KERALANEWSTop News

വൈദ്യുതി പോസ്റ്റ് വീണ് യുവാവ് മരിച്ച സംഭവം; ആലിക്കോയയെ കസ്റ്റഡിയിലെടുത്ത് പോലീസ്; കുറ്റകരമായ നരഹത്യക്ക് കേസ്

കോഴിക്കോട്: വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കെഎസ്ഇബി കരാറുകാരൻ കസ്റ്റഡിയിൽ. ബേപ്പൂർ സ്വദേശി ആലിക്കോയയെ ആണ് ബേപ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു.

കോഴിക്കോട് നടുവട്ടത്താണ് അപകടം നടന്നത്. ബേപ്പൂർ സ്വദേശി അർജുനാണ് മരിച്ചത്. 22 വയസായിരുന്നു. കെഎസ്ഇബി കരാർ ജീവനക്കാർ ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയായിരുന്നു അപകടം. പോസ്റ്റ് മാറ്റുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു. ബൈക്കിന് പിന്നിൽ സഞ്ചരിച്ച അർജുനന്റെ മേലാണ് പോസ്റ്റ് വീണത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിന് ഇടയാക്കിയത് കെഎസ്ബിയുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തിരക്കുള്ള റോഡിലേക്ക് പോസ്റ്റ് ചുവടെ മുറിച്ചിടുകയായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നതിന്. ഇതിനിടയിൽ അതിലൂടെ വന്ന അർജുന്റെ ബൈക്കിന് മുകളിലേക്ക് പോസ്റ്റ് മറിഞ്ഞു വീഴുകയായിരുന്നു. അർജുൻ തത്സമയം തന്നെ മരിച്ചു.

അതേസമയം വൈദ്യുതി പോസ്റ്റ്‌ വീണ് മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. സംഭവത്തിൽ അന്വേഷണത്തിന് കെഎസ്ഇബി ചെയർമാനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതനിടെയാണ് അപകടമുണ്ടായത്. ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന് വ്യക്തമല്ല. കുറ്റക്കാരെങ്കിൽ നടപടി ഉണ്ടാകും. എല്ലാം അന്വേഷണത്തിൽ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. നഷ്ടപരിഹാരത്തുക തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

പോസ്റ്റ് മാറ്റുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നുമാണ് ആക്ഷേപം. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കോഴിക്കോട്-ബേപ്പൂർ പാത ഉപരോധിച്ചു. എന്നാലിതിന് കരാറുകാരനാണ് ഉത്തരവാദിയെന്നാണ് കെഎസ്ഇബി ഡിവിഷണൽ എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി സുധാകരൻ പ്രതികരിച്ചത്. അറിയാതെയാണ് കരാറുകാരൻ പഴയ പോസ്റ്റ് നീക്കിയതെന്നും ഷാജി സുധാകരൻ പറയുന്നു. മരിച്ച ആളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ശുപാർശ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close