KERALANEWSTrending

ശങ്കു ടി ദാസിന് മുമ്പും അതേ സ്ഥലത്ത് സമാന അപകടം..! അന്ന് തിരിച്ചറിയാൻ പോലുമാകാതെ മരിച്ചത് ഒരു ബിജെപി നേതാവ്; എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ..? ചർച്ചയാകുന്ന ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ..

കോഴിക്കോട്: ബിജെപി നേതാവ് ശങ്കു ടി ദാസിന്റെ വാഹനാപകടവും അതിനെ ചൊല്ലിയുള്ള ചർച്ചകളും ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. സംഭവത്തിൽ പിന്നിൽ ദുരൂഹത ആരോപിച്ച് ഒരു വിഭാഗം രംഗത്തുണ്ട്. അതിനിടെയാണ് ഇപ്പോൾ ഒരു ഫേസ്ബുക്ക് കുറിപ്പ് കൂടി ചർച്ചയാകുന്നത്. പ്രഭാഷകനും, എഴുത്തുകാരനും, സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ കെ പി സുകുമാരൻ ആണ് ഈ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ചമ്രവട്ടം പാലത്തിൽ സമാനമായി നടന്ന ഒരു ബൈക്ക് അപകടത്തെ പറ്റിയുള്ള ഒരു പത്രവാർത്തയാണ് അദ്ദേഹം ഷെയർ ചെയ്തിരിക്കുന്നത്. തിരിച്ചറിയാൻ പോലും പറ്റാത്ത രീതിയിൽ മൃതദേഹം വികൃതമായിപ്പോയ ആ അപകടത്തിൽ മരിച്ചത് ഒരു ബിജെപി പ്രവർത്തകനാണ്.

കെ പി സുകുമാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ..

‘ശങ്കു ടി ദാസിന് അപകടം പറ്റുന്നതിനു മുൻപ് അതേ പ്രദേശത്ത് വെച്ച് നടന്ന മറ്റൊരു അപകടത്തിന്റെ വാർത്തയാണിത്. ഇത് പോലെ എത്ര അപകടങ്ങൾ നടക്കുന്നു. എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ?എന്തായാലും ശങ്കു ടി ദാസ് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശിക്കുന്നു. ഫേസ്‌ബുക്കിലും ക്ലബ് ഹൗസിലും ഞങ്ങൾ ബന്ധപ്പെടാറുണ്ടായിരുന്നു. പല കാര്യങ്ങളിലും വസ്തുനിഷ്ഠമായ വിലയിരുത്തലുകൾ നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിൽ ശങ്കുവിനെ പോലെ ജാഗ്രത പാലിക്കുന്ന വേറൊരാൾ എന്റെ അറിവിൽ ഇല്ല.”

പോസ്റ്റിനൊപ്പം ഷെയർ ചെയ്ത പത്ര വാർത്ത

‘ചമ്രവട്ടം പാലത്തിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു’ എന്ന തലക്കെട്ടിലുള്ള വാർത്ത ഇങ്ങനെയാണ്. ”ചമ്രവട്ടം പാലത്തിന് മുകളിലുണ്ടായ അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്ത യുവാവ് മരിച്ചു. പുതുപ്പള്ളി മഠത്തിൽപ്പടി കടവത്തുപറമ്പിൽ വിനോദ് (33) ആണ് തൽക്ഷണം മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം. ബൈക്കിലിടിച്ച വാഹനം നിർത്താതെ പോയി. നരിപ്പറമ്പിലെ സഹോദരിയുടെ വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്നു വിനോദ്. അപകടശേഷം അതുവഴി വന്ന സുഹൃത്തുക്കൾക്കുപോലും തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ ആയിരുന്നു മൃതദേഹം. പൊലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പുലർച്ചെയാണ് തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു. പരേതനായ സുബ്രമണ്യന്റെ മകനാണ്. ബിജെപി പുതുപ്പള്ളി ബൂത്ത് പ്രസിഡന്റാണ്”

ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുകയാണ്. അതേസമയം വാഹനാപകടത്തിൽ പരിക്കേറ്റ ബിജെപി നേതാവ് ശങ്കു ടി ദാസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു.

അതിതീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ശങ്കു ടി ദാസിന്റെ രക്തസമ്മർദ്ദം നിയന്ത്രണ വിധേയമായിട്ടില്ല. നിരന്തരമായ ശ്രദ്ധയും പരിചരണവും നൽകി കൊണ്ടിരിക്കുമ്പോഴും, അദ്ദേഹത്തിന്റെ ആരോഗ്യനില സങ്കീർണമായി തുടരുകയാണ്. രക്തസമ്മർദ്ദം കുറഞ്ഞ നിലയിൽ തുടരുന്നതിനാൽ, അദ്ദേഹത്തിന് ഐനോട്രോപിക് സപ്പോർട്ട് നൽകി. ശ്വാസ കോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ, ബ്രോങ്കോസ്‌കോപ്പിക്ക് വിധേയനാക്കുകയും, വെന്റിലേറ്റർ സപ്പോർട്ട് തുടരുകയും ചെയ്യുന്നുണ്ട്.

ഒന്നിലധികം അവയവങ്ങൾ പ്രവർത്തനരഹിതമായതിന്റെ ലക്ഷണങ്ങൾ കാണിച്ചതിനാലും, ബിപി കുറഞ്ഞ സാഹര്യം ആവർത്തിച്ചതിനാലും, സിടി സ്‌കാൻ വീണ്ടും ചെയ്ത് രക്തസ്രാവം ഇല്ലെന്ന് ഉറപ്പുവരുത്തി. അവയവങ്ങളുടെ പരാജയലക്ഷണം തുടരുന്നതിനാൽ, അദ്ദേഹത്തെ തുടർച്ചയായ റീനൽ റീപ്ലേസ്‌മെന്റ് തെറാപ്പിക്കും വിധേയനാക്കുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

റോഡപകടത്തെ തുടർന്ന് കരളിൽ രക്തസ്രാവവും, നിയന്ത്രണ വിധേയമല്ലാത്ത രക്തസമ്മർദ്ദവുമായി വെള്ള്ിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസ്രാവം തടയുന്നതിന് ഇന്നലെ അദ്ദേഹത്തെ ആൻജിയോ എംബൊളൈസേഷന് വിധേയമാക്കിയെന്നും ബുള്ളറ്റിനിൽ പറയുന്നു.

വ്യാഴാഴ്ച രാത്രി 11 മണിയോടെ തിരൂർ ചമ്രവട്ടം പാലത്തിന് സമീപത്ത് വച്ചാണ് അപകടം. ഓഫീസിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ ശങ്കു സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടം നടന്ന ഉടൻ നാട്ടുകാർ ശങ്കുവിനെ ഇമ്പിച്ചിബാവ ആശുപത്രിയിൽ എത്തിച്ചു. ഇവിടെനിന്ന് കോട്ടയ്ക്കൽ മിംസിലേക്ക് എത്തിച്ച് സ്‌കാനിങ് ഉൾപ്പെടെ പരിശോധനകൾ നടത്തി. പിന്നീട്, വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്കു മാറ്റി. ബാർ കൗൺസിൽ അംഗമായ ശങ്കു ടി ദാസ് തൃത്താലയിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു.

ശങ്കുവിന്റെ ആരോഗ്യനിലയെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരണവുമായി എത്തി. വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മിംസിൽ ചികിത്സയിൽ കഴിയുന്ന പ്രിയ സഹപ്രവർത്തകൻ ശങ്കുവിന്റെ ആരോഗ്യനില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ കാലത്തുമുതൽ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരുമായും ആശുപത്രി അധികൃതരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു.

സാധ്യമായ എല്ലാ ചികിത്സയും നൽകുന്നുണ്ടെന്നാണ് ഇന്നു കാലത്തും ഡോക്ടർമാർ പറയുന്നത്. അദ്ദേഹം എത്രയും വേഗം പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരാൻ എല്ലാവരുടേയും പ്രാർത്ഥനകളുണ്ടാവണം…-എന്ന് സുരേന്ദ്രൻ ഫെയ്സ് ബുക്കിൽ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close