എകെജി സെന്ററിന് നേരെ ആദ്യ ബോംബാക്രമണം നടന്നത് 1983ൽ; 91ൽ വെടിവെപ്പുണ്ടായത് പോലീസിന്റെ വക; മൂന്നാം ആക്രമണം അക്രമി ഒറ്റയ്ക്കെത്തി ബോംബെറിഞ്ഞും; സിപിഎമ്മിന്റെ ഭരണകാലത്തുണ്ടായ അക്രമത്തോടെ ചർച്ചയാകുന്ന എകെജി സെന്ററിന്റെ ചരിത്രം ഇങ്ങനെ..

തിരുവനന്തപുരം: മൂന്നാം തവണയാണ് സിപി എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന് നേരെ ആക്രമണം ഉണ്ടാകുന്നത്. ആദ്യ രണ്ട് അതിക്രമങ്ങളും നടന്നത് കോൺഗ്രസ് ഭരണകാലത്താണെങ്കിൽ സിപിഎം ഭരിക്കുമ്പോൾ തന്നെ ആക്രമണം ഉണ്ടായി എന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. ഇത്തവണത്തെ ആക്രമവും കോൺഗ്രസാണ് നടത്തിയതെന്നാണ് സിപിഎം ആരോപിക്കുന്നത്. മതിയായ സുരക്ഷ എകെജി സെന്ററിനുണ്ടായിരുന്നിട്ടും അക്രമി ഒറ്റയ്ക്കെത്തി ബോംബെറിയുകയായിരുന്നു.
ആദ്യ രണ്ട് അക്രമങ്ങൾ നടക്കുമ്പോഴും കെ കരുണാകരനായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി. 1983 ഒക്ടോബറിൽ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം നടക്കുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ എ കെ ജി സെന്റർ ആക്രമിച്ചത്. പാളയത്തെ എംഎൽഎ ക്വാർട്ടേഴ്സിൽനിന്ന് പ്രകടനമായെത്തിയ കോൺഗ്രസ് പ്രവർത്തകരായിരുന്നു അന്ന് ബോംബെറിഞ്ഞത് എന്നായിരുന്നു ആരോപണം. അന്ന് കോൺഗ്രസായിരുന്നു കേരളം ഭരിച്ചിരുന്നത്. കെ കരുണാകരനായിരുന്നു മുഖ്യമന്ത്രി. അന്ന് കോൺഗ്രസ് രണ്ടു വിഭാഗമായിരുന്നു. ഇന്ദിരാ കോൺഗ്രസിൽ കരുണാകരനും മറ്റേ ഗ്രൂപ്പിനെ നയിച്ചത് ആന്റണിയും.
1983 ഒക്ടോബർ 31 നായിരുന്നു സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് കോൺഗ്രസ് (ഇന്ദിര)-കെഎസ്യു പ്രവർത്തകർ ബോംബെറിഞ്ഞത്. സംസ്ഥാന സെക്രട്ടറിയറ്റ് യോഗം നടക്കവെ പകൽ 12നാണ് കോൺഗ്രസ് അക്രമികൾ ബോംബെറിഞ്ഞത്. ഒന്നല്ല, നിരവധി തവണ. എട്ടെണ്ണം എ കെ ജി സെന്ററിന്റെ മതിലിൽ തട്ടി പൊട്ടിത്തെറിച്ചു. നാലെണ്ണം പൊട്ടാതെ പൊലീസ് കണ്ടെടുത്തു. ബോംബ് കൊണ്ടുവന്ന ഭരണി റോഡരികിലെ പോസ്റ്റിന് സമീപത്തുനിന്ന് കണ്ടെടുത്തു.
മുതിർന്ന നേതാക്കളെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്തായിരുന്നു ആക്രമണം എന്ന് സിപിഎം അന്ന് ആരോപിച്ചു. എംഎൽഎ ഹോസ്റ്റലിൽനിന്ന് മുദ്രാവാക്യം വിളിക്കാതെ പ്രകടനമായി എത്തിയ അക്രമികൾ സ്പെൻസർ ജങ്ഷനിലേക്ക് കടന്നയുടൻ തിരിഞ്ഞുവന്നാണ് തുരുതുരാ ബോംബെറിഞ്ഞതെന്നായിരുന്നു ആക്ഷേപം. ബോംബെറിഞ്ഞശേഷം ഓടി രക്ഷപ്പെട്ട അക്രമികൾ അഭയംതേടിയതും കോൺഗ്രസ് എംഎൽഎമാരായ രമേശ്ചെന്നിത്തലയുടെയും ബെന്നിബഹനാന്റെയും മുറിയിലായിരുന്നു. അക്രമികൾക്ക് പിന്നാലെ ഓടിയ എകെജി സെന്റർ ഓഫീസ് ജീവനക്കാർക്ക് എംഎൽഎ ഹോസ്റ്റലിലെ റിസപ്ഷനിൽവച്ച് രണ്ടുപേരെ പിടികൂടാനായി. ഇവർ നൽകിയ വിവരമനുസരിച്ച് മുറിയിൽ കയറി വാതിലടച്ച പ്രതികൾ പിടിയിലായി.
