Breaking NewsINDIANEWSTrending

ബൈക്കിന് മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിക്കുന്ന നമ്പർ തന്നെ വാശിപിടിച്ച് വാങ്ങി; ഇതിനായി 5000 രൂപ അധികവും കൊടുത്തു; റിയാസ് പാകിസ്താനിലേക്ക് വിളിച്ചതിന്റെ തെളിവുകളും പുറത്ത്; ഉദയ്പുർ അക്രമികളുടെ ലക്ഷ്യമെന്ത്..? പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ജയ്പുർ: ഉദയ്പൂരിൽ തയ്യൽക്കടക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൊലപാതകികൾ സഞ്ചരിച്ച ബൈക്കിന്റെ പ്രത്യേകത വെളിപ്പെടുത്തിയാണ് പോലീസ് രംഗത്തെത്തിയത്. മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിക്കുന്ന ‘26/11’ന് തുല്യമായ നമ്പറാണ് ഇവരുടെ ബൈക്കിന്റേത്. അറസ്റ്റിലായ റിയാസ് അഖ്താരി തന്റെ ബൈക്കിനു ഈ നമ്പർ മനഃപൂർവം വാങ്ങിയതായാണ് പൊലീസിന്റെ കണ്ടെത്തൽ. 2611 എന്ന നമ്പറിന് വേണ്ടി റിയാസ് വാശിപിടിച്ചെന്നും നമ്പർ പ്ലേറ്റിനായി 5000 രൂപ അധികം മുടക്കിയെന്നും പൊലീസ് പറയുന്നു.

കനയ്യ ലാലിനെ കൊന്നശേഷം ഗൗസ് മുഹമ്മദും റിയാസ് അഖ്താരിയും ഈ ബൈക്കിലാണു രക്ഷപ്പെട്ടത്. RJ 27 AS 2611 എന്നാണ് ബൈക്കിന്റെ റജിസ്ട്രേഷൻ നമ്പർ. നിലവിൽ ഉദയ്‌പുരിലെ ധൻമണ്ഡി സ്റ്റേഷനിലാണ് ബൈക്കുള്ളത്. ഈ നമ്പറിനായി റിയാസ് നിർബന്ധംപിടിച്ചെന്നും 5,000 രൂപ അധികമായി അടച്ചെന്നുമാണു പൊലീസ് പറയുന്നത്. അക്രമണവുമായി ബന്ധപ്പെട്ട നിർണായക സൂചനകൾ ഈ നമ്പരുമായി ബന്ധപ്പെട്ടു ലഭിക്കുമെന്നാണു പൊലീസിന്റെ കണക്കുകൂട്ടലെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

2014ൽ റിയാസ് നേപ്പാൾ സന്ദർശിച്ചതായി പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്. പാക്കിസ്ഥാനിലേക്ക് ഇയാൾ ഫോൺ വിളിച്ചതിന്റെ തെളിവുകളും ലഭ്യമായി. 2014ന് മുൻപും ശേഷവുമായി റിയാസിന്റെ ചിന്തകളിൽ എന്തുമാറ്റമാണ് ഉണ്ടായതെന്നു മനസ്സിലാക്കാനുള്ള തുമ്പായി ബൈക്ക് നമ്പർ മാറുമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. 2013ൽ വായ്പയെടുത്താണ് ഇയാൾ ബൈക്ക് വാങ്ങിയത്. 2014 മാർച്ചിൽ ബൈക്കിന്റെ ഇൻഷുറൻസ് കാലാവധി അവസാനിച്ചിരുന്നു.

അതേസമയം, അറസ്റ്റിലായവർക്കു ഭീകര സംഘടനകളുമായി നേരിട്ടു ബന്ധമുള്ളതായി ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കി. ഐഎസ് ഉൾപ്പെടെയുള്ള ഭീകര സംഘടനകളെ പിന്തുടർന്ന് ഭീകരപ്രവർത്തനത്തിനിറങ്ങിയ സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണു പ്രാഥമിക നിഗമനം. ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരെ എൻഐഎ ഐജിയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണു ചോദ്യം ചെയ്യുന്നത്.

