KERALANEWSTrendingviral

അന്ന് വഴിയരികിൽ നിന്ന് യൂണിഫോമിൽ മീൻ വിറ്റ പെൺകുട്ടി; ഇന്ന് ഏവരേയും അമ്പരപ്പിച്ച് പുത്തൻ വർക്ക് ഔട്ട് വീഡിയോ; ഹനാന്റെ വൈറലാകുന്ന വീഡിയോ കാണാം..

വഴിയരികിൽ സ്കൂൾ യൂണിഫോമിൽ മീൻ വിറ്റുനടന്ന ഹനാനെ മലയാളികൾ മറന്നുകാണാനിടയില്ല. പഠന ചെലവ് കണ്ടെത്താൻ മറ്റു വഴികളില്ലാതെ തെരുവിൽ മീൻ കച്ചവടം നടത്തി മലയാളികളുടെ മനസിൽ ഇടംപിടിച്ച പെൺകുട്ടിയാണ് ഹനാൻ. അധ്വാനിച്ച് ജീവിക്കുന്ന ഹനാൻ അന്ന് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും ഹനാൻ മലയാളികൾക്കിടയിൽ താരമാകുകയാണ്.

ഹനാൻ ഇപ്പോൾ ഫിറ്റ്നസിന്റെ തിരക്കിലാണ്. 2018 ൽ വാഹനാപടകത്തിൽ നട്ടെല്ലിന് പരിക്ക് പറ്റി ചികിത്സയിലായിരുന്ന ഹനാന്റെ പുതിയ വർക്ക് ഔട്ട് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനക്ഡോട്ട് മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഹാനന്റെ മാറിയ ലുക്ക് ഇപ്പോൾ പുറത്തുവന്നത്.

ഹാനന്റെ മാറ്റം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഒരുപാട് മാറിപ്പോയല്ലോ എന്നാണ് കാണുന്നവരൊക്കെ പറയുന്നത്. ജീവിത പ്രതിസന്ധികളിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ ഉള്ള ഒരു വിശ്വാസം ആദ്യം മുതൽ തന്നെ ഹനാന്റെ കൈമുതൽ ആയിരുന്നു. ആ വിശ്വാസത്തിലൂടെ തന്നെ ആണ് സോഷ്യൽ മീഡിയയിൽ ഹനാൻ ശ്രദ്ധ നേടിയത്.

വാഹനാപകടത്തിൽ പെട്ട ഹനാന് എഴുന്നേറ്റു നടക്കാൻ 10 ശതമാനം മാത്രമേ സാധ്യതയുള്ളൂ എന്നായിരുന്നു അന്ന് ഡോക്ടർമാർ വിധിയെഴുതിയത്. എന്നാൽ വീൽ ചെയറിൽ നിന്ന് സ്വന്തം ആത്മബലം കൊണ്ട് എഴുന്നേറ്റ് നിന്ന് ഹനാൻ ഇപ്പോൾ ജിമ്മിൽ അനായാസം വർക്ക്ഔട്ട് ചെയ്യുകയാണ്. അപകടത്തെ തുടർന്ന് നട്ടെല്ലിന് ശസ്ത്രക്രിയ ചെയ്യേണ്ടിവന്നിരുന്നു. ഇതോടെ ശരീര ഘടന മാറി. പിന്നീട് ജിമ്മിലെത്തി വർക്ക് ഔട്ട് ആരംഭിക്കുകയായിരുന്നു. ജിമ്മിൽ ചേർന്ന് രണ്ടരമാസം കൊണ്ട് ഫലം കണ്ടുവെന്ന് പറയുകയാണ് ഹനാൻ.

‘ജിമ്മിൽ പോകുന്നുവെന്ന് ആദ്യം പറഞ്ഞപ്പോൾ ഈ പീക്കിരിയാണോ ജിമ്മിൽ പോകുന്നതെന്നൊക്കെയായിരുന്നു നാട്ടുകാരുടെ ചോദ്യം. ജിമ്മിൽ വന്നപ്പോൾ ഒരുപക്ഷേ മാസ്റ്റർക്കും തോന്നിയിട്ടുണ്ടാകാം ഇവിടുത്തെ കാര്യങ്ങളൊക്കെ ഒരു 20 ശതമാനം മാത്രമേ ഇവൾക്കു ചെയ്യാൻ സാധിക്കൂവെന്ന്. എന്നാൽ ഒരിക്കലും നിന്നെക്കൊണ്ട് സാധിക്കില്ലെന്നു മാസ്റ്റർ പറഞ്ഞിട്ടില്ല’ -ഹനാൻ പറയുന്നു.

‘വളഞ്ഞാണ് നടക്കുന്നത്, ഇരുന്നു കഴിഞ്ഞാൽ ആരെങ്കിലും പിടിച്ച് എഴുന്നേൽപ്പിക്കണം എന്നൊക്കെയുള്ള വിഷമം പറഞ്ഞപ്പോൾ ഇതൊക്കെ ശരിയാക്കാം, കുറച്ചു സമയം തരണം എന്നാണ് മാസ്റ്റർ പറഞ്ഞത്.’ – ഹനാൻ പറയുന്നു. ജിന്റൊ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മിലാണ് ഹനാന് ട്രെയിനിങ് നൽകുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close