‘പി സി ജോർജിന് പിന്നിൽ തിമിംഗലങ്ങൾ’; പിസിയും സ്വപ്നയും സരിത്തും ഉൾപ്പെടെയുള്ള ഗൂഢാലോചന നടന്നത് ക്രൈം നന്ദകുമാറിന്റെ ഓഫീസിൽ വെച്ചെന്നും സരിത; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ..

തിരുവനന്തപുരം: മാധ്യമങ്ങൾക്ക് മുമ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സരിത. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ഗൂഢാലോചന നടന്നത് ക്രൈം നന്ദകുമാറിൻറെ ഓഫീസിൽ വെച്ചെന്ന് സരിത എസ് നായർ പറഞ്ഞു. ഗൂഢാലോചനക്കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ എത്തി സരിത മൊഴി നൽകിയ ശേഷമാണ് സരിതയുടെ വെളിപ്പെടുത്തൽ.
കേസിലെ സാക്ഷിയാണ് സരിത. ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പി സി ജോർജ് , സ്വപ്ന സുരേഷ് , സരിത്ത് , ക്രൈം നന്ദകുമാർ എന്നിവർ ചേർന്നാണ് ഗൂഢാലോചന നടത്തിയത്. പി സി ജോർജിന് പിന്നിൽ തിമിംഗലങ്ങളുണ്ട്. തന്നെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴച്ചതെന്ന് അറിയില്ലെന്നും സരിത പറഞ്ഞു.
സ്വർണക്കടത്ത് കേസിൻറെ വ്യാപ്തി വളരെ വലുതാണെന്നും സ്വർണകടത്തിന് പിന്നിൽ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സംഘമാണെന്നും സരിത പറഞ്ഞു. സ്വർണം എവിടെ നിന്നു വന്നു എന്നതിനെ പറ്റി അറിയില്ല. തന്നെ ഇതിലേക്ക് വലിച്ചിഴച്ച ശേഷമാണ് താൻ ഇതിന് പിന്നാലെ പോയതെന്നും സ്വപ്ന സംസാരിക്കുന്നത് നിലനിൽപ്പിന് വേണ്ടിയാണെന്നും സരിത പറഞ്ഞു.
വൈദ്യുതി പോസ്റ്റ് ചുവടെ മുറിച്ചിട്ടത് തിരക്കുള്ള റോഡിലേക്ക്; പോസ്റ്റ് വീണ് യുവാവിന്റെ ദാരുണമരണവും; നരഹത്യക്ക് കേസെടുത്ത് പോലീസ്
കോഴിക്കോട്: നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ നരഹത്യക്ക് കേസെടുത്ത് പോലീസ്. കുറ്റകരമായ നരഹത്യക്കാണ് ബേപ്പൂർ പൊലീസ് കേസെടുത്തത്. മതിയായ സുരക്ഷാ സംവിധാനം ഇല്ലാതെയാണ് പോസ്റ്റ് നീക്കിയതെന്നാണ് പൊലീസ് പറയുന്നത്. ബേപ്പൂർ സ്വദേശി അർജ്ജുൻ(22) ആണ് വൈദ്യുതി പോസ്റ്റ് വീണ് മരിച്ചത്. ജീവനക്കാർ പഴയ വൈദ്യുതി തൂണ് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിന് ഇടയാക്കിയത് കെഎസ്ബിയുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തിരക്കുള്ള റോഡിലേക്ക് പോസ്റ്റ് ചുവടെ മുറിച്ചിടുകയായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നതിന്. ഇതിനിടയിൽ അതിലൂടെ വന്ന അർജുന്റെ ബൈക്കിന് മുകളിലേക്ക് പോസ്റ്റ് മറിഞ്ഞു വീഴുകയായിരുന്നു. അർജുൻ തത്സമയം തന്നെ മരിച്ചു.
അതേസമയം വൈദ്യുതി പോസ്റ്റ് വീണ് മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. സംഭവത്തിൽ അന്വേഷണത്തിന് കെഎസ്ഇബി ചെയർമാനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതനിടെയാണ് അപകടമുണ്ടായത്. ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന് വ്യക്തമല്ല. കുറ്റക്കാരെങ്കിൽ നടപടി ഉണ്ടാകും. എല്ലാം അന്വേഷണത്തിൽ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. നഷ്ടപരിഹാരത്തുക തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
പോസ്റ്റ് മാറ്റുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നുമാണ് ആക്ഷേപം. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കോഴിക്കോട്-ബേപ്പൂർ പാത ഉപരോധിച്ചു. എന്നാലിതിന് കരാറുകാരനാണ് ഉത്തരവാദിയെന്നാണ് കെഎസ്ഇബി ഡിവിഷണൽ എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി സുധാകരൻ പ്രതികരിച്ചത്. പൊലീസിൽ പരാതി കൊടുത്തിട്ടുണ്ടെന്നും കെഎസ്ഇബി അറിയാതെയാണ് കരാറുകാരൻ പഴയ പോസ്റ്റ് നീക്കിയതെന്നും ഷാജി സുധാകരൻ പറയുന്നു. മരിച്ച ആളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ശുപാർശ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.