ഗോസിനെയും റിയാസിനെയും, ഉദയ്പൂരിൽ നിന്ന് 45 കിലോമീറ്റർ അകലെ രാജ്‌സ്മന്ദ് ജില്ലയിലെ പൊലീസ് ബാരിക്കേഡിൽ വച്ചാണ് പിടികൂടിയത്. ആർടിഒ രേഖകൾ പ്രകാരം, റിയാസ് അഖ്താരി, 2013 ൽ എച്ഡിഎഫ്‌സി ബാങ്കിൽ നിന്ന് വായ്പ എടുത്താണ് ബൈ്ക്ക് വാങ്ങിയത്. 2014 മാർച്ചിൽ ബൈക്കിന്റെ ഇൻഷുറൻസ് കാലാവധി അവസാനിച്ചെങ്കിലും പുതുക്കിയിരുന്നില്ല.

കൊലപാതകത്തെ കുറിച്ച് പ്രത്യേക സംഘം നടത്തുന്ന അന്വേഷണത്തിൽ പ്രതികൾക്ക് പാക് തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. ഇതിൽ കൂടുതൽ തെളിവ് കണ്ടെത്താനാണ് രാജസ്ഥാൻ പൊലീസും എൻഐഎയും ശ്രമിക്കുന്നത്. അറസ്റ്റിലായ റിയാസിന് പാക് സംഘടനയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. ഇയാളുടെ ഫോണിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഉദയ്പുരിലെ തിരക്കേറിയ മാർക്കറ്റിലുള്ള തന്റെ കടയിൽ വെച്ച് ചൊവ്വാഴ്ച ഉച്ചയോടെയാണ് കനയ്യലാൽ കൊല്ലപ്പെട്ടത്. ചാനൽ ചർച്ചയിൽ പ്രവാചകനിന്ദ നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ അനുകൂലിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതിനാണ് കനയ്യലാലിനെ കഴുത്തറുത്തുകൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

കനയ്യലാലിന്റെ തയ്യൽക്കടയിൽ തുണി തയ്‌പ്പിക്കാൻ അളവെടുക്കാനെന്ന വ്യാജേനയെത്തിയ പ്രതികൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പ്രതികൾ ഭീഷണി മുഴക്കിയിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രാജസ്മന്ത് ജില്ലയിലെ ഭീം എന്ന പ്രദേശത്ത് വെച്ച് രാത്രിയോടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

രണ്ട് പേർ കൂടി അറസ്റ്റിൽ; പിടിയിലായത് ഗൂഢാലോചനയിൽ പങ്കെടുത്തവർ

ഉദയ്പൂരിൽ കനയ്യലാലിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായത്. പൊലീസിനെതിരെ വിമർശനം ഉയർന്ന പശ്ചാത്തലത്തി ഐ.ജിയും എസ്പിയും ഉൾപ്പെടെ 32 പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

കൊലപാതകം നടത്തിയവരെ ചോദ്യംചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ കൂടി രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഏഴുപേരെ ചോദ്യംചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം കനയ്യലാൽ സുരക്ഷാ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിട്ടും സുരക്ഷാ നൽകാതിരുന്നതിനാലാണ് ഉദയ്പൂർ എസ്പിയെയും ഐജിയെയും ഉൾപ്പെടെ 31 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.

പ്രഫുൽ കുമാറിനെ ഉദയ്പൂർ റേഞ്ച് ഐജിയായും വികാസ് ശർമയെ എസ്പിയാകും നിയമിച്ചു. അറസ്റ്റിലായ മുഖ്യപ്രതികളെ തിരിച്ചറിയൽ പരേഡിനായി കോടതി ജൂലൈ 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അജ്മീറിലെ അതിസുരക്ഷാ ജയിലിലാണ് ഇരുവരും. കൊലപാതകത്തിൽ അറസ്റ്റിലായവർക്ക് തീവ്രവാദ സംഘടനയുമായി ബന്ധമില്ലെന്നും ബന്ധമുണ്ടെന്ന വാർത്ത ഊഹാപോഹം മാത്രമാണെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു.

പ്രവാചകനെതിരെ പരാമർശം നടത്തിയ ബി.ജെ.പി മുൻ വക്താവ് നുപൂർ ശർമയെ പിന്തുണച്ചു പോസ്റ്റിട്ടുവെന്നാരോപിച്ചാണ് തയ്യൽക്കാരനായ കനയ്യലാലിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. റിയാസ് അഖ്താരി, ഗൗസ് മുഹമ്മദ് എന്നിവരാണ് പിടിയിലായ മുഖ്യപ്രതികൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close