യുവാവിനെ സ്വർണക്കടത്തുകാർ തട്ടിക്കൊണ്ടുപോയെന്ന് പരാതി; ഇർഷാദിനെ കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ പുറത്ത്; കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിക്കുമെന്ന് നാസറും

കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമൂഴിയിൽ യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന് പരാതി. പെരുവണ്ണാമൂഴി പന്തിരിക്കര സ്വദേശി ഇർഷാദിനെയാണ് കാണാതായത്. ഇർഷാദ് സ്വർണം എടുത്തെന്നും തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് നിരന്തരം ഭീഷണി സന്ദേശം വരാറുണ്ടെന്നും വീട്ടുകാർ പറഞ്ഞു.
മെയ് 13നാണ് ഇർഷാദ് ദുബായിയിൽ നിന്ന് നാട്ടിലെത്തിയത്. അതിന് ശേഷം മെയ് 23ന് ജോലിക്കെന്ന് പറഞ്ഞ് കോഴിക്കോടേക്ക് പോയിരുന്നു. പിന്നീടാണ് ഇർഷാദിന്റെ വീട്ടിലേക്ക് ഭീഷണി സന്ദേശം വന്നത്. ഇർഷാദ് ദുബായിയിൽ നിന്ന് വരുമ്പോൾ സ്വർണം കൊണ്ടുവന്നിരുന്നുവെന്നും അത് തിരിച്ചുതരണമെന്നും പറഞ്ഞാണ് സന്ദേശങ്ങൾ വരുന്നത്.

പോലീസിൽ അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ആദ്യഘട്ടത്തിൽ ഇവർ പോലീസിൽ പരാതി നൽകിയിരുന്നില്ല. ഇർഷാദിനെ കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ അയച്ചുകൊടുത്തതോടെയാണ് കുടുംബം പോലീസിനെ സമീപിച്ചത്. നിരന്തരം ഭീഷണി കോളുകൾ വരാറുണ്ടെന്നും പോലീസിനെ അറിയിച്ചാൽ മകനെ കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിക്കുമെന്ന് നാസർ എന്ന് പേരുള്ളയാൾ ഫോണിൽ പറഞ്ഞെന്നും ഇർഷാദിന്റെ മാതാവ് നബീസ പറഞ്ഞു.