INDIANEWS

പുതിയ പാർട്ടി രൂപീകരിക്കാൻ ഷിൻഡെ; പുറത്താക്കാൻ സേന; താനെയിലെ വസതിയിൽ വൻ സുരക്ഷ; മുംബൈയിൽ നിരോധനാജ്ഞ

മുംബൈ: വിമത നീക്കങ്ങൾക്ക് പിന്നാലെ ഏകനാഥ് ഷിൻഡെ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. ശിവസേന ബാലാസാഹെബ് താക്കറെ എന്നായിരിക്കും പാർട്ടിയുടെ പേരെന്നാണ് റിപ്പോർട്ട്. അതേസമയം ഇന്നു ചേരുന്ന ശിവസേന നേതൃയോഗം ഷിൻഡെയെ പുറത്താക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ശിവസേന നാഷനൽ എക്‌സിക്യൂട്ടിവ് യോഗം മുംബൈയിൽ നടക്കുകയാണ്. ഏകനാഥ് ഷിൻഡെയെ പുറത്താക്കാൻ യോഗം തീരുമാനമെടുക്കും. ഇതിനു പിന്നാലെ തന്നെ വിമതർ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഭൂരിപക്ഷം എംഎൽഎമാരും ഒപ്പമുള്ളതിനാൽ കൂറുമാറ്റ നിരോധന നിയമം പിളർപ്പിനെ ബാധിക്കില്ല. രാഷ്ട്രീയ സാഹചര്യത്തെ തുടർന്ന് ഷിൻഡെയുടെ താനെയിലെ വസതിയിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വിമത എംഎൽഎമാരുടെ കുടുംബാംഗങ്ങളുടെ ജീവൻ ഭീഷണിയിലാണെന്ന് ഏക്നാഥ് ഷിൻഡെ നേരത്തെ പറഞ്ഞിരുന്നു. വിമത നീക്കത്തെ തുടർന്നുള്ള പ്രതികാര നടപടിയായി കുടുംബാംഗങ്ങൾക്കുള്ള സുരക്ഷ സംസ്ഥാന സർക്കാർ പിൻവലിച്ചെന്നായിരുന്നു ഷിൻഡെയുടെ ആരോപണം. എന്നാൽ അത്തരമൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്നും ആരോപണം വ്യാജമെന്നും ആഭ്യന്തര മന്ത്രി ദിലീപ് വൽസേ പാട്ടീൽ പറഞ്ഞു.

ഷിൻഡെയ്‌ക്കൊപ്പം മുൻ മന്ത്രി രാംദാസ് കദത്തിന് എതിരെയും നടപടിയുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. കദത്തിന്റെ മകനും എംഎൽഎയുമായ യോഗേഷ് കദം കഴിഞ്ഞ ദിവസം വിമതർക്കൊപ്പം ചേർന്നിരുന്നു.

മുൻകരുതൽ നടപടിയെന്ന നിലയ്ക്കാണ് മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. താനെയിലെ, ഏകനാഥ് ഷിൻഡെയുടെ വീടിനു കൂടുതൽ സുരക്ഷ ഏർപ്പെടുത്തി. ഏതാനും സ്ഥലങ്ങളിൽ വിമത എംഎൽഎമാരുടെ ഓഫിസുകൾക്കു നേരെ അക്രമം നടന്നു. വിമതരെ നാട്ടിൽ കാലുകുത്താൻ സമ്മതിക്കില്ലെന്ന് ചില സേനാ നേതാക്കൾ പ്രഖ്യാപിച്ചിരുന്നു.

പാർട്ടി പ്രവർത്തകരെ ഒപ്പം നിർത്താനുറച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: വിമത നീക്കങ്ങൾ ശക്തമാകുന്നതിനിടെ പാർട്ടി ഭാരവാഹികളെ അഭിസംബോധന ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേന സ്വന്തം ആളുകളാൽ തന്നെ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും പ്രവർത്തകരാണ് പാർട്ടിയുടെ സമ്പത്തെന്നും ഉദ്ധവ് പറഞ്ഞു. ഓൺലൈനായിട്ടായിരുന്നു ഉദ്ധവ് താക്കറെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തത്.

ഏക്‌നാഥ് ഷിൻഡെ ശ്രമിക്കുന്നത് ബിജെപിക്കൊപ്പം ചേർന്ന് പാർട്ടിയെ നശിപ്പിക്കാനാണെന്ന് ഉദ്ധവ് ചൂണ്ടിക്കാട്ടി. ‘സ്വന്തം ആളുകളാൽ വഞ്ചിക്കപ്പെട്ടിരിക്കുകയാണ് ശിവസേന. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിങ്ങളൊക്കെയാണ് ഇപ്പോൾ വിമതരായിട്ടുള്ളവർക്ക് സീറ്റ് നൽകിയത്. നിങ്ങൾ കഠിനാധ്വാനം ചെയ്ത് അവരെ തിരഞ്ഞെടുത്തതിന് ശേഷം അവർക്ക് അസംതൃപ്തി ഉണ്ടായിരിക്കുകയാണ്. ഈ നിർണായക സമയത്ത് പാർട്ടിക്കൊപ്പം നിൽക്കുന്നതിന് എനിക്ക് നിങ്ങളോട് നന്ദി പറഞ്ഞാൽ മതിയാകില്ല’ ഉദ്ധവ് പാർട്ടി പ്രവർത്തകരോട് പറഞ്ഞു.

