
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്ന് നടി കോടതിയിൽ. കാർഡ് പരിശോധിച്ചില്ലെങ്കിൽ നീതി ഉറപ്പാകില്ലെന്ന് നടി കോടതിയെ ധരിപ്പിച്ചു. നടിയുടെ ആവശ്യം വിചാരണ വൈകിപ്പിക്കാനാണെന്ന് ദിലീപ് വാദിച്ചു. മെമ്മറി കാർഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജിയിൽ വാദം പൂർത്തിയാക്കി ഹൈക്കോടതി വിധി പറയാൻ മാറ്റി.
കേസിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് പ്രോസിക്യൂഷന് ഹൈക്കോടതി മുന്നറിയിപ്പും നൽകി. അന്വേഷണം വൈകുന്നത് പ്രോസിക്യൂഷന്റെ വീഴ്ചയായി കണക്കാക്കുമെന്ന് കോടതി വിലയിരുത്തി. മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹർജിയിലാണ് ഇന്ന് അന്തിമ വാദം നടന്നത്. മെമ്മറി കാർഡിൽ കൃത്രിമം നടന്നോ എന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വിചാരണയിൽ ഇത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രോസിക്യൂഷന്റെ വാദത്തെ അനുകൂലിക്കുന്ന നിലപാടാണ് നടി സ്വീകരിച്ചത്.
മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന ആവശ്യം നിരാകരിച്ച വിചാരണ കോടതി നടപടി പുനഃപരിശോധിക്കണമെന്നും നടി ആവശ്യപ്പെട്ടു. തുടരന്വേഷണത്തിൽ അത്തരത്തിൽ ഇടപെടാൻ കോടതിക്ക് കഴിയില്ലെന്നും നടി പറഞ്ഞു. ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി നൽകിയാൽ മൂന്ന് ദിവസത്തിനകം പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
ദിലീപിന് ആശ്വാസം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വിചാരണക്കോടതി. കേസില്‍ വിചാരണക്കോടതിയെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വാദം എന്ത് അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന് ഉന്നയിക്കുന്നതെന്നും ജഡ്ജി ഹണി എം വര്‍ഗീസ് ചോദിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ടു പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിന്യായത്തിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
പ്രോസിക്യൂഷന്റെ ആരോപണത്തിന് ഈ ഘട്ടത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. സാക്ഷികളായ വിപിന്‍ ലാല്‍, ജിന്സണ്, സാഗര്‍ വിന്‍സന്റ്, ശരത് ബാബു, ഡോ. ഹൈദരാലി, ദാസന് എന്നിവരെ ദിലീപ് സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന് ആരോപിക്കുന്നത്. വിപിന്‍ ലാല്‍, ജിന്സണ് എന്നിവരുടെ കേസ് മറ്റൊരു ഹര്‍ജിയുടെ ഭാഗമായി പരിഗണിച്ചു തള്ളിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ പണം നല്‍കിയെന്ന് സാക്ഷിയായ സാഗര്‍ വിന്‍സന്റിന്റെ മൊഴിയുണ്ട്. എന്നാല്‍ ഈ മൊഴികള്‍ പൊലീസ് പീഡിപ്പിച്ചു പറയിച്ചതാണെന്ന് സാഗര്‍ പിന്നീട് കോടതിയില്‍ പറഞ്ഞു. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജും സഹോദരന് അനൂപും ദിലീപിന്റെ ബന്ധുക്കളാണ്. അവര്‍ ദിലീപിനെതിരെ മൊഴി നല്‍കില്ല. ദിലീപ് ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചെന്നു പറയുമ്പോള്‍ ഈ തെളിവുകള്‍ ഫോണില്‍നിന്നു കണ്ടെടുത്തെന്നു പ്രോസിക്യൂഷന് സമ്മതിക്കുന്നുമുണ്ട്.
ദിലീപും കൂട്ടരും ഫോണുകള്‍ മുംബൈയിലെ ലാബില്‍ നല്‍കിയെന്ന ഒറ്റക്കാരണം കൊണ്ടു തെളിവ് നശിപ്പിച്ചുവെന്ന വാദം നിലനില്‍ക്കില്ല. തെളിവായി നല്കിയ ശബ്ദരേഖകള്‍ ദിലീപിന്റെയും കൂട്ടരുടേതുമാണ് എന്നതിനുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൂറുമാറിയ 22 സാക്ഷികളില്‍ 6 പേര് ദിലീപിന്റെ കുടുംബാംഗങ്ങളും 5 പേര് സിനിമാ മേഖലയിലുള്ളവരും ദിലീപിന്റെ സുഹൃത്തുക്കളുമാണ്.
ദിലീപ് കോടതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് തെളിവായി രണ്ട് ഓഡിയോ ക്ലിപ്പുകളാണ് പ്രോസിക്യൂഷന് ഹാജരാക്കിയത്. ദിലീപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണത്തില്‍ ‘അവരെ നമ്മള് പതിയെ വിശ്വസിപ്പിച്ചെടുക്കണം’ എന്നു പറയുന്നുണ്ട്. ഇതിലെ അവര്‍ ആരാണെന്ന് വ്യക്തമല്ല. അതു ജുഡീഷ്യല്‍ ഓഫിസറെയാണ് എന്നാണ് പ്രോസിക്യൂഷന്റെ നിഗമനം. എങ്ങനെയാണ് ഈ നിഗമനത്തില്‍ എത്തിയത്. ‘അവര്‍’ എന്നു പറയുന്നതു ജുഡീഷ്യല്‍ ഓഫിസറെയാണെന്നു കരുതിയാല്‍ തന്നെ വിചാരണക്കോടതി ജഡ്ജിയെയാണെന്ന് എങ്ങനെ കൃത്യമായി പറയാനാകുമെന്നും കോടതി ചോദിക്കുന്നു.ദിലീപിന് ആശ്വാസം