
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം എസ് ധോണിയുമായുള്ള അനുഭവം പങ്കുവെച്ച് റോബിൻ ഉത്തപ്പ. ചെന്നൈ സൂപ്പർ കിംഗ്സിൽ ഉത്തപ്പ എത്തിയപ്പോൾ ക്യാപിൽ അദ്ദേഹം നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും ആശങ്കകളെക്കുറിച്ചുമാണ് താരം സംസാരിച്ചത്. ക്യാംപിൽ ക്യാപ്റ്റൻ ധോണിയെ എന്ത് വിളിക്കുക എന്നതായിരുന്നു ഉത്തപ്പയുടെ പ്രധാന പ്രശ്നം. പതിമൂന്ന് , പതിനാല് വർഷങ്ങൾക്കുശേഷം ധോണിയോടൊപ്പം കളിക്കുക എന്ന ആകാംഷയും ആശങ്കയും ഉത്തപ്പയെ അലട്ടിയിരുന്നു.
‘എല്ലാവരും ധോണിയെ മഹിഭായ് , മഹി സർ എന്നൊക്കെയാണ് വിളിക്കുന്നത്. ഒരു ദിവസം ഞാൻ ധോണിയുടെ അടുത്തുപോയി അദ്ദേഹത്തെ എന്താണു വിളിക്കേണ്ടതെന്നു ചോദിച്ചു. എനിക്ക് ഇഷ്ടമുള്ളതു വിളിച്ചോയെന്നായിരുന്നു ധോണിയുടെ മറുപടി. താൻ വർഷങ്ങൾക്കു മുൻപുള്ള അതേ ആളാണെന്നും ഒന്നും മാറിയിട്ടില്ലെന്നും ധോണി പറഞ്ഞു. തുടർന്ന് ഞാൻ അദ്ദേഹത്തെ മഹി എന്നു വിളിച്ചു. ചെന്നൈ ടീമിൽ അദ്ദേഹത്തെ അങ്ങനെ വിളിക്കുന്ന ഒരേയൊരാൾ ഞാൻ മാത്രമായിരുന്നു. ഞങ്ങളുടെ ബന്ധം അങ്ങനെയായിരുന്നു. അതിനു ക്രിക്കറ്റുമായി ബന്ധമില്ല. ഞങ്ങൾ ഒരുമിച്ചു ക്രിക്കറ്റ് കളിച്ചു. ഗ്രൗണ്ടിനു പുറത്തും ധോണിയുമായി നല്ല അടുപ്പമാണ്’- ഉത്തപ്പയുടെ വാക്കുകളാണിത് .
എനിക്കു മകളുണ്ടായപ്പോൾ ഞാൻ അവളുടെ ഫോട്ടോ മഹിക്ക് അയച്ചിരുന്നു. അവൾ എന്നെപ്പോലെയുണ്ടെന്നായിരുന്നു ധോണി പറഞ്ഞത്. ഞങ്ങൾ തമ്മിലുള്ള ബന്ധം ക്രിക്കറ്റിനും അപ്പുറത്തായിരുന്നു. 14 വർഷം മുൻപ് എങ്ങനെയായിരുന്നോ, അതേ ബന്ധം തന്നെ ഇപ്പോഴും തുടരുന്നും റോബിൻ ഉത്തപ്പ അഭിപ്രായപ്പെട്ടു. ധോണിയുടെ കീഴിൽ ഇന്ത്യ ട്വന്റി20 ലോകകപ്പ് നേടിയപ്പോൾ റോബിൻ ഉത്തപ്പയും ടീമിലുണ്ടായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ 2021 സീസണിൽ ഉത്തപ്പ ചെന്നൈ സൂപ്പർ കിങ്സിൽ ധോണിക്കു കീഴിൽ വീണ്ടും കളിച്ചു. ഉത്തപ്പ ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടി നിരവധി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച താരമാണ് . താരത്തിന്റെ ഉത്തപ്പ ഷോട്ട് ഏറെ പ്രശംസ നേടിയ ഒന്നാണ് . ചെന്നൈക്കു പുറമെ കൊൽക്കത്ത , ബാഗ്ലൂർ , പൂന്നെ, മുംബൈ ,രാജസ്ഥാൻ തുടങ്ങിയ ടീമുകൾക്കു വേണ്ടിയും ഉത്തപ്പ ഐ.പി.എൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട് .