
പത്തനംതിട്ട: ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ അധ്യാപിക മരിച്ചു. കോട്ടയം മേലുകാവ് എഴുയിനിക്കൽ വീട്ടിൽ ജിൻസി (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നാഗർകോവിൽ കോട്ടയം എക്സ്പ്രസിൽ നിന്നും വീണാണ് പരിക്കേറ്റത്. വർക്കല വെട്ടൂർ ജിഎച്ച്എസ് അധ്യാപിക ആയിരുന്നു.
തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടമുണ്ടായത്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ് ഫോമിൽ തലയിടിച്ചു വീഴുകയായിരുന്നു. നാഗർകോവിലിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ട്രെയിനിലെ യാത്രക്കാരിയായിരുന്നു ജിൻസി. കുടുംബംഗങ്ങൾ ജിൻസിയെ സ്വീകരിക്കാൻ തിരുവല്ലയിൽ എത്തി ചേർന്നിരുന്നു. ബാഗുകൾ എല്ലാം ഇറക്കി ബന്ധുക്കളെ ഏൽപ്പിച്ച് വീണ്ടും സീറ്റിൽ എത്തി പരിശോധന നടത്തി ഇറങ്ങവെ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെട്ടു.
ഇതു കണ്ട് പരിഭ്രമിച്ച ജിൻസി ഇതിനു പിന്നാലെ പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി പ്ലാറ്റ് ഫോമിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ബന്ധുക്കളും മറ്റ് യാത്രക്കാരും ചേർന്ന് ജിൻസിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.