
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. താന്‍ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ദുരൂഹമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതില്‍ അഗ്രഗണ്യനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു. ആ പരിപ്പ് ഇനിയും കേരളത്തില്‍ വേവില്ലെന്ന് അദ്ദേഹം മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും കെ സുധാകരന് പറഞ്ഞു.
എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ടാണ് കെ സുധാകരന്റെ പരോഷ വിമര്‍ശനം. എകെജി സെന്ററില്‍ സ്ഫോടകവസ്തു എറിഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാത്തതില്‍ പൊലീസിനെതിരെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് വ്യാപക ആക്ഷേപം ഉയരുന്ന വേളയിലാണ് മുഖ്യമന്ത്രിക്കെതിരെ സുധാകരന് രംഗത്തുവന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ..
താന്‍ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ദുരൂഹമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതില്‍ അഗ്രഗണ്യനാണ് പിണറായി വിജയന്. ആ പരിപ്പ് ഇനിയും കേരളത്തില്‍ വേവില്ലെന്ന് അദ്ദേഹം മനസ്സിലാക്കുന്നത് നന്നായിരിക്കും. ഞങ്ങള്‍ നിയമസഭയ്ക്ക് അകത്തും പുറത്തും ചോദിച്ച ഒരുപാട് ചോദ്യങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ നില്‍ക്കുകയാണ്. ഒരൊറ്റ ചോദ്യത്തിന് പോലും മറുപടി പറയാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിച്ചിട്ടില്ല. ഇത് നാടിന്റെ സംശയങ്ങള്‍ ബലപ്പെടുത്തുകയാണ്.
ജനശ്രദ്ധ തിരിച്ചുവിടാന്‍, ബുദ്ധിശൂന്യനായ കണ്‍വീനറുടെ കയ്യില്‍ പടക്കം കൊടുത്തുവിടുമ്പോള്‍, അതയാളുടെ കൈയ്യില്‍ കിടന്നുതന്നെ പൊട്ടുമെന്ന് മുഖ്യമന്ത്രി ഓര്‍ക്കേണ്ടതായിരുന്നു. മണ്ടത്തരങ്ങള്‍ക്കും വിടുവായത്തങ്ങള്‍ക്കും പണ്ടേ പേരുകേട്ട അദ്ദേഹത്തിന്റെ പെട്ടെന്നുള്ള പ്രതികരണങ്ങള്‍ ജനങ്ങള്‍ക്ക് സത്യം ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട്! കണ്‍വീനറുടെ തലയിലെ വെടിയുണ്ട മജ്ജയില്‍ ലയിച്ചില്ലാതായത് പോലെ, ഓഫീസിന് പടക്കമെറിഞ്ഞയാളും മാഞ്ഞു പോകുന്ന കാഴ്ച കണ്ട് കേരളം ചിരിക്കുകയാണ്.
ശ്രദ്ധതിരിക്കലിന്റെ രണ്ടാം ഘട്ടമായി, കൈയ്യിലെ അടുത്ത ആയുധമായ സോളാര്‍ കേസ് വിവാദ നായികയെയും അങ്ങ് രംഗത്തിറക്കിയിട്ടുണ്ട്. മൂന്നാംഘട്ടത്തില്‍, ഏത് സഖാവിനെ രക്തസാക്ഷിയാക്കിയാണ് താങ്കള്‍ പുകമറ സൃഷ്ടിക്കുകയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നാടിനോടും നാട്ടുകാരോടും എന്തിന് സ്വന്തം പാര്‍ട്ടി അണികളോടുപോലും ഒരിത്തിരി സ്നേഹമില്ലാത്ത താങ്കള്‍ സമ്പൂര്‍ണ പരാജയമാണ് പിണറായി വിജയന്.
ഒരു കാര്യം പറഞ്ഞവസാനിപ്പിക്കാം….
സ്വന്തം കുടുംബത്തിന് നേരെ പോലും ആരോപണങ്ങള്‍ വന്ന സാഹചര്യത്തില്‍ കേരളത്തിന് കേള്‍ക്കേണ്ടത് മുഖ്യമന്ത്രിയുടെ മറുപടികളാണ്. എവിടെ പോയി ഒളിച്ചാലും, അത് ഞങ്ങള്‍ പറയിപ്പിക്കുക തന്നെ ചെയ്യും.
