KERALANEWSTrendingUncategorized

പാട്ട് കേട്ടവർ പരാതി നൽകി; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഗായകനോട് ഇനി പാടരുതെന്ന് പോലീസും; വി‍‌ചിത്ര പരാതി ഇങ്ങനെ..

സമൂഹ മാധ്യമങ്ങളിൽ വൈറലായ ഗായകനെ പാടാൻ വിലക്കി പോലീസ്. പാട്ട് കേട്ടവർ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. ഇനി പാടരുതെന്ന് പൊലീസ് താക്കീത് ചെയ്തെന്നാണ് പരാതി. ബംഗ്ലാദേശി ഗായകൻ ഹീറോ ആലമിനെയാണ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഇനി പാടരുതെന്ന് ആവശ്യപ്പെട്ടത്.

ഫേസ് ബുക്കിൽ 2 മില്യണിലധികം പേരും യൂ ട്യൂബിൽ 1.5 മില്യൺ പേരും പിന്തുടരുന്ന ഗായകനാണ് ഹീറോ ആലം. ഇദ്ദേഹത്തിൻറെ പാട്ടുകളെ കുറിച്ച് പരാതി ലഭിച്ചതോടെയാണ് ഇനി പാടരുതെന്ന് പൊലീസ് താക്കീത് ചെയ്തതെന്നാണ് റിപ്പോർട്ട്. രബീന്ദ്രനാഥ ടാഗോറിൻറെയും ബംഗ്ലാദേശി കവി കാസി നസ്‌റുൽ ഇസ്‍ലാമിന്റേയും കൃതികൾ പാടി വികൃതമാക്കി എന്നാണ് പരാതി. പൊലീസ് തന്നെ വിളിപ്പിച്ച് ഗായകനാകാൻ യോഗ്യനല്ലെന്ന് മാപ്പ് അപേക്ഷ ഒപ്പിട്ടുവാങ്ങിയെന്ന് ആലം പറയുന്നു.

‘രാവിലെ ആറു മണിക്ക് പൊലീസ് എന്നെ കൂട്ടിക്കൊണ്ടുപോയി. പൊലീസ് സ്‌റ്റേഷനിൽ എട്ടു മണിക്കൂർ പിടിച്ചുനിർത്തി. ഞാൻ എന്തുകൊണ്ടാണ് ടാഗോറിന്റേയും നസ്‌റുലിന്റേയും കവിതകൾ ആലപിക്കുന്നത് എന്ന് ചോദിച്ചു’- എഎഫ്പിക്ക് നൽകിയ അഭിമുഖത്തിൽ ഹീറോ ആലം പറഞ്ഞു.

എന്നാൽ ധാക്ക പൊലീസ് ആരോപണങ്ങൾ നിഷേധിച്ചു. സോഷ്യൽ മീഡിയയിൽ വൈറൽ ആകാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് പൊലീസിൻറെ വിശദീകരണം. അതേസമയം ഹീറോ ആലമിന്റെ ആരാധകർ പൊലീസിനെതിരെ രംഗത്തെത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തെ പൊലീസ് അടിച്ചമർത്തുകയാണെന്നാണ് ആരാധകർ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close