തിരുവനന്തപുരം : വീട്ടിലെ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹ അവശിഷ്ടം കൊല്ലപ്പെട്ട സുനിതയുടേത് തന്നെന്ന് വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ ഡി. എൻ. എ പരിശോധനാ ഫലത്തിലാണ് ഇപ്രകാരം പറഞ്ഞിട്ടുളളത്.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ പട്ടം സ്വദേശി ഡി. വൈ. എസ്. പി എസ്. സുരേഷ്‌കുമാർ വരുത്തിയ ഗുരുതര പിഴവിനെ തുടർന്നാണ് പ്രോസിക്യൂഷൻ കൊല്ലപ്പെട്ട സുനിതയുടെ ഡി. എൻ. എ പരിശോധന നടത്തണം എന്ന ആവശ്യം കോടതിയിൽ ഉന്നയിച്ചത്. പ്രതിഭാഗത്തിന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് കോടതി പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചത്. കൊല്ലപ്പെട്ട സുനിതയുടെ രണ്ട് പെൺമക്കളായ ജോമോൾ, ജീനാമോൾ എന്നിവരെ കോടതിയിൽ വിളിച്ചു വരുത്തിയാണ് രക്ത സാമ്പിൾ ശേഖരിച്ചതും ഡി. എൻ. എ പരിശോധനയക്ക് അയച്ചതും.
കേസ് വിചാരണയുടെ ആദ്യ ഘട്ടം മുതൽ സുനിത ജീവിച്ചിരുപ്പുണ്ടെന്ന് പ്രതിഭാഗം നിലപാട് സ്വീകരിച്ചതോടെയാണ് കോടതി രേഖകളിൽ ഇല്ലാതിരുന്ന ഡി. എൻ. എ പരിശോധനാ റിപ്പോർട്ടിന് പ്രോസിക്യൂഷൻ ആവശ്യം ഉന്നയിച്ചത്. ഡി. എൻ. എ അനുകൂലമായി വന്ന സാഹചര്യത്തിൽ ശാസ്ത്രീയ പരിശോധനാ വിദഗ്ദരായ ആറ് സാക്ഷികളെ വിസ