
തിരുവനന്തപുരം: ഹെൽമറ്റിൽ ക്യാമറവെച്ചാൽ ഇനി കർശന നടപടി. ഹെൽമെറ്റിൽ ക്യാമറ വച്ച് പിടികൂടിയാൽ 1,000 രൂപ പിഴ ഈടാക്കാൻ ഗതാഗത കമ്മിഷണർ ഉത്തരവ് നൽകി. കർശന നടപടിയെടുക്കാനാണ് ഗതാഗത കമ്മിഷണറുടെ ഉത്തരവ്.
പിടിക്കുമ്പോൾ ആദ്യം മുന്നറിയിപ്പ് നൽകുമെന്നും കുറ്റം വീണ്ടും ആവർത്തിച്ചാൽ കർശ്ശന നടപടി കൈക്കൊള്ളുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുന്നറിയിപ്പ് അവഗണിച്ച് കുറ്റം തുടർന്നാൽ മൂന്നു മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനാണ് കമ്മിഷണർ ഉത്തരവിട്ടിരിക്കുന്നത്. ഹെൽമറ്റിൽ ക്യാമറ ഉപയോഗിക്കുന്നതിനെ നേരത്തെയും മോട്ടോർ വാഹന വകുപ്പ് രംഗത്തു വന്നിരുന്നു. പലർക്കും ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹെൽമറ്റിൽ ക്യാമറ പിടിപ്പിക്കുന്നത് പൊതുജനങ്ങൾക്കും വാഹനമോടിക്കുന്നയാൾക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തിയാണെന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ഹെൽമറ്റിൽ ക്യാമറ ഉപയോഗിച്ച് വിഡിയോ ചിത്രീകരിക്കുന്നത് കണ്ടാൽ ആർ.സി ബുക്കും ലൈസൻസും റദ്ദാക്കുമെന്നാണ് നേരത്തെ മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നത്.