
പത്തനംതിട്ട: വീട്ടമ്മയെ വൈദ്യുതിവേലിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തി. വള്ളിയാനി ചരിവുപുരയിടത്തിൽ ശാന്തമ്മ ഏബ്രഹാം (63) ആണ് മരിച്ചത്. വീടിന് സമീപത്തെ കൃഷിയിടത്തിലെ വൈദ്യുതവേലിക്ക് സമീപം മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വൈദ്യുത വേലിയില്‍നിന്ന് ഷോക്കേറ്റാണ് ശാന്തമ്മ മരിച്ചതെന്നും ഭാര്യയുടെ ശരീരത്തില്‍ സ്പര്ശിച്ചപ്പോള് തനിക്കും ഷോക്കേറ്റെന്നും ഭര്‍ത്താവ് എബ്രഹാം ആരോപിച്ചു.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടില്‍നിന്ന് മാലിന്യം കളയാനായി പുറത്തേക്ക് പോയ ശാന്തമ്മയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെയാണ് ഭര്‍ത്താവും മകനും അന്വേഷിച്ചിറങ്ങിയത്. തുടര്‍ന്ന് സമീപവാസിയുടെ കൃഷിയിടത്തില്‍ വൈദ്യുതവേലിക്ക് സമീപം മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ശാന്തമ്മയുടെ കാല് വൈദ്യുതകമ്പിയില്‍ കുരുങ്ങി കിടക്കുന്നനിലയിലാണ് കണ്ടതെന്ന് എബ്രഹാം മൊഴി നല്‍കിയിട്ടുണ്ട്. ഭാര്യയുടെ ശരീരത്തില്‍ തൊട്ടപ്പോള്‍ തനിക്കും ഷോക്കേറ്റെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. അതേസമയം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം ഏറെയുള്ള പ്രദേശമാണ് വള്ളിയാനി. അതിനാല്‍തന്നെ മിക്ക കര്‍ഷകരും കൃഷിയിടങ്ങളില്‍ വൈദ്യുതവേലി സ്ഥാപിച്ചിട്ടുണ്ട്. ശാന്തമ്മയുടെ സമീപവാസിയായ ജോണിയുടെ കൃഷിയിടത്തിലും വൈദ്യുതവേലി സ്ഥാപിച്ചിരുന്നു. കഴിഞ്ഞദിവസം നേരത്തെ കൃഷിയിടത്തിലെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജോണി വൈദ്യുതവേലി ചാര്‍ജ് ചെയ്ത് തിരികെ മടങ്ങിയിട്ടുണ്ടാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വൈദ്യുതവേലി ശ്രദ്ധയില്‍പ്പെടാതെ ശാന്തമ്മ ഇതുവഴി നടന്നതോടെ കമ്പിയില്‍ കാല് കുരുങ്ങി ഷോക്കേറ്റിരിക്കാമെന്നും നാട്ടുകാര്‍ പറയുന്നു.
ലീവിന് നാട്ടിലെത്തുമ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം; ജസിൻ ഒടുവിൽ പിടിയിൽ
വര്‍ക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികൻ അറസ്റ്റിൽ. ഇലകമണ്‍ കെടാകുളത്ത് വാടകയ്ക്കു താമസിക്കുന്ന ജസിനാണ് പിടിയിലായത്. 63കാരണാണ് ഇയാൾ.
ഹൈദരാബാദിലെ കമ്പനിയില്‍ ജോലിചെയ്യുന്ന ഇയാള്‍ ലീവിന് നാട്ടിലെത്തിയപ്പോഴാണ് കുട്ടികളോട് അതിക്രമം കാട്ടിയത്. പരാതിയെത്തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതിയെ പത്തനംതിട്ട റാന്നിയിലെ വീട്ടില്‍നിന്നാണ് പിടികൂടിയത്.
അയിരൂര്‍ ഇന്‍സ്പെക്ടര്‍ വി.കെ.ശ്രീജേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. എസ്.സജിത്ത്, എസ്.സി.പി.ഒ. ജയ് മുരുകന്, സി.പി.ഒ. നിഷാന്ത് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ; സൂരജ് പാലാക്കാരനെതിരെ കേസെടുത്ത് പോലീസ്
കൊച്ചി: യൂട്യൂബ് ചാനൽ അവതാരകനായ സൂരജ് പാലക്കാരനെതിരെ കേസടുത്ത് പോലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. പാലാ കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കൽ വീട്ടിൽ സൂരജ് പാലാക്കാരൻ എന്ന സൂരജ് വി. സുകുമാറിനെതിരെ എറണാകുളം സൗത്ത് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഒളിവിൽ പോയതിനാൽ ഇയാളെ അറസ്റ്റ് ചെയ്യാനായില്ല.
ക്രൈം ഓൺലൈൻ മാനേജിങ് ഡയറക്ടർ ടി.പി. നന്ദകുമാറിനെതിരേ (ക്രൈം നന്ദകുമാർ) പരാതി നൽകിയ അടിമാലി സ്വദേശിനിയുടെ പരാതിയിൽ തന്നെയാണ് സൂരജിനെതിരേയും കേസെടുത്തിരിക്കുന്നത്. സൂരജിനെ അന്വേഷിച്ച് പാലായിലെ വീട്ടിൽ പോലീസ് എത്തിയെങ്കിലും ഇയാൾ ഒളിവിലായതിനാൽ അറസ്റ്റ് ചെയ്യാനായില്ല.
ടി.പി. നന്ദകുമാറിനെതിരേ പരാതി നൽകിയ യുവതിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ച് അവതരിപ്പിക്കുകയായിരുന്നു സൂരജ്. ഇതേ തുടർന്നാണ് യുവതി പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനു പുറമേ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് എ.സി.പി. പി. രാജ്കുമാർ വ്യക്തമാക്കി.