KERALANEWSTrending

ഉടുമ്പ് നൗശാദും കത്തി നൗശാദും കാറിൽ കറങ്ങിയത് എയർ ഗണ്ണുമായി; കവർച്ച ലക്ഷ്യമിട്ട പ്രതികളെ ഓടിച്ചിട്ട് പിടിച്ച് പോലീസും; കാസർഗോഡ് യുവാക്കൾ പിടിയിലായതിങ്ങനെ..

കാസർഗോഡ്: കവർച്ച ലക്ഷ്യമിട്ട് എയർ ഗണ്ണുമായി കാറിൽ കറങ്ങിയ യുവാക്കൾ പോലീസിന്റെ പിടിയിൽ. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉടുമ്പ് നൗശാദ് (25), കത്തി നൗശാദ് (24) എന്നിവരാണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരും. ബദിയഡുക്ക പൊലീസ് ഇൻസ്‌പെക്ടർ അശ്വതിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പോലീസ് സംഘത്തിന്റെ മുന്നിൽ വന്നുപെട്ടതോടെ ഇരുവരും കാർ നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസുകാർ ഇവരെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഉടുമ്പ് നൗശാദിനെതിരെ വധശ്രമടക്കം നിരവധി കേസുകളും വാറന്റുകളും നിലവിലുള്ളതായി പൊലീസ് പറഞ്ഞു. കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയതിന് കത്തി നൗശാദിനെതിരെയും കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

ഗഫൂർ സ്കൂൾ ശുചിമുറിയിൽ കയറി ഒളിച്ചത് ആരും കാണാതെ; പിന്നാലെ വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക ഉപദ്രവവും; യുവാവ് പിടിയിലായതിങ്ങനെ..

ആലുവ: സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് പിടിയിൽ. പള്ളുരുത്തി എംഎ‍ൽഎ റോഡിൽ മംഗലത്ത് വീട്ടിൽ ഗഫൂർ (35) ആണ് പിടിയിലായത്. ചെങ്ങമനാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആളില്ലാത്ത സമയത്ത് സ്‌കൂൾ ശുചിമുറിയിൽ കയറി ഒളിച്ചിരുന്ന് ഇയാൾ വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

കഴിഞ്ഞ 20 ന് ആണ് സംഭവം. ആരും കാണാതെ ഇയാൾ കുട്ടികൾ ഉപയോഗിക്കുന്ന ശുചി മുറിയിൽ കയറി ഒളിച്ചിരുന്നാണ് കുട്ടികളെ ഉപദ്രവിച്ചത്. കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് ബൈക്കിൽ കയറി രക്ഷപ്പെട്ടു. പിന്നീട് ഒളിവിൽ പോയ ഇയാളെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പള്ളുരുത്തിയിൽ നിന്ന് പിടികൂടിയത്. എഴുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് അരൂർ സ്റ്റേഷനിൽ ഗഫൂറിനെതിരെ കേസുണ്ട്.

എസ്.എച്ച്.ഒ എസ്.എം.പ്രദീപ് കുമാർ, എസ്‌ഐമാരായ പി.ജെ.കുര്യാക്കോസ്, എസ്.ഷെഫിൻ, വി.എൽ.ആനന്ദ് ഏ.എസ്‌ഐ സിനുമോൻ, സി.പി.ഒ മാരായ ലിൻസൻ പൗലോസ്, ഷിബു അയ്യപ്പൻ, കൃഷ്ണരാജ്, കെ.പി സെബാസ്റ്റ്യൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കുവൈറ്റ് മനുഷ്യക്കടത്തിന്റെ ഇരയായ ഒരു യുവതിക്ക് കൂടി മോചനം

എറണാകുളം: അതിക്രൂര പീഡനങ്ങൾക്കൊടുവിൽ കുവൈത്ത് മനുഷ്യക്കടത്ത് സംഘത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു യുവതി കൂടി കൊച്ചിയിൽ എത്തി. ചെറായി സ്വദേശിനിയാണ് മടങ്ങിയെത്തിയത്. കുവൈത്തിൽ നേരിട്ടത് കൊടിയ പീഡനങ്ങളാണെന്ന് യുവതി . മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ടില്ല.

കുടുംബത്തെ കരകയറ്റാനും ജീവിതം കരുപ്പിടിപ്പിക്കാനുമായി ഏപ്രിൽ 14 നാണ് ചെറായി സ്വദേശിനിയായ യുവതി കുവൈറ്റിലേക്ക് പ്രതീക്ഷയുടെ വിമാനം കയറിയത്. പ്രവാസജീവിതത്തിന്റെ അർത്ഥതലങ്ങളിലൊന്ന് നേരിട്ടനുഭവിക്കാനായിരുന്നു ആ യാത്രയെന്ന് അവരറിഞ്ഞില്ല. കുട്ടികളെ നോക്കുന്ന ജോലി എന്ന നിലയിലാണ് കുവൈറ്റിലേക്ക് പോകുന്നത്. എന്നാൽ തുടർച്ചയായ മൂന്നുമാസം നേരിട്ടത് കൊടിയ പീഡനം.

