
കോമൺവെൽത്ത് ഗെയിംസിൽ ടേബിൾ ടെന്നിസ് പുരുഷ ടീം ഇനത്തിൽ ഇന്ത്യയ്ക്ക് സ്വർണം. സിംഗപ്പൂരിനെ തോൽപിച്ചാണ് സ്വർണ്ണം നേടിയത് . പുരുഷ വിഭാഗം ഭാരോദ്വഹനത്തിൽ വികാസ് ഠാക്കൂർ വെള്ളിയും നേടിയതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 12 ആയി ഉയർന്നു. അഞ്ച് സ്വർണം, നാലു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെയാണ് മെഡൽ നേട്ടം.
വനിതാ ലോൺബോൾസിൽ പുതിയ ചരിത്രമെഴുതിയാണ് ഫൈനലിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ 17–10ന് വീഴ്ത്തി ഇന്ത്യൻ വനിതകൾ സ്വർണം നേടിയത്. ലൗലി ചൗബെ (ലീഡ്), പിങ്കി (സെക്കൻഡ്), നയൻമോണി സയ്ക (തേഡ്), രൂപാ റാണി ടിർക്കി (സ്കിപ്) എന്നിവരാണ് വനിതാ വിഭാഗം ലോൺ ബോൾസിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയത്. കോമൺവെൽത്ത് ഗെയിംസ് ലോൺ ബോൾസിൽ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയുടെ മെഡൽനേട്ടം. ലോൺ ബോൾസിൽ മൂന്നു തവണ സ്വർണം നേടിയിട്ടുള്ള ടീമാണ് ദക്ഷിണാഫ്രിക്ക.
ടേബിൾ ടെന്നിസ് പുരുഷവിഭാഗം ടീമിനത്തിൽ ഹർമൻപ്രീത് ദേശായ്, സത്യൻ ജ്ഞാനശേഖരൻ എന്നിവരുൾപ്പെട്ട ടീമാണ് സ്വർണം നേടിയത്. ഫൈനലിൽ സിംഗപ്പുരിനെ 3–1ന് തോൽപ്പിച്ചാണ് ഇന്ത്യൻ ടീമിന്റെ സ്വർണനേട്ടം.
പുരുഷവിഭാഗം ഭാരോദ്വഹനത്തിൽ 96 കിലോഗ്രാം വിഭാഗത്തിലാണ് വികാസ് ഠാക്കൂർ വെള്ളി നേടിയത്. തുടർച്ചയായ മൂന്നാം കോമൺവെൽത്ത് ഗെയിംസ് മെഡലാണ് വികാസിന്റേത്. 2014ൽ വികാസ് വെള്ളിയും 2018ൽ വെങ്കലവും നേടിയിരുന്നു. ഇരു വിഭാഗങ്ങളിലുമായി ആകെ 346 കിലോഗ്രാം ഭാരമുയർത്തിയാണ് വികാസ് ഠാക്കൂർ വെള്ളി ഉറപ്പിച്ചത്.