
ഇന്ന് ജൂലൈ 29, അന്താരാഷ്ട്ര കടുവ ദിനം. കടുവകൾ കാടിന്റെ കരുത്ത് എന്ന സന്ദേശം പ്രചരിപ്പിക്കലാണ് ദിനാചരണത്തിന്റെ ലക്ഷ്യം. വേൾഡ് വൈഡ് ലൈഫ് ഫണ്ട് ഫോർ നാച്യുർ ആണ് ദിനാചരണത്തിന് നേതൃത്വം നൽകുന്നത്. ”കടുവകളുടെ നിലനിൽപ്പ് നമ്മുടെ കൈകളിലാണ്” എന്നുള്ളതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. എല്ലാ വർഷവും ജൂലൈ 29 നാണ് അന്താരാഷ്ട്ര കടുവാ ദിനം ആചരിച്ചുവരുന്നത്. കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചുകൊണ്ടുള്ള ഒരു വാർഷിക ഓർമദിനം ആണിത്. 2010-ൽ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന ടൈഗർ ഉച്ചകോടിയിൽ വച്ചാണ് ജൂലൈ 29 നെ കടുവകളുടെ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
കടുവ ഭാരതത്തിന്റെ ദേശീയ മൃഗമാണ്. കടുവ അലറിയാൽ കാട് വളരുമെന്ന് ഒരു ചൊല്ലുതന്നെയുണ്ട്. കടുവയില്ലാത്ത കാടും കാടില്ലാത്ത കടുവയും നാടിനാപത്താണ് എന്നു പറയാറുണ്ട്. കടുവയുടെ സംരക്ഷണം മനുഷ്യൻ ഉൾപ്പെടേയുള്ള ആവാസ വ്യവസ്ഥയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന് ഓർമ്മപ്പെടുത്താനാണ് ലോക കടുവാ ദിനം ആചരിക്കുന്നത്.

കടുവകളുള്ള കാട് മികച്ച പരിസ്ഥിതി സന്തുലനം ഉള്ള പ്രദേശമായിരിക്കും. കാട്ടിൽ ആരോഗ്യമുള്ള കടുവകൾ ഉണ്ടാകണമെങ്കിൽ, അവിടെ പുല്ല് തിന്നുന്ന ജീവികൾ ധാരാളമായി ഉണ്ടാകണം. എങ്കിലേ കടുവകൾക്ക് ആവശ്യത്തിന് ഇര ലഭിക്കൂ. മാൻ പോലുള്ള സസ്യഭുക്കുകൾ ഉണ്ടാകണമെങ്കിൽ ധാരാളം പച്ചപ്പ് വേണം. പച്ചപ്പുണ്ടാകണമെങ്കിൽ അനുയോജ്യമായ കാലാവസ്ഥ വേണം. കാടിന്റെ സമ്പൂർണ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കടുവകൾ കാരണമാകുന്നത് ഇതുകൊണ്ടാണ്.
ധാരാളം കടുവകളുള്ള കാട് നശിക്കില്ല. ഭക്ഷണ ശ്രേണിയിലെ ഏറ്റവും മുകളിലുള്ള കടുവയുടെ അഭാവം താഴോട്ടുള്ള ഓരോ ശൃംഖലയേയും ബാധിക്കും. കാട്ടിൽ സസ്യാഹാരം തിന്നു വളരുന്ന ജീവികൾ പെറ്റുപെരുകിയാൽ, കാട്ടിലേ സസ്യലതാദികൾ മുഴുവൻ തിന്നു തീർക്കും. സസ്യങ്ങൾ ഇല്ലാതാകുന്നതോടെ കാട് വരൾച്ച ബാധിച്ച് നശിക്കും. കാട് ഇല്ലാതാകുന്നതോടെ ജല ലഭ്യത കുറഞ്ഞ് ആ പ്രദേശം വരണ്ടുണങ്ങും. ആവാസ വ്യവസ്ഥ തകിടം മറിയും.

