NEWSTrendingWORLD

ചുംബിക്കുമ്പോൾ കടി കിട്ടാതിരിക്കാൻ ‘വധു’വിന്റെ വായ കൂട്ടിക്കെട്ടി; മേയറുടെ വിചിത്ര വിവാഹത്തിന് പിന്നിലെ കഥ ഇങ്ങനെ..

പലതരം കൗതുക വാർത്തകൾ ഓരോ ദിവസവും നമ്മൾ കേൾക്കാറുണ്ട്. കൗതുകമുണർത്തുന്ന പ്രണയകഥകളും വിവാഹങ്ങളും ചർച്ചയാകാറുമുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു വിചിത്ര വിവാഹമാണ്. മെക്സിക്കോയിലെ ഒക്‌സോയുടെ മേയറാണ് വിവാഹിതനായത്. വധു ഒരു മനുഷ്യനല്ല എന്നതാണ് ഈ വിവാഹത്തിന്റെ പ്രത്യേകത.

മേയർ വിക്ടർ ഹ്യൂഗോ സോസ വധുവായി സ്വീകരിച്ചിരിക്കുന്നത് ഒരു ചീങ്കണ്ണിയെ ആണ്. ചീങ്കണ്ണി കുഞ്ഞിനെ അല്ല. കടിച്ച് കീറി കുടയുന്ന നല്ല അസ്സൽ പെൺ ചീങ്കണ്ണിയെയാണ്. ആചാരത്തിൻറെ ഭാഗമായാണ് മേയർ വിക്ടർ ഹ്യൂഗോ സോസ ചീങ്കണ്ണിയെ വിവാഹം ചെയ്തിരിക്കുന്നത്.

മേയർ കൂടി ഉൾപ്പെടുന്ന സമുദായത്തിൻറെ വിശ്വാസപ്രകാരം പ്രകൃതി മനുഷ്യർക്ക് അനുകൂലമായി നിൽക്കുന്നതിന് വേണ്ടിയുള്ള പ്രാർത്ഥനയെന്ന നിലയിലാണ് ചീങ്കണ്ണിയെ വിവാഹം ചെയ്യുന്നത്. ഈ ചീങ്കണ്ണിയെ ആകട്ടെ ദൈവത്തിൻറെ പ്രതിനിധി എന്ന നിലയിലാണ് സമുദായക്കാർ കാണുന്നത്. അപ്പോൾ മനുഷ്യരുടെ പ്രതിനിധിയായ മേയറും ചീങ്കണ്ണിയും വിവാഹിതരാകുമ്പോൾ മനുഷ്യരും ദൈവവും ഒന്നിക്കുന്നു എന്നതാണത്രേ സങ്കൽപം.

ഏതൊരു വിവാഹവും പോലെ തന്നെ ആർഭാടത്തോടെ തന്നെയാണ് ഈ വിവാഹവും നടക്കുക. പരമ്പരാഗത രീതിയിലുള്ള വെളുത്ത വിവാഹവസ്ത്രം അണിയിച്ച്, സമുദായക്കാർ ചേർന്ന് ഘോഷത്തോടെയാണ് മണവാട്ടിയെ വിവാഹവേദിയിലേക്ക് ആനയിക്കുക. ശേഷം വിവാഹച്ചടങ്ങ്. മണവാട്ടിക്ക് മുത്തം നൽകുന്നതോടെ ചടങ്ങ് പൂർത്തിയായി.

എന്നാൽ ഇവിടെ മണവാട്ടി, ചീങ്കണ്ണിയായത് കൊണ്ട് തന്നെ അതിനെ ഉമ്മ വയ്ക്കുമ്പോൾ തിരിച്ച് കടിക്കുകയോ ആക്രമിക്കുകയോ ചെയ്യാതിരിക്കാൻ വായ കൂട്ടി കെട്ടിയിട്ടുണ്ടായിരുന്നു എന്നതാണ് കൗതുകകരമായ കാര്യം. എന്തായാലും വ്യത്യസ്തമായ ഈ വിവാഹം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിട്ടുണ്ട്.

ചിലരെങ്കിലും ഇതിനെതിരെ വിമർശനങ്ങളും ഉന്നയിക്കുന്നുണ്ട്. എന്നാൽ പരമ്പരാഗത ആചാരങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നുമൊന്നും വ്യതിചലിച്ച് ജീവിക്കാൻ സന്നദ്ധരല്ലാത്ത സമുദായക്കാരാണിവർ. മെക്സിക്കോയിൽ ഇത്തരത്തിൽ തുടരുന്ന പല തനത് സമുദായങ്ങളും ഇന്നുമുണ്ട് എന്നതാണ് യാഥാർത്ഥ്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close