അന്നത്തെ കെഎസ്യു(ഇ) ജില്ലാ സെക്രട്ടറി രവികുമാർ, വൈസ്പ്രസിഡന്റ് വേലപ്പൻ നായർ, തിരുവനന്തപുരം സിറ്റി ജനറൽ സെക്രട്ടറി ഉദയകുമാർ, എംജി കോളേജിലെ ബഷീർ, പ്രിയൻ, ഉണ്ണിക്കൃഷ്ണൻ, മണികണ്ഠൻ എന്നിവരെ ബെന്നിബഹനാന്റെ മുറിയിൽനിന്നും മോഹനൻ, ഷാജി, സേതുബാലൻ എന്നിവരെ രമേശ് ചെന്നിത്തലയുടെ മുറിയിൽനിന്നുമാണ് അറസ്റ്റ് ചെയ്തതെന്നാണ് ദേശാഭിമാനി രണ്ടു ദിവസം മുമ്പ് വാർത്ത നൽകിയത്.
1991ൽ എ കെ ജി സെന്ററിന് മുന്നിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചത് പൊലീസായിരുന്നു എന്നാണ് സിപിഎം പറയുന്നത്. പാർട്ടി നേതാക്കളെല്ലാം സെന്ററിനുള്ളിലുള്ളപ്പോൾ പൊലീസ് എ കെ ജി സെന്ററിന് നേരെ വെടിയുതിർത്തു. അക്രമത്തെ തള്ളിപ്പറയാൻ പോലും അന്ന് കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. 1983ലെ ആക്രമണത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ആക്രമണം നടന്നിരിക്കുന്നതെന്ന് സിപിഎം പറയുന്നു.
പ്രതികളെ പെട്ടെന്ന് തന്നെ പിടികൂടാൻ സാധിക്കുമെന്ന് എഡിജിപി വിജയ് സാഖറെ
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിലെ പ്രതിയെ കുറിച്ച് വിവരങ്ങൾ ലഭിച്ചെന്ന് പൊലീസ്. അക്രമിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചെന്നും പെട്ടെന്ന് തന്നെ പിടികൂടാൻ സാധിക്കുമെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. ഒരാൾ മാത്രമാണ് അക്രമം നടത്തിയത് പൊലീസ് പല സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അക്രമി ഒരാൾ മാത്രമാണെന്നാണ് സിസിടിവി ദൃശ്യത്തിൽനിന്ന് വ്യക്തമാകുന്നത് . കൂടുതൽ ആളുകൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും ബാക്കി കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അക്രമിയുടെ സഞ്ചാരപാതയുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അക്രമി ലോ കോളേജിന് സമീപത്തുള്ള വഴിയിൽ കൂടി പോകുന്നതിന്റെ ദൃശ്യമാണ് തൊട്ടടുത്തുള്ള വീട്ടിൽ നിന്ന് ലഭിച്ചത്. ഇതോടെ അക്രമി സഞ്ചരിച്ച വഴി ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്.
സംഭവത്തിൽ കമ്മീഷണറും എഡിജിപിയും ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നേരിട്ടാണ് പരിശോധനകൾ നടത്തുന്നത്. പുതിയ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയാണ്. എകെജി സെന്ററിനു നേർക്ക് സ്ഫോടകവസ്തു എറിഞ്ഞ ശേഷം അക്രമി കുന്നുകുഴി ജങ്ഷനിൽ എത്തി ശേഷം ലോ കോളേജ് ഭാഗത്തേക്ക് പോയി എന്ന സൂചന നൽകുന്ന പുതിയ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. വരമ്പശ്ശേരി ജങ്ഷനിലെ വീട്ടിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് ഇത്.
സംഭവവുമായി ബന്ധപ്പെട്ട് സ്കൂട്ടറിലെത്തിയ അജ്ഞാതനായ വ്യക്തിയുടെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐപിസി സെക്ഷൻ 436, സ്ഫോടകവസ്തു നിരോധന നിയമം 3 (എ) എന്നിവ പ്രകാരമാണ് കേസ്. സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ സംഭവത്തേക്കുറിച്ച് അന്വേഷിക്കുന്നത്.
ബുധനാഴ്ച രാത്രി 11.25 ഓടെ കുന്നുകുഴി ഭാഗത്തുനിന്ന് ഇരുചക്ര വാഹനത്തിലെത്തിയ ആളാണ് സ്ഫോടകവസ്തു എറിഞ്ഞത്. എ.കെ.ജി. സെന്ററിന്റെ മുഖ്യകവാടത്തിനു സമീപമുള്ള എ.കെ.ജി. ഹാളിന്റെ ഗേറ്റിലൂടെയാണ് സ്ഫോടകവസ്തു അകത്തേക്കെറിഞ്ഞത്. ഇരുചക്ര വാഹനത്തിലെത്തിയയാൾ ആദ്യം പരിസരമെല്ലാം നോക്കിയ ശേഷം കൈയിൽ കരുതിയിരുന്ന സ്ഫോടകവസ്തു മതിലിന്റെ ഭിത്തിയിലേക്ക് എറിയുകയായിരുന്നു. പുക ഉയരുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീട് ഇയാൾ വേഗം വണ്ടിയോടിച്ച് കുന്നുകുഴി ഭാഗത്തേക്ക് തിരിച്ചുപോകുകയായിരുന്നു.