ലോകത്ത് ബംഗാൾ കടുവ, സുമാത്രൻ കടുവ, സൈബീരിയൻ കടുവ, പേർഷ്യൻ കടുവ, ജാവൻ കടുവ എന്നിങ്ങനെ വിവിധ ഇനം കടുവകളുണ്ട്. ഇന്ന് കടുവകൾ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിലാണ്. ഏഷ്യയിലാണ് ഏറ്റവും കൂടുതൽ കടുവകളെ കണ്ടുവരുന്നത്.
മാംസഭോജികളുടെ കൂട്ടത്തിൽ ഏറ്റവും കരുത്തനാണ് കടുവ. കാട്ടിലെ രാജാവ് എന്ന് വിശേഷണമുള്ള സിംഹത്തേക്കാൾ വലുപ്പത്തിലും ഗാംഭീര്യത്തിലും ശക്തിയിലും ഒരുപടി മുന്നിലാണ് കടുവ. ഇന്ത്യയുടെ ദേശീയമൃഗമായ കടുവ നമ്മുടെ ഒട്ടുമിക്ക വനങ്ങളിലുമുണ്ട്. എന്നാൽ, ഇന്ന് ഇവ എണ്ണത്തിൽ വളരെ കുറവാണ്. അതുകൊണ്ടുതന്നെ അവ ഇപ്പോൾ കടുത്ത വംശനാശഭീഷണി നേരിടുന്നു. ലോകത്ത് കടുവകൾക്ക് ഒരേയൊരു ശത്രുവേയുള്ളു. അത് മനുഷ്യനാണ്!
കടുവ ദേശീയ മൃഗമായ രാജ്യങ്ങൾ
ഇന്ത്യ (റോയൽ ബംഗാൾ കടുവ)
ബംഗ്ലാദേശ് (റോയൽ ബംഗാൾ കടുവ)
മലേഷ്യ (മലയൻ കടുവ)
നേപ്പാൾ (റോയൽ ബംഗാൾ കടുവ)
വടക്കൻ കൊറിയ (സൈബീരിയൻ കടുവ)
തെക്കൻ കൊറിയ (സൈബീരിയൻ കടുവ)
മുൻപത്തെ നാസി ജർമ്മനി (കറുത്ത പരുന്തിനോടൊപ്പം)
മുൻപത്തെ യു.എസ്.എസ്.ആർ (സൈബീരിയൻ കടുവ)
പ്രധാന കടുവ സംരക്ഷണ കേന്ദ്രങ്ങൾ
കാസിരംഗ – ആസാം
മനാസ് – ആസാം
നംദാഫ – അരുണാചൽ പ്രദേശ്
പാക്കുയി – അരുണാചൽ പ്രദേശ്
നാഗാർജുന സാഗർ – ആന്ധ്രാപ്രദേശ്
വാല്മീകി – ബീഹാർ
ഇന്ദ്രാവതി – ഛത്തീസ്ഗഢ്
ബന്ദിപൂർ – കർണ്ണാടക
പെരിയാർ – കേരളം
പറമ്പിക്കുളം – കേരളം
കൻഹ – മധ്യപ്രദേശ്
മെൽഘട്ട് – മഹാരാഷ്ട്ര
തഡോബ – മഹാരാഷ്ട്ര
സിംലിപ്പാൽ – ഒഡീഷ
നന്ദൻകാനൻ – ഒഡീഷ
രത്തംഭോർ – രാജസ്ഥാൻ
സരിസ്ക – രാജസ്ഥാൻ
കോർബറ്റ് – ഉത്തരാഖണ്ഡ്
സുന്ദർബൻ – പശ്ചിമബംഗാൾ
ബുക്സ – പശ്ചിമബംഗാൾ
ജീവിത രീതി
കൂർത്ത പല്ലുകളാണ് ഇരയെ കീറിമുറിക്കാൻ കടുവയെ സഹായിക്കുന്നത്. ഇവയ്ക്ക് 30 പല്ലുകൾ ഉണ്ടായിരിക്കും. ഭക്ഷണത്തിന് ക്ഷാമമുണ്ടായാൽ പോലും മനുഷ്യവാസമുള്ള പ്രദേശത്ത് കടുവകൾ അത്യപൂർവമായേ ഇറങ്ങാറുള്ളു. കാരണം, മനുഷ്യനുമായി ഏറെ അകന്ന് കഴിയാൻ താൽപര്യമുള്ള ജീവിയാണ് കടുവ. ദിവസത്തിൽ കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും ഇവയ്ക്ക് വെള്ളം കുടിക്കാതെ കഴിയാനാവില്ല. ദാഹം ശമിപ്പിക്കാൻ വേണ്ടി മാത്രമല്ല, ഇടയ്ക്കിടെ വെള്ളത്തിലിറങ്ങി ശരീരം തണുപ്പിക്കാനും ഇവക്ക് ഉത്സാഹമാണ്.

ഏകാന്തജീവികളായാണ് പലപ്പോഴും കടുവകളെ കാണുന്നത്. വേട്ടയാടുന്നതും ഒറ്റയ്ക്കു തന്നെ. കടുവകൾ മറ്റുള്ള കടുവകളുടെ ആവാസസ്ഥലത്തേക്ക് കടന്നുകയറാറില്ല. മൂന്നു വർഷം കൂടുമ്പോഴാണ് സാധാരണയായി കടുവകൾ പ്രസവിക്കുന്നത്. ഒരു പ്രസവത്തിൽ രണ്ടു മുതൽ നാലു വരെ കുഞ്ഞുങ്ങളുണ്ടാകും. എന്നാൽ, കുഞ്ഞുങ്ങളിൽ പ്രായപൂർത്തി എത്തുന്നവ ഒന്നോ രണ്ടോ ആയിരിക്കും. ജനിച്ചയുടൻ കുഞ്ഞുങ്ങൾക്ക് കണ്ണുകാണാൻ കഴിയില്ല.