ്പോർട്ട് കൊടുത്തു.സിബിഐ റിപ്പോർട്ട് തള്ളിക്കൊണ്ട് തുടരന്വേഷണം നടത്തുവാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.കെ.ഉത്തരൻ 1997 മാർച്ച് 20 ന് ഉത്തരവ് നൽകി.

രണ്ടാം തവണയും സിബിഐ അന്വേഷണം അവസാനിപ്പിച്ച് കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ 1999 ജൂലൈ 12 ന് റിപ്പോർട്ട് സമർപ്പിച്ചു.സിബിഐ സമർപ്പിച്ച റിപ്പോർട്ട് തള്ളി കൊണ്ട് അഭയ കേസിൽ രണ്ടാം തവണയും തുടരന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആന്റണി.റ്റി. മൊറൈസ് 2000 ജൂൺ 23 ന് ഉത്തരവിട്ടു.സിബിഐ അഭയ കേസിന്റെ അന്വേഷണം മൂന്നാം തവണയും അവസാനിപ്പിക്കാൻ അനുമതി ചോദിച്ച് കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ 2005 ആഗസ്റ്റ് 30 ന് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ കൊലപാതകമാണെന്ന് ഉറപ്പുള്ള കേസിൽ പ്രതികളെ കണ്ടെത്താതെ കേസ് അവസാനിപ്പികൻ സാധിക്കില്ലെന്ന ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പി.ഡി. ശാരങ്ധരന്റെ നിലപാട് കേസ് തുടരാൻ കാരണമായി.

ഫോറെൻസിക് രേഖകളിലെ തിരുത്തലും മാധ്യമ വാർത്തയും

2007 ഏപ്രിലിൽ അഭയ കേസിലെ ആന്തരികാവയവ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ നടന്നുവെന്ന വാര്ത്ത പുറത്തുവന്നതോടെ കേസ് വീണ്ടും സജീവമാകുന്നു. കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന റജിസ്റ്ററിൽ നിന്ന് അഭയയുടെ റിപ്പോർട്ട് കാണാതായെന്നു കോടതിയിൽ പൊലീസ് സർജന്റെ റിപ്പോർട്ടിനെ തുടർന്നു ഹൈക്കോടതി വിഷയത്തിൽ ഇടപെടുകയും അന്വേഷണം സിബിഐ കൊച്ചി യൂണിറ്റിലെ ഡി വൈ എസ് പി നന്ദകുമാറിന്റെ നേതൃത്വത്തിൽ തുടരാൻതീരുമാനിക്കുകയും ചെയ്തു .

വീണ്ടും സി ബി ഐ ,ഇത്തവണ രക്ഷയായത് കള്ളൻ

പുതിയ സംഘം കേസ് വിശദമായി പടിക്കുകയും ആദ്യം മുതൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഈ അന്വേഷണത്തിൽ അയൽവാസിയായ സഞ്ജു മാത്യു നൽകിയ മൊഴി നിർണയകമായി. ഈ മൊഴിയിൽ ഫാ:തോമസ് കോട്ടൂരും ഫാ: ജോസ് പൂതൃക്കയിലും കൊലപാതകം നടന്ന ദിവസം മഠത്തിൽ വന്നതായി കണ്ടെത്തി . എന്നാലും പ്രതികളുടെ കൃത്യത്തിലുള്ള പങ്ക് വ്യക്തമാകാതെ അന്വേഷണ സംഘം ഉഴലവേ ദൈവത്തിന്റെ രൂപത്തിൽ കൃത്യം നടന്ന ദിവസം അവിടെ മോഷണത്തിന് കയറിയ അടക്ക രാജുവിനെ സംഘം കണ്ടെത്തുന്നു. രാജുവിന്റെ മൊഴിയിലൂടെ സിസ്റ്റർ സ്റ്റെഫിയും , ഫാദർ കോട്ടൂരുമായിഉള്ള അവിഹിത വേഴ്ചയ്ക്ക് ദൃക്‌സാക്ഷിയാകേണ്ടിവന്ന സിസ്റ്റർ അഭയയുടെ കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു. ഇതിനെ തുടർന്നു പ്രതികൾ കസ്റ്റഡിയിലാകുന്നു .

