INSIGHTMoviesNEWS

വില്ലനെന്നാൽ ക്രൂരൻ മാത്രമല്ല..! മലയാളികളുടെ സ്വന്തം ചിരിപ്പിക്കുന്ന വില്ലൻ; രാജൻ പി ദേവ് വിട പറഞ്ഞിട്ട് 13 വർഷം

ഒരു കാലത്തെ മലയാള സിനിമയിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നീ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിൽ പ്രധാന വില്ലനായിരുന്നു രാജൻ പി ദേവ്. വില്ലനായും ഹാസ്യതാരമായും മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ രാജൻ പി ദേവ് വിട പറഞ്ഞിട്ട് 13 വർഷം തികയുന്നു. നാടകത്തിൽ നിന്ന് സിനിമയിൽ എത്തുകയും പിന്നീട് നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കുകയും ചെയ്ത രാജൻ പി ദേവ് 2009 ജൂലൈ 29ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് വിടവാങ്ങിയത്. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഹാസ്യതാരമായും അദ്ദേഹം വെള്ളിത്തിരയിൽ വിസ്മയങ്ങൾ തീർത്തിട്ടുണ്ട്. വില്ലൻ എന്നാൽ ക്രൂരൻ എന്ന് മാത്രമല്ല അർത്ഥമെന്ന് മലയാളികൾക്ക് മനസിലാക്കി കൊടുത്തത് രാജൻ പി ദേവായിരുന്നു.

തന്റേതായ ശൈലി കൊണ്ട് വില്ലൻ വേഷങ്ങളെ മറ്റൊരു തലത്തിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മൺമറഞ്ഞ് 13 വർഷങ്ങൾ പിന്നിട്ടിട്ടും രാജൻ പി ദേവ് അവിസ്മരണീയമാക്കിയ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസിൽ അതേപടി നിലനിൽക്കുന്നു.

വില്ലൻ കഥാപാത്രങ്ങളിൽ പോലും അൽപ്പം നർമ്മം കലർത്തിയാണ് രാജൻ പി ദേവ് പലപ്പോഴും പ്രേക്ഷക മനസുകളെ കീഴടക്കിയത്. മോഹൻലാൽ നായകനായ ഇന്ദ്രജാലം എന്ന ചിത്രത്തിലെ കാർലോസ് എന്ന കഥാപാത്രം മുതൽ നൂറുകണക്കിന് വില്ലൻ വേഷങ്ങളാണ് രാജൻ പി ദേവ് കൈകാര്യം ചെയ്തത്. 1983ൽ പുറത്തിറങ്ങിയ എന്റെ മാമാട്ടിക്കുട്ടിയമ്മ ആയിരുന്നു രാജൻ പി ദേവിന്റെ ആദ്യ ചിത്രം. മൂന്ന് സിനിമകൾ സംവിധാനം ചെയ്തു. അച്ചാമ്മക്കുട്ടിയുടെ അച്ചായൻ, മണിയറക്കള്ളൻ, അച്ഛന്റെ കൊച്ചുമോൾക്ക് എന്നീ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. അജ്മൽ സംവിധാനം ചെയ്ത റിംഗ് ടോൺ ആണ് രാജൻ പി ദേവിന്റെ അവസാന ചിത്രം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close