
കാസർകോട്: കാസർഗോഡ് ജില്ലയിൽ കനത്ത മഴ തുടരുന്നു. ജില്ലയിലെ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. മലയോരമേഖലയിലാണ് ശക്തമായ മഴ തുടരുന്നത്. ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തേജസ്വിനി, ചൈത്രവാഹിനി പുഴകൾ കരകവിഞ്ഞൊഴുകി. വിവിധയിടങ്ങളിൽ പാലത്തിന് മുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ കലക്ടർ ഉത്തരവിട്ടു. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ആരംഭിച്ചു.
തൃശൂർ ജില്ലയിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. പെരിങ്ങൽകുത്ത് ഡാമിന്റെ രണ്ട് സ്യൂയിസ് വാൽവുകൾ തുറന്ന് 400 ക്യുമെക്സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി. പൊരിങ്ങൽകുത്ത് ഡാമിലെ സ്യൂയിസ് വാൽവുകൾ തുറന്നാൽ അധികജലം ഒഴുകിവന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും പുഴയിൽ കുളിക്കുന്നതും ഇറങ്ങുന്നതും വസ്ത്രങ്ങൾ കഴുകുന്നതും ഒഴിവാക്കണമെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു.
അതേസമയം സംസ്ഥാനത്ത് ആറു ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.