സഖ്യകക്ഷികളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാമെന്ന് താൻ ഏക്‌നാഥ് ഷിൻഡെയോട് പറഞ്ഞിരുന്നു. സേന ബിജെപിയുമായി കൈകോർക്കണമെന്ന് നിയമസഭാംഗങ്ങൾ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം തന്നോട് പറഞ്ഞു. ഈ എംഎൽഎമാരെ തന്റെ അടുക്കൽ കൊണ്ടുവരാൻ താൻ അദ്ദേഹത്തോട് പറഞ്ഞു. നമുക്ക് ഇത് ചർച്ച ചെയ്യാം. ബിജെപി തങ്ങളോട് മോശമായിയിട്ടാണ് പെരുമാറിയിട്ടുള്ളത്. വാഗ്ദാനങ്ങൾ പാലിച്ചില്ല. വിമതരിൽ പലർക്കുമെതിരെ നിരവധി കേസുകളുണ്ട്. ബിജെപിക്കൊപ്പം പോയാൽ അവർ ശുദ്ധരാകും, നമ്മുടെ കൂടെനിന്നാൽ ജയിലിൽ പോകും. ഇത് സൗഹൃദത്തിന്റെ അടയാളമാണോ ?

‘ഒരു ശിവസേന പ്രവർത്തകൻ ബിജെപിക്കൊപ്പം പോകുകയാണെങ്കിൽ തീർച്ചയായും മുഖ്യമന്ത്രിയാകണം. എന്നാൽ ഉപമുഖ്യമന്ത്രിയാകാനാണ് ബിജെപിക്കൊപ്പം പോകുന്നതെങ്കിൽ എന്നോട് പറഞ്ഞാൽ മതി, ഞാൻ നിങ്ങളെ ഉപമുഖ്യമന്ത്രിയാക്കാം’ഷിൻ‍ഡെയുടെ പേര് പരാമർശിക്കാതെ ഉദ്ധവ് പറഞ്ഞു. പാർട്ടിയെ നയിക്കാൻ തനിക്ക് കഴിവില്ലെന്ന് സേനാ പ്രവർത്തകർക്ക് തോന്നിയാൽ അപ്പോൾ തന്നെ രാജിവെക്കും. ശിവസേനയ്ക്ക്‌ ഒരു പ്രത്യയശാസ്ത്രമുണ്ട്‌. ഹിന്ദുവോട്ട് ആരുമായും പങ്കിടാൻ ആഗ്രഹിക്കാത്തത് കൊണ്ട് ബിജെപി സേനയെ അവസാനിപ്പിക്കാനുള്ള ശ്രമം നടത്തികൊണ്ടിരിക്കും. ഹിന്ദുത്വ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ മാത്രമാണ് ബിജെപിയുമായി ബാൽതാക്കറെ സഖ്യമുണ്ടാക്കിയത്.

വിമതപക്ഷത്തിന് ബിജെപിയിൽ ചേരുകയല്ലാതെ മറ്റുവഴികളില്ല. അവർ ഒരു സർക്കാർ രൂപീകരിച്ചാലും അത് അധിക കാലം നിലനിൽക്കില്ല. കാരണം അവരിൽ പലരും സന്തുഷ്ടരല്ല. അടുത്ത തിരഞ്ഞെടുപ്പിൽ വിമതർക്ക് ജയിക്കാനാകില്ല. വിട്ടുപോകേണ്ടവർക്ക് സ്വതന്ത്രമായി പുറത്ത് പോകാം. പക്ഷ, താൻ ഒരു പുതിയ ശിവസേന സൃഷ്ടിക്കുമെന്നും താക്കറെ വ്യക്തമാക്കി.

വിമത നീക്കത്തിൽ മഹാരാഷ്ട്ര സർക്കാർ പ്രതിസന്ധിയിൽ നിൽക്കെ ശിവസേനയുടെ നിർണായ യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് ഉദ്ധവ് താക്കറെ ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റിയോഗം വിളിച്ചിട്ടുള്ളത്. കോവിഡ് ബാധിതനായതിനാൽ ഉദ്ധവ് താക്കറെ വീഡിയോ കോൺഫറൻസിലൂടെയാകും പങ്കെടുക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close