വിചാരണക്ക് മുന്നേ സുപ്രീം കോടതിവരെ

കേസ് വിചാരണക്ക് മുന്നേ ഒട്ടനവധി തവണ ഉന്നത കോടതികൾ കേറിയ കേസുകൂടിയാണ് അഭയ കേസ്. തുടർ കോടതി നടപടികളിൽ ഹൈക്കോടതി രണ്ടാം പ്രതിയായ ഫാദർ പൂതൃക്കയിലിനെ ഒഴിവാക്കുകയും ചെയ്തു .ഇതിനൊക്കെയോടുവിലാണ് 28 വർഷങ്ങൾക്കിപ്പുറം അഭയ കേസിൽ വിധി വന്നത്.

ശിക്ഷാ വിധി എന്തായിരുന്നു?

ഒന്നാം പ്രതി തോമസ് കോട്ടൂരിന് കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷയും 5 ലക്ഷം രൂപ പിഴയും. കോൺവെൻറിൽ അതിക്രമിച്ച് കയറിയതിന് ജീവപര്യന്തവും ഒരു ലക്ഷം പിഴയും. തെളിവ് നശിപ്പിച്ചത് 7 വർഷം തടവും അൻപതിനായിരം പിഴയും. മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും കൊലപാതകത്തിന് ജീവപര്യന്തം തടവും 5 ലക്ഷം പിഴയും. തെളിവ് നശിപ്പിക്കലിന് 7വർഷം തടവും അൻപതിനായിരം പിഴയും. പ്രതികൾ ശിക്ഷകൾ ഒരുമിച്ച് അനുഭവിക്കണം. ഇതായിരുന്നു അഭയ കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും വിധിച്ച ശിക്ഷ.

നിരപരാധിയാണെന്ന് വിധി പ്രഖ്യാപനത്തിന് മുമ്പ് തോമസ് കോട്ടൂർ വാദിച്ചിരുന്നു. കാൻസർ രോഗിയാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും കോട്ടൂർ അവസാനം വരെയും വാദിച്ചു. രോഗികളായ മാതാപിതാക്കളെ സംരക്ഷിക്കുന്നത് താനാണെന്നും ഇളവ് വേണമെന്നും സിസ്റ്റർ സെഫിയും കോടതിയോട് ആവശ്യപ്പെട്ടു. ഇരുവരുടേയും അഭിഭാഷകരുടെയും വാദം ശിക്ഷാ ഇളവിന് വേണ്ടിയായിരുന്നു. പക്ഷെ രക്ഷിക്കേണ്ടവർ തന്നെയാണ് അഭയയെ കൊന്നതെന്നും പരമാവധി ശിക്ഷ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

അട്ടിമറികളുടെ ചരിത്രമുള്ള കേസ്

തുടക്കം മുതൽ അട്ടിമറി. ഒരു കൊലപാതകം ആത്മഹത്യയാക്കി തീ‍ർക്കാൻ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ ആസൂത്രിതനീക്കം. അഭയയുടെ ഇൻക്വസ്റ്റ് റിപ്പോർ‍ട്ടിൽ ആദ്യ അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ അഗസ്റ്റിൻ മുതലുള്ളവർ രേഖകളിൽ തിരുത്തൽ വരുത്തിയതിന് ആരോപണവിധേയരാണ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ച ശേഷം കോട്ടയം ആർഡിഒ കോടതിയിൽ നൽകിയ അഭയയുടെ ശിരോവസ്ത്രങ്ങളടക്കമുള്ള തൊണ്ടി മുതലുകൾ ക്രൈംബ്രാഞ്ച് നശിപ്പിച്ചു. സ്വാധീനങ്ങൾക്ക് മുന്നിൽ പൊലീസ് മുട്ടുക്കുത്തിയപ്പോൾ തോമസ് ഐക്കരക്കുന്നേലെന്ന കർഷകനായ അഭയയുടെ അച്ഛനും അമ്മ ലീലാമ്മക്കുമൊപ്പം ഒരു കൂട്ടമാൾക്കാർ പിന്തുണമായെത്തി. ജനകീയ സമരം ശക്തമായപ്പോൾ പണത്തിനും സ്വാധീനത്തിനും മേൽ നീതിയുടെ വെള്ളിവെളിച്ചം കണ്ടു തുടങ്ങി. കേസ് സർക്കാർ സിബിഐക്ക് വിട്ടു.

