
തിരുവനന്തപുരം: വിവാദപരാമർശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞവർഷത്തെ എസ്എസ്എൽസി ഫലം തമാശയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷമാണ് എ പ്ലസിന്റെ നിലവാരം വീണ്ടെടുത്തതെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസമന്ത്രിയുടെ വിവാദ പരാമർശം ഇങ്ങനെ- ‘കഴിഞ്ഞവർഷത്തെ എസ്എസ്എൽസി ഫലം തമാശയായിരുന്നു. ഒന്നേകാൽ ലക്ഷം വിദ്യാർഥികൾക്ക് എ പ്ലസ് കിട്ടിയത് ദേശീയ തലത്തിൽ തമാശയായിരുന്നു. ഈ വർഷമാണ് എ പ്ലസിന്റെ നിലവാരം വീണ്ടെടുത്തത്’
1,25,509 പേരാണ് കഴിഞ്ഞവർഷം എ പ്ലസ് ഗ്രേഡ് നേടിയത്. ഈ വർഷം മൂന്നിലൊന്നായി കുറഞ്ഞു. 44,363 വിദ്യാർഥികളാണ് ഈ വർഷം എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയത്.
വില്ലേജ് ഓഫീസിൽ രതീഷ് നടത്തിയത് ലക്ഷങ്ങളുടെ തിരിമറി; തട്ടിയെടുത്തത് നികുതിയിനത്തിൽ കിട്ടിയ ലക്ഷങ്ങളും; വില്ലേജ് അസിസ്റ്റന്റ് പിടിയിൽ
തിരുവനന്തപുരം: വില്ലേജ് ഓഫീസിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് അറസ്റ്റിൽ. വിഴിഞ്ഞം വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് ആയ ബി.കെ.രതീഷ് ആണ് പിടിയിലായത്. ഇയാൾ ഒളിവിലായിരുന്നു.
കെട്ടിട നികുതി ഇനത്തിൽ കിട്ടിയ 6,30,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. തഹസിൽദാർ നടത്തിയ പരിശോധനയിൽ ക്യാൻസൽ ചെയ്ത രസീതുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. ഒറ്റത്തവണ കെട്ടിട നികുതി അടയ്ക്കാൻ വരുന്ന ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങി രസീത് നൽകുകയും അതിന് ശേഷം ഓൺലൈനായി രസീത് ക്യാൻസൽ ചെയ്ത് തട്ടിപ്പ് നടത്തുന്നതായിരുന്നു ഇയാളുടെ രീതി.
ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടർന്ന് രതീഷിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. 57 പേരുടെ നികുതിയാണ് ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. രതീഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഊരൂട്ടമ്പലം പോപ്പുലർ ജംഗ്ഷനിലെ വീട്ടിൽ നിന്നും രതീഷിനെ പിടികൂടുകയായിരുന്നു.
മൂന്നു ദിവസത്തെ സേവനത്തിനിടെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് കോഴയായി കിട്ടിയത് അരലക്ഷം രൂപയിലേറെ
നിലമ്പൂർ: അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കണക്കിൽപ്പെടാത്ത പണവുമായി പിടിയിൽ. ആലപ്പുഴ കോമല്ലൂർ കരിമുളക്കൽ ഷഫീസ് മൻസിലിൽ ബി. ഷഫീസാണ് 50, 670 രൂപയുമായി പിടിയിലായത്. ഏജന്റായ വഴിക്കടവ് പുതിയകത്ത് ജുനൈദും (ബാപ്പുട്ടി) വിജിലൻസിന്റെ പിടിയിലായി. ഡിവൈഎസ്പി ഫിറോസ് എം.ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്.
വഴിക്കടവ് ചെക്ക് പോസ്റ്റിൽ 3 ദിവസത്തെ സേവനം കഴിഞ്ഞ് ഷഫീസ് നാട്ടിലേക്ക് പോകാൻ നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ രാവിലെ ഏഴിനാണ് സംഭവം. മൊഴിയെടുക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇൻസ്പെക്ടറെ വിജിലൻസ് ഉദ്യോഗസ്ഥർ നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വഴിക്കടവിൽനിന്ന് കാറിൽ പുറപ്പെട്ടപ്പോൾ തന്നെ ഇരുവരും വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. ഷഫീസിന്റെ ഭാര്യയുടെ പേരിലുള്ള കാർ ഓടിച്ചത് ജുനൈദാണ്. പരിശോധനകൾ ഭയന്ന് ദിവസേന ഇടയ്ക്കിടെ കോഴപ്പണം ഏജന്റുമാരെ ഏൽപ്പിക്കുകയും ഉദ്യോഗസ്ഥർ വീട്ടിൽ പോകുമ്പോൾ കൈമാറുകയും ചെയ്യുന്നതാണ് ചെക്ക് പോസ്റ്റിലെ രീതിയെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു. ഷഫീസിനെ പിന്നീട് വണ്ടൂർ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡിവൈഎസ്പി, എസ്ഐമാരായ പി.മോഹൻദാസ്, പി.പി.ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ ചെക്ക് പോസ്റ്റിൽ പരിശോധന തുടരുകയാണ്.