പൊലീസ് നീക്കങ്ങള്‍ പാളിയ അമ്പരപ്പ് മാറാതെ സിപിഎം
തിരുവനന്തപുരം: രാഷ്ട്രീയനീക്കങ്ങള്‍ പാളിപ്പോയതിന്റെ അമ്പരപ്പ് മാറാതെ സിപിഎം. പിസി ജോര്‍ജിനെതിരായ എല്ലാ നീക്കങ്ങളും പൊളിഞ്ഞതോടെ പി. ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായ ശേഷമുള്ള പോലീസ് നടപടികള്‍ക്കെല്ലാം തിരിച്ചടി നേരിട്ടതിന്റെ കലിപ്പിലാണ് ഉന്നതനേതാക്കൾ. എടുത്ത് ചാടിയുള്ള അനാവശ്യനടപടികള്‍ തോല്‍വി വിളിച്ച് വരുത്തുന്നു എന്നതാണ് ഉയർന്നു കേൾക്കുന്ന വിമർശനം.
പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഏറ്റവും വലിയ തീരുമാനമായിരുന്നു പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുക എന്നത്. സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയല്ലാതിരുന്നിട്ടും പി. ശശിയെ സംസ്ഥാന സമിതിയംഗമാക്കി. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതോടെ സര്‍വ്വാധികാരത്തോടെ ശശി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. പതുക്കെ പോലീസ് ഭരണം ശശി ഏറ്റെടുത്തു. എന്നാൽ സുപ്രധാന നീക്കങ്ങളെല്ലാം തകര്‍ന്നടിയുകയായിരുന്നു.
പരാജയങ്ങളുടെ തുടക്കം സരിത്തിൽ നിന്നാണ്. വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സ്വപ്നയുടെ ഫ്ലാറ്റില്‍ കയറി സരിത്തിനെ പൊക്കിയത് ആദ്യം പൊളിഞ്ഞു. ഗൂഢാലോചന ആരോപിച്ച് ഒന്നിന് പിറകേ ഒന്നായി കേസുകളെടുത്തതും പോലീസിന്റെ വിശ്വാസ്യതയെ ബാധിച്ചു. വിദ്വേഷ പ്രസംഗക്കേസില്‍ പൂഞ്ഞാറില്‍ നിന്ന് പിസി ജോര്‍ജിനെ പിടിച്ച് കൊണ്ട് വന്നെങ്കിലും വൈകിട്ട് ജാമ്യം കിട്ടി പിസി ഇറങ്ങിപോയപ്പോള്‍ നാണം കെട്ടത് പോലീസ് മാത്രമല്ല സര്‍ക്കാരും മുന്നണിയുമാണ്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഒരു ദിവസം ജോര്‍ജിനെ ജയിലില്‍ കിടത്താനായതാണ് ഏക ആശ്വാസം.
ഇന്നലത്തെ സംഭവങ്ങള്‍ ഏത് തരത്തില്‍ വ്യാഖ്യാനിച്ചാലും വന്‍തിരിച്ചടിയാണ്.ഉച്ചക്ക് 12 40ന് പരാതി വരുന്നു. 1.29ന് അറസ്റ്റുണ്ടാകുമെന്ന് പിസി ജോര്‍ജിനെ അറിയിക്കുന്നു. 2.50ന് പോലീസ് കസ്റ്റഡിയിലെടുക്കുന്നു. 3.50ന് അറസ്റ്റ് രേഖപ്പെടുത്തുന്നു.പക്ഷേ ശശിയുടെ തന്ത്രങ്ങള്‍ക്ക് തൈക്കാട് ഗസ്റ്റ്ഹൗസില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ അപ്പുറത്തുള്ള വഞ്ചിയൂര്‍ കോടതി വരെയേ ആയുസുണ്ടായുള്ളു.
അധികാര കേന്ദ്രങ്ങളെ വെല്ലുവിളിച്ച് പുഷ്പം പോലെ പിസി ജോര്‍ജ് പൂഞ്ഞാറിലേക്ക് പോയി. സര്‍ക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അറസ്റ്റും തുടര്‍നടപടികളും നേരിടേണ്ടി വരുമെന്ന പി ശശി തിയറി കോടതി വലിച്ചെറിഞ്ഞു. എന്ത് സംഭവിച്ചുവെന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലും മുന്നണിയിലും കടുത്ത വിമര്‍ശനമായി വളരുകയാണ്.