
ന്യൂഡൽഹി: ലോക രാജ്യങ്ങളിൽ ഭീഷണി ഉയർത്തുന്ന മങ്കി പോക്സ് ഇന്ത്യയിലും സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിറം ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഒ അധർ പൂനെവാല. മങ്കി പോക്സ് പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ . കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അധർ പുനെവാലയുടെ പ്രതികരണം. വാക്സിൻ വികസിപ്പിക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങി. ഇക്കാര്യം മന്ത്രിയെ അറിയിച്ചു എന്നും പുനെവാല പറഞ്ഞു.
അതിനിടെ, തൃശൂരില് യു എ ഇയിൽ നിന്നെത്തിയ യുവാവിന്റെ മരണം മങ്കിപോക്സെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 20 പേർക്കും നിലവിൽ രോഗ ലക്ഷണങ്ങളില്ല. ഇവരെ നിരീക്ഷിക്കാൻ ആശാ വർക്കർമാരുടെയും, തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടേയുംപ്രത്യേക ടീം തയ്യാറാക്കിയിട്ടുണ്ട്.
ഹഫീസിന്റെ വീടിരിക്കുന്ന പുന്നയൂർ പഞ്ചായത്തിലെ കുരഞ്ഞിയൂർ വാർഡിലും ആറാം വാർഡിലുമാണ് ജാഗ്രത നിർദേശം. സമ്പർക്കത്തിലേർപ്പെട്ടവർ മങ്കിപോക്സിന്റെ ലക്ഷണങ്ങൾ കാണിക്കുന്നെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
മങ്കി പോക്സ് ബാധിതനായി നാട്ടിലെത്തിയിട്ടും ചികിത്സ തേടിയില്ല; രോഗ വിവരം മറച്ചുവെച്ച് കൂട്ടുകാരുമൊത്ത് ഫുട്ബോള് കളിച്ചും ആഘോഷ പരിപാടികളില് പങ്കെടുത്തും യുവാവ്; തൃശ്ശൂരിൽ ഹഫീസിന്റെ ജീവനെടുത്തത് രോഗത്തെ നിസാരമായി കണ്ടത്
തൃശ്ശൂർ: മങ്കിപോക്സ് ബാധിച്ച് യുവാവ് മരിച്ച സംഭവത്തിൽ രോഗത്തെ നിസാരമായി കണ്ടതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആരോഗ്യ വിദഗ്ധർ. ലോകം മുഴുവൻ ചർച്ചചെയ്തു കൊണ്ടിരിക്കുന്ന അസുഖമാണെന്നറിഞ്ഞിട്ടും നാട്ടിലെത്തി ചികിത്സ തേടാതിരുന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്.
ഒമ്പതുമാസം മുമ്പാണ് യുവാവ് യു.എ.ഇ. യിൽ ജോലിക്കുപോയത്. 21-ന് നാട്ടിലെത്തിയശേഷം രോഗിയാണെന്ന വിവരം വീട്ടുകാരോടോ അടുത്ത സുഹൃത്തുക്കളോടോ പറഞ്ഞിരുന്നില്ല. കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിക്കുകയും ആഘോഷ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. പിന്നീട് വീട്ടിൽ കുഴഞ്ഞ് വീണു. അപ്പോഴേക്കും അണുബാധ ശരീരമാകെ വ്യാപിച്ചിരുന്നു. വിദേശത്തേക്ക് പോകുംമുമ്പ് നാട്ടിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നയാളാണ് മരിച്ചത്.
തൃശ്ശൂരിലെ ആശുപത്രിയിൽ എത്തിക്കുമ്പോൾ രോഗി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിൽ കൃത്യമായ രോഗനിർണയം നടക്കാതെ വന്നതായും ആരോപണമുണ്ട്.
മരണകാരണം വാനരവസൂരിയോ..
വാനരവസൂരി ബാധിക്കുന്നവർ മരിക്കുന്നത് ആ രോഗംകൊണ്ടുമാത്രമെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നാണ് വിദഗ്ധാഭിപ്രായം. പാശ്ചാത്യരാജ്യങ്ങളിൽ ഈ വർഷം അനേകായിരം പേർക്ക് രോഗം പിടിപെട്ടെങ്കിലും മൂന്നു മരണങ്ങൾ മാത്രമാണ് ഉണ്ടായത്.
ഇവരിൽ മറ്റ് ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന് ബ്രസീലിൽ മരിച്ച 41-കാരൻ അർബുദബാധിതനായിരുന്നു. സ്പെയിനിൽ മരിച്ചയാൾക്ക് അർബുദവും മസ്തിഷ്ക വീക്കവും. കേരളത്തിലെ മരണത്തെക്കുറിച്ചും വിശദമായ പരിശോധന വേണമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിട്ടുള്ളത്. ”മരിച്ചയാൾക്ക് അനുബന്ധ രോഗങ്ങൾ ഉണ്ടായിരുന്നുവോ, അവസാന മണിക്കൂറുകളിൽ ശരീരത്തിൽ എന്തൊക്കെ സംഭവിച്ചു തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി അറിഞ്ഞാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ. മരിച്ചയാളിൽ വാനരവസൂരി സ്ഥിരീകരിച്ചു എന്നത് ശരിയാണ്. എന്നാൽ, മരണകാരണം അതാണെന്ന് ഉറപ്പിക്കാറായിട്ടില്ല.” -ഐ.എം.എ. സ്റ്റേറ്റ് എപ്പിഡമിക് സെൽ വൈസ് ചെയർമാൻ ഡോ. രാജീവ് ജയദേവൻ പറഞ്ഞു.