KERALANEWSTrending

തിരുവല്ല വരെ അമ്മയോട് സംസാരിച്ചിരുന്ന ടീച്ചർ ഒരിക്കലും അത്മഹത്യ ചെയ്യില്ലെന്ന് സഹയാത്രികർ; ജിൻസി പുറത്തേക്ക് തെറിച്ചുവീണത് ഒരാൾ ലേഡീസ് കംപാർട്മെന്റിലേക്ക് കയറിയതിന് പിന്നാലെയും; അധ്യാപിക ട്രെയിനിൽ നിന്ന് വീണ് മരിച്ചതിന് പിന്നിൽ അടിമുടി ദുരൂഹത

കോട്ടയം: ട്രെയിനിൽ നിന്ന് അധ്യാപിക വീണ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത തുടരുന്നു. ജിൻസി ടീച്ചർ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് സഹപ്രവർത്തകരും സഹയാത്രികരും പറയുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് ട്രെയിനിൽ നിന്നു തെറിച്ചു വീണ് വെട്ടൂർ ഗവ.എച്ച്എസ്എസിലെ ഹൈസ്‌കൂൾ വിഭാഗം അധ്യാപിക പാലാ മേലുകാവ് മറ്റം കട്ടിപുരയ്ക്കൽ ജിൻസി ജോണിന് സാരമായി പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്.

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെ ആയിരുന്നു സംഭവം. നാഗർകോവിലിൽനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന തീവണ്ടിയിലെ യാത്രക്കാരിയായിരുന്നു ജിൻസി. തിരുവല്ല കഴിഞ്ഞപ്പോൾ ട്രെയിൻ ബോഗിയിൽ ജിൻസി തനിച്ചായിരുന്നുവെന്നും പ്ലാറ്റ്‌ഫോമിൽ അലക്ഷ്യമായി നടന്ന ഒരാൾ ട്രെയിനിലേക്ക് ചാടിക്കയറുന്നതു ഇതേ കോച്ചിൽ നിന്നു പ്ലാറ്റ്‌ഫോമിലേക്കു ഇറങ്ങിയ മറ്റൊരു യാത്രക്കാരിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ട്രെയിനിന്റെ അവസാന ബോഗി പ്ലാറ്റ്‌ഫോം കടക്കുന്നതിന് തൊട്ടുമുൻപായി ജിൻസി പുറത്തേക്ക് തെറിച്ചു വീഴുന്നത്. ഇക്കാര്യം പൊലീസിനെ അറിയിച്ചപ്പോൾ അത് റെയിൽവെ പൊലീസിന്റെ അധികാരപരിധിയിലാണെന്നാണ് മറുപടി ലഭിച്ചതെന്ന് യാത്രക്കാർ പറയുന്നു.

തിരുവല്ലവരെ ടീച്ചർ അമ്മയോട് 15 മിനിറ്റിലേറെ സംസാരിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന യാത്രക്കാർ പറയുന്നു. അടുത്തദിവസം അമ്മയെ സന്ദർശിക്കുമെന്ന് അവർ ഫോണിൽ പറയുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഒരാൾ ഒരിക്കലും ഇത് ചെയ്യില്ല. കമ്പാർട്ടുമെന്റിനുള്ളിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചിരിക്കാമെന്നാണ് ഇവർ പറയുന്നത്.

വീഴ്ചയിൽ തലയുടെ പിൻഭാഗം ഇടിച്ചു വീണതിനാൽ നില ഗുരുതരമായി വെന്റിലേറ്ററിൽ തുടരുന്നതിനിടെ ബുധനാഴ്ച വൈകിട്ടോടെ മരിച്ചു. അഞ്ചു വർഷമായി വെട്ടൂർ സ്‌കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപികയായി ജോലി ചെയ്ത ജിൻസി കുറച്ചു മാസം മുൻപ് വരെ വർക്കല റെയിൽവേ സ്റ്റേഷന് സമീപം വീട് വാടകയ്‌ക്കെടുത്താണ് രണ്ടു മക്കൾക്കൊപ്പം താമസിച്ചിരുന്നത്.

ഏതാനും മാസങ്ങൾക്ക് മുൻപ് പാലാ മേലുകാവിൽ വീട് വാങ്ങിയെങ്കിലും യാത്രാസൗകര്യം കണക്കിലെടുത്തു റെയിൽവേയിൽ ജോലിയുള്ള ഭർത്താവ് ജെയിംസിന്റെ കോട്ടയത്തെ റെയിൽവേ ക്വാർട്ടേഴ്‌സിലാണു ഇപ്പോൾ താമസിക്കുന്നത്. എല്ലാദിവസവും കോട്ടയത്ത് നിന്നു ട്രെയിനിൽ വന്നു പോകവേ ഉണ്ടായ ജിൻസിയുടെ ദാരുണമായ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യമാണ് സഹപ്രവർത്തകർ ഉന്നയിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close