
കൊച്ചി: പുതിയ സിനിമയുടെ ആദ്യ ഷോയ്ക്ക് പിന്നാലെ തീയേറ്ററിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ. പുതിയ ചിത്രമായ പന്ത്രണ്ട് സിനിമയുടെ ഫസ്റ്റ് ഷോയ്ക്ക് പിന്നാലെയായിരുന്നു സംഭവം. ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം ചോദിക്കാനെത്തിയ മാദ്ധ്യമപ്രവർത്തകരെ അങ്കലാപ്പിലാക്കി നടൻ ഇറങ്ങി ഓടുകയായിരുന്നു.
സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരോട് അഭിപ്രായങ്ങൾ ചോദിക്കാനാണ് മാധ്യമ പ്രവർത്തകർ എത്തിയത്. ഷൈൻ ടോമിനോട് അഭിപ്രായം ചോദിക്കാൻ എത്തിയപ്പോഴേക്കും താരം ഇറങ്ങി ഓടുകയായിരുന്നു. പ്രേക്ഷകർ അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ് തിയറ്ററിനുള്ളിൽനിന്ന് ഒരാൾ ഓടിയിറങ്ങുന്നത് മാധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽപെട്ടത്. അത് ഷൈൻ ആണെന്ന് മനസിലാക്കിയതോട് മാധ്യമങ്ങൾ അദ്ദേഹത്തിനടുത്തേക്ക് നീങ്ങിയപ്പോൾ മാധ്യമ പ്രവർത്തകരെ ഞെട്ടിച്ച് താരം ഓടിയത്.
കാര്യമെന്തന്നറിയാതെ ചില മാധ്യമപ്രവർത്തകരും ഷൈൻ ടോമിന്റെ പുറകെ ഓടി. തിയറ്ററിനു ചുറ്റും ഓടിയ ഷൈൻ ടോം മാധ്യമങ്ങൾക്കു മറുപടി നൽകാതെ തിയറ്റർ വളപ്പിൽനിന്നു റോഡിലേക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു. ഇതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
പന്ത്രണ്ടിൽ ഷൈൻ ടോം ചാക്കോയാണ് പ്രധാന വേഷത്തിൽ എത്തിയത്. അടുത്തിടെ ഷൈൻ ടോം മാധ്യമങ്ങളോട് നടത്തിയ പല പ്രതികരണങ്ങളും വലിയ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ വിനായകൻ, ദേവ് മോഹൻ എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.