
റാഞ്ചി: കാൽമുട്ട് വേദനയ്ക്ക് ആയുർവേദചികിത്സ തേടി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം എസ് ധോണി. താരത്തിന്റെ സ്വദേശമായ റാഞ്ചിയിലെ വന്ദൻ സിങ് എന്ന പ്രമുഖ വൈദ്യന്റെ പക്കലാണ് അദ്ദേഹം ചികിത്സ തേടിയിരിക്കുന്നത്.
പച്ചമരുന്നുകൾ പാലിൽ ചേർത്ത് നൽകുന്ന വന്ദൻ സിങ്ങിന്റെ ചികിത്സാ രീതി റാഞ്ചിയിൽ പ്രസിദ്ധമാണ്. ധോനിയുടെ വീട്ടിൽ നിന്ന് 70 കി.മീ അകലെ ലാപങ് പോലീസ് സ്റ്റേഷൻ പരിസരത്തെ കാത്തിങ്കെല എന്ന സ്ഥലത്ത് ഒരു മരത്തിന് ചുവട്ടിലാണ് വന്ദൻ സിങ് രോഗികളെ ചികിത്സിക്കുന്നത്. ഇരു കാൽമുട്ടുകൾക്കും വേദന അനുഭവപ്പെട്ടതോടെയാണ് ധോനി ഇവിടെ ചികിത്സയ്ക്കെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ തന്റെ അടുത്ത് വരുന്നത് സാക്ഷാൽ എം.എസ് ധോനിയാണെന്ന് വന്ദൻ സിങ്ങിന് മനസിലായിരുന്നില്ല. ധോണിയെ കണ്ട് റോഡിലൂടെയും മറ്റും പോകുന്നയാളുകൾ വണ്ടിനിർത്തി വന്ന് ഫോട്ടോയെടുക്കാൻ തുടങ്ങിയതോടെയാണ് താൻ ചികിത്സിക്കുന്നത് പ്രസിദ്ധനായ ക്രിക്കറ്റ് താരത്തെയാണെന്ന് അദ്ദേഹം അറിയുന്നത്.
തന്റെ വീട്ടിൽ നിന്നും 70 കി.മീ യാത്ര ചെയ്താണ് ധോണി വൈദ്യന്റെ പക്കൽ ചികിത്സയ്ക്ക് എത്തുന്നത്. ഇദ്ദേഹം തയ്യാറാക്കുന്ന മരുന്ന് ഉടൻ തന്നെ കഴിക്കേണ്ടതിനാലാണ് താരം വീട്ടിൽ നിന്നും ഇത്ര ദൂരം യാത്ര ചെയ്ത് വൈദ്യന്റെ അടുത്തെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. മാസത്തിൽ ഒരു ഡോസ് മരുന്നാണ് ധോനിക്ക് നിർദേശിച്ചിരിക്കുന്നത്. അതിനായാണ് ധോണി എത്തിയത്. അടുത്ത ഡോസ് സ്വീകരിക്കാൻ ധോണി എപ്പോൾ എത്തുമെന്ന് തനിക്ക് അറിയില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഒരു ഡോസിന് വെറും 40 രൂപ മാത്രമാണ് ഇദ്ദേഹം ഈടാക്കുന്നത്. ധോണിയുടെ മാതാപിതാക്കൾ നേരത്തെ വന്ദൻ സിങ്ങിന്റെ പക്കൽ ചികിത്സയ്ക്കായി എത്തിയിരുന്നു.