യുവതി മാനസികമായും ശാരിരികമായും പീഢനങ്ങൾ അനുഭവിക്കുന്നതായി കുടുംബം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിരുന്നു. വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് എംബസി അധികൃതരുടെ ഇടപെടലിലൂടെ മോചനം സാധ്യമായത്. മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. നാട്ടിലെത്തിയാൽ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഏജന്റ് പറഞ്ഞു. തെളിവുകൾ പുറത്ത് പോകാതിരിക്കാൻ ഫോണിലെ മുഴുവൻ വിവരങ്ങളും നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചതായും യുവതി വ്യക്തമാക്കി. ജീവന് ഭീഷണി ഉള്ളതിനാൽ പരാതി നൽകുന്നില്ലെന്നാണ് കുടുംബം പറയുന്നത്.

അതേസമയം കുവൈത്ത് മനുഷ്യക്കടത്ത് കേസിൽ പ്രധാന പ്രതികളിലേക്ക് എത്താൻ പൊലീസിന് ഇനിയുമായിട്ടില്ല. മലയാളി യുവതികളെ കുവൈത്തിലെ അറബി കുടുംബങ്ങൾക്ക് വിൽപന നടത്തിയ മജീദിനെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ പോലും പൊലീസിന് ലഭിച്ചിട്ടില്ല. ജോലി വാഗ്‍ദാനം ചെയ്ത് യുവതികളെ കുവൈത്തിലെത്തിച്ച് വിൽപന നടത്തിയ കേസിൽ ഇതുവരെ പൊലീസ് പിടിയിലായത് പത്തനംതിട്ട സ്വദേശി അജുമോൻ മാത്രമാണ്. അജുമോനാണ് കേരളത്തിലെ റിക്രൂട്ടിംഗ് ഏജന്റ് എന്ന നിലയിൽ പ്രവർത്തിച്ചത്. എന്നാൽ അറബികളിൽ നിന്നും പണം വാങ്ങിയതും കുവൈത്തിൽ തങ്ങളെ ഭീഷണിപ്പെടുത്തിയതും മർദ്ദിച്ചതും തളിപ്പറമ്പ് സ്വദേശിയായ മജീദ് ആണെന്ന് യുവതികൾ വെളിപ്പെടുത്തിയിരുന്നു. രക്ഷപ്പെട്ട് നാട്ടിലെത്തിയിട്ടും ഭീഷണി തുടരുകയാണെന്നും കൂടുതൽ യുവതികൾ ഇപ്പോഴും രക്ഷപ്പെടാനാകാതെ കുവൈറ്റിലുണ്ടെന്നും കോട്ടയം സ്വദേശി വെളിപ്പെടുത്തിയിരുന്നു.

കുവൈത്തിലെ തൊഴിലുടമയിൽ നിന്നും രക്ഷപ്പെട്ടെത്തിയ കൊല്ലം പത്തനാപുരം സ്വദേശിനിയായ ആദിവാസി യുവതി നേരിട്ടതും ക്രൂര പീഡനമാണ്. ദിവസവും കഴിക്കാൻ നൽകിയിരുന്നത് ഒരു കുബ്ബൂസ് മാത്രമാണ്. തൊഴിലുടമ പതിവായി മർദിച്ചിരുന്നതായും രക്ഷപെടാൻ ശ്രമിച്ചാൽ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.

പത്ത് വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ച് പോയതോടെ കുടുംബഭാരം ചുമലിലേറ്റിയതാണ് ശാലിനി. പകുതിക്കിട്ട വീട് പണി തീർക്കണം. രണ്ടു മക്കളേയും പഠിപ്പിക്കണം. അങ്ങനെ കടം വാങ്ങിയ പണം നൽകി, കുറേയേറെ സ്വപ്നങ്ങളുമായാണ് ശാലിനി കുവൈത്തിലേക്ക് വിമാനം കയറിയത്. കുളത്തൂപ്പുഴ സ്വദേശി മേരിയാണ് ക്ലീനിംഗ് സ്റ്റാഫ് എന്ന പേരിൽ ഗൾഫിലെത്തിച്ചത്. പക്ഷേ ചെന്നയുടൻ ലൈംഗിക തൊഴിലാളിയാകാൻ മേരി നിർബന്ധിക്കുകയായിരുന്നുവെന്ന് ശാലിന് പറഞ്ഞു.

യുവതി വഴങ്ങാൻ വിസമ്മതിച്ചതോടെ തൊഴിലുടമയായ അറബിയും മേരിയും ചേർന്ന് ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. കഴിക്കാൻ ദിവസവും നൽകിയത് ആകെ ഒരു കുബ്ബൂസ് മാത്രം. ദുരിതജീവിതം വീട്ടിൽ വിളിച്ചു പറഞ്ഞതോടെ കള്ളക്കേസിൽ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി ശാലിനി വെളിപ്പെടുത്തുന്നു.

നോർക്കാ റൂട്ട്‍സിന്റെയും രാഷ്ട്രീയ നേതാക്കളുടേയും ഇടപെടലുകളിലൂടെയാണ് മോചനമുണ്ടായത്. നാട്ടിലെത്തിയ ഉടൻ ശാലിനി മേരിക്കെതിരെ പത്തനാപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. താൻ ജോലി ചെയ്തിടത്ത് തമിഴ്നാട്ടിൽ നിന്നുള്ള ഒരു സ്ത്രീയും രക്ഷപ്പെടാനാകാതെ കിടക്കുകയാണെന്നും ശാലിനി പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close