KERALANEWSTrending

കനത്ത മഴ; സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

കാസർകോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്‌കൂളുകൾക്കുമാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോളജുകൾക്ക് അവധി ബാധകമല്ല.

അതേസമയം മഴ തുടരുകയാണ്. മഴയിൽ ജില്ലയിലെ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തേജസ്വിനി, ചൈത്രവാഹിനി പുഴകൾ കരകവിഞ്ഞൊഴുകി. വിവിധയിടങ്ങളിൽ പാലത്തിന് മുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ കലക്ടർ ഉത്തരവിട്ടു. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ആരംഭിച്ചു.

ജില്ലയിലെ മലയോര മേഖലയിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. വെള്ളരിക്കുണ്ട് ചൈത്രവാഹിനി പുഴ കരകവിഞ്ഞതോടെ, വെള്ളരിക്കുണ്ട് താലൂക്കിൽ പല പ്രദേശങ്ങളും വെള്ളത്തിനിടയിലായി.

അതേസമയം ആലപ്പുഴയിലും കനത്ത മഴയാണ്. അമ്പലപ്പുഴയുടെ തീരദേശത്ത് ജനങ്ങളുടെ ഉറക്കംകെടുത്തി കടലേറ്റം രൂക്ഷമായി തുടരുന്നു. തോട്ടപ്പള്ളിമുതൽ പുറക്കാട് വാസുദേവപുരംവരെയുള്ള പ്രദേശങ്ങളിലാണ് സ്ഥിതി ഏറെ ദുരിതപൂർണമായത്. പല സ്ഥലങ്ങളിലും കടൽഭിത്തി ഇടിഞ്ഞുതാണു. തകർച്ചയിലായ കടൽഭിത്തിക്കു മുകളിലൂടെയാണ് തിരമാലകൾ അടിച്ചുകയറുന്നത്. കടൽഭിത്തിയോടു ചേർന്നുള്ള ഒരുവരി വീടുകളിലെല്ലാം വെള്ളംകയറി. ദിവസങ്ങളായി കാലവർഷത്തിനൊപ്പം കടലേറ്റവും തുടരുന്നത് ജനങ്ങളുടെ ഉറക്കംകെടുത്തുകയാണ്.

ദേശീയപാതയോടു ചേർന്നുകിടക്കുന്ന പ്രദേശങ്ങളാണ് ഭീഷണിയിലായിരിക്കുന്നത്. വാസുദേവപുരം, മാത്തേരി, പുത്തൻനട, പുന്തല, ആനന്ദേശ്വരം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കടലേറ്റക്കെടുതികളേറെയാണ്.കടൽഭിത്തിയോടു ചേർന്നുള്ള വീടുകളിൽ രണ്ടും മൂന്നും തവണവരെ പുനർനിർമിച്ച ശൗചാലയങ്ങളാണ് അഞ്ചുദിവസമായി തുടരുന്ന കടലേറ്റത്തിൽ തകർന്നത്.

വീടുകളിൽ കിടന്നുറങ്ങാൻ ആളുകൾ ഭയക്കുകയാണ്. 2021 മേയ് മാസത്തിലെ ചുഴലിക്കാറ്റിൽ പലവീടുകളുടെയും ശൗചാലയങ്ങൾ തകർന്ന് ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായിട്ടും അഞ്ചുപൈസപോലും ഇതേവരെ നഷ്ടപരിഹാരമായി സർക്കാർ നൽകിയില്ലെന്നാണ് തീരവാസികളുടെ പരാതി.കാലവർഷത്തിനു മുന്നോടിയായി കടൽഭിത്തി ബലപ്പെടുത്താനുള്ള നടപടികളുണ്ടായില്ല. തോട്ടപ്പള്ളിമുതൽ പുത്തൻനടവരെ പുലിമുട്ടു നിർമിക്കുന്നതിന് പ്രഖ്യാപനമുണ്ടായെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നു പ്രദേശവാസികൾ പറയുന്നു.

വെള്ളച്ചാട്ടത്തിനരികെ നിന്ന് ഫോട്ടോയെടുക്കാൻ ശ്രമം; പതിനേഴുകാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി

കോഴിക്കോട്: വെള്ളച്ചാട്ടത്തിനരികെ നിന്ന് ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. ചാത്തമംഗലം മലയമ്മ സ്വദേശി ഹുസ്നി (17 )ആണ് ഒഴുക്കിൽപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്കടുത്തുള്ള പതങ്കയത്താണ് അപകടം.

നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു. പതങ്കയം വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു ഹുസ്നി.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close