Breaking NewsKERALANEWSTop News

ബാലഭാസ്കറിന്റേത് അപകട മരണം തന്നെ; തുടരന്വേഷണ ഹർജി തള്ളി കോടതി; അപ്പീൽ നൽകുമെന്ന് ഉണ്ണി

തിരുവനന്തപുരം; സം​ഗീത സംവിധായകൻ ബാലബാസ്കറിന്റെത് അപകട മരണം തന്നെയെന്ന് കോടതി. അപകടമരണമല്ലെന്നും കേസിൽ പുനരന്വേഷണം വേണമെന്നുമുള്ള ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. തിരുവനന്തപുരം സിജെഎം കോടതിയാണ് ബാലഭാസ്കറിന്റെ മാതാപിതാക്കൾ നൽകിയ ഹർജി തള്ളിയത്. എന്നാൽ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി പ്രതികരിച്ചു.

പ്രതിയായ ഡ്രൈവർ അർജുൻ ഒക്ടോബർ 1 ന് കോടതിയിൽ ഹാജരാകണമെന്ന് സിജെഎം കോടതി നിർദ്ദേശിച്ചു. അർജുൻ അലക്ഷ്യമായും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകടകാരണമെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. സ്വർണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേർന്ന് ബാലഭാസ്കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തിൽ സിബിഐയുടെ റിപ്പോർട്ട് തള്ളണമെന്നും ആവശ്യപ്പെട്ടാണ് അച്ഛൻ ഉണ്ണി തിരുവനന്തപുരം സി ജെ എം കോടതിയെ സമീപിച്ചത്. അന്വേഷണം അട്ടിമറിക്കാൻ തുടക്കം മുതൽ ശ്രമം നടന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ ബാലഭാസ്കറിന്റെ ഫോൺ പരിശോധിച്ചില്ല. പണമിടപാടുകളും കാര്യമായി പരിശോധിച്ചില്ല. വിഷ്ണു എന്നയാൾ 50 ലക്ഷം രൂപ ബാലഭാസ്കറിൽനിന്നു കടം വാങ്ങിയതായി സിബിഐ ഡിവൈഎസ്പി പറഞ്ഞിരുന്നു. ഡിആർഐ ബാലഭാസ്കറിന്റെ ഫോൺ പിടിച്ചെടുത്ത സമയത്ത് എല്ലാ രേഖകളും മായ്ചിരുന്നു. രേഖകൾ മായ്ച്ചാലും കണ്ടുപിടിക്കാനുള്ള സംവിധാനം ഇപ്പോഴുണ്ടെന്നും കെ.സി.ഉണ്ണി പറഞ്ഞു.
ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്‌ഷനു സമീപം 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ടത്. വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ പ്രതിയായതോടെയാണ് അപകടത്തെക്കുറിച്ചു ബന്ധുക്കൾക്ക് സംശയമുണ്ടായത്.

ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻറെ മുൻ ക്രിമിനൽ പശ്ചാത്തലം സംശയങ്ങൾ വർധിപ്പിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പി അന്വേഷിച്ച കേസ് പിന്നീട് കുടുംബത്തിന്റെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ചിനു വിട്ടു.
ബാലഭാസ്കർ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവർ അർജുനാണെന്ന ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപകടത്തിൽ ദുരൂഹതകളില്ലെന്നാണാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയതു കാറിന്റെ അമിതവേഗം മൂലമാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടെന്ന കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ ക്രൈംബ്രാഞ്ച് മുഖവിലയ്ക്കെടുത്തില്ലെന്ന ആരോപണമുന്നയിച്ചാണ് ബന്ധുക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

അപകടത്തിന്റെ നാൾ വഴികൾ

ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്‌ഷനു സമീപം 2018 സെപ്റ്റംബർ 25ന് പുലർച്ചെ ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെടുന്നു. മകളുടെ പേരിലുള്ള വഴിപാടുകൾക്കായി 23നു തൃശൂർക്കു പോയ കുടുംബം ക്ഷേത്രദർശനം കഴിഞ്ഞ് 24നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങും വഴിയാണ് അപകടമുണ്ടായത്. മകളായ തേജസ്വിനിയെ പൊലീസ് വാഹനത്തിൽ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യയ്ക്ക് ഗുരുതരമായ പരുക്കേറ്റു. ബാലഭാസ്കർ ചികിത്സയിലിരിക്കെ ഒക്ടോബർ 2നാണ് മരിച്ചത്.

  • ആദ്യം മംഗലപുരം പൊലീസ് കേസ് അന്വേഷിച്ചു. പിന്നീട് അന്വേഷണം ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് കൈമാറി. അപകടത്തിൽ ദുരൂഹതയില്ലെന്നു പൊലീസ് റിപ്പോർട്ട്.
  • 2019 മേയ് 13ന് 25 കിലോ സ്വർണവുമായി തിരുമല സ്വദേശി കെഎസ്ആർടിസി കണ്ടക്ട‍ർ സുനിൽകുമാർ (45), കഴക്കൂട്ടം സ്വദേശി സെറീന (42) എന്നിവരെ ഡിആർഐ അറസ്റ്റു ചെയ്തു. ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പിയും വിഷ്ണുവും കേസിൽ പ്രതികളായി.
  • വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിൽ സ്വർണക്കടത്തുകേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ബന്ധമുണ്ടെന്നു വിശ്വസിക്കുന്നതായി പിതാവ് കെ.സി.ഉണ്ണി. ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
  • ബാലഭാസ്കറിന്റെ അവസാന യാത്ര അമിത വേഗതയിലായിരുന്നെന്ന് തെളിയിക്കുന്ന രേഖകൾ മോട്ടർ വാഹന വകുപ്പിൽനിന്ന് ക്രൈംബ്രാഞ്ച് ശേഖരിക്കുന്നു. ചാലക്കുടിയിൽ മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറയിൽ കാർ തെളിയുമ്പോൾ മണിക്കൂറിൽ 94 കിലോമീറ്റർ വേഗം.
  • അപകടസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടതായി കലാഭവൻ സോബി. ആരോപണത്തിൽ കഴമ്പില്ലെന്ന് ക്രൈംബ്രാഞ്ച്.
  • വാഹനമോടിച്ചത് ഡ്രൈവർ അർജുനാണെന്നു ഫോറൻസിക് പരിശോധനയിലൂടെ ക്രൈംബ്രാഞ്ച് കണ്ടെത്തി. അപകടത്തിനിടയാക്കിയത് അമിതവേഗമെന്നും ക്രൈംബ്രാഞ്ച്.
  • സോബിയെ ചോദ്യം ചെയ്ത ഡിആർഐ, ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്ന് സ്ഥിരീകരിക്കുന്നു.
  • ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമുള്ള കുടുംബത്തിൻറെ ആവശ്യപ്രകാരം കേസ് 2019 ഡിസംബറിൽ സർക്കാർ സിബിഐയ്ക്ക് വിടുന്നു. 2020 ജൂലൈ 29ന് കേസ് സിബിഐ ഏറ്റെടുക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close