രണ്ടാം വർഷം പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സിസ്റ്റർ അഭയ മരിക്കുന്നത്. ക്രൈം ബ്രാഞ്ച് മാറി സിബിഐ വന്നിട്ടും ആദ്യഘട്ടത്തിൽ അട്ടിമറി ശ്രമം തുടർന്നു. സിബിഐ എസ്പിയായിരുന്ന ത്യാഗരാജൻ കേസ് അട്ടിമറിക്കാൻ സമ്മർദം ചെലുത്തിയെന്ന അന്വേഷണ ഉദ്യോഗസ്ഥൻ വർഗീസ് പി.തോമസിൻറെ വെളിപ്പെടുത്തൽ വലിയ ചർച്ചയായി. ത്യാഗരാജനെ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അഭയ ആക്ഷൻ കൗൺസിൽ ചെയർമാൻ ജോമോൻ പുത്തൻ പുരയ്ക്കൽ നൽകിയ ഹ‍ർജിയിൽ നിന്നാണ് കോടതി ഇടടപെൽ തുടങ്ങുന്നത്. ത്യാഗരാജനെ കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് സ്ഥലംമാറ്റി. അഭയയുടെത് കൊലപാതമാണെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെന്ന് മൂന്നു പ്രാവശ്യമാണ് എറണാകുളം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയത്. മൂന്നു റിപ്പോർട്ടുകളും കോടതി തള്ളി.

28 വർഷത്തിനിടെ 16 സംഘങ്ങളാണ് കേസ് അന്വേഷിച്ചത്. ഇതിനിടെ അന്വേഷണ സംഘങ്ങളെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ കേന്ദ്ര സർക്കാരിനും സിബിഐ ഡയറക്ടർക്കും ലഭിച്ചു. ഒടുവിൽ ഫാ.തോമസ് കോട്ടൂരിനെയും ഫാ.ജോസ് പുതൃക്കയിലിനെയും, സിസ്റ്റർ സെഫിയെയും സിബിഐ അറസ്റ്റ് ചെയ്തു. പ്രതികളുടെ നാർക്കോ പരിശോധന ഫലമായിരുന്നു അറസ്റ്റിലേക്ക് നയിച്ച പ്രധാനതെളിവ്. ഈ മൂന്നു പ്രതികളെ കൂടാതെ എഎസ്ഐ അഗസ്റ്റിനെയും പ്രതിയാക്കി. കുറ്റപത്രം നൽകുന്നതിന് മുമ്പേ എഎസ്ഐ അഗസ്റ്റിൻ ആത്മഹത്യ ചെയ്തു.

കേസട്ടിമറിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ കോടതിയെ സമീപിച്ചു. ഡിവൈഎസ്പി സാമുവലിനെയും, എസ്പി കെ ടി മൈക്കളിനെയും പ്രതിയാക്കി. വിചാരണ തുടങ്ങും മുമ്പേ സാമുവൽ മരിച്ചു. വിടുതൽ ഹ‍ർജി പരിഗണിച്ച് ഫാ.ജോസ് പുതൃക്കയിലിനെയും കെ ടി മൈക്കളിനെയും കോടതി ഒഴിവാക്കി. വീണ്ടും പല കാരണങ്ങൾ പറഞ്ഞ് വിചാരണ ഒഴിവാക്കാൻ പ്രതികളുടെ ശ്രമം.

ഒടുവിൽ സുപ്രീംകോടതി നിർദ്ദശ പ്രാകാരം തിരുവനന്തപുരം കോടതിയിൽ വിചാരണ ആരംഭിച്ചു. വീണ്ടും അട്ടിമറി. രഹസ്യമൊഴി നൽകിയ സാക്ഷി ഉൾപ്പെടെ 8 സാക്ഷികൾ കൂറുമാറി. അഭയ മരിച്ച് 28 വർഷവും എട്ട് മാസവും പിന്നിടുമ്പോഴാണ് കേസിൽ ഒടുവിൽ വിധി വന്നത്. ഇപ്പോൾ കേസിൽ പ്രതികളായ രണ്ട് പേർക്കും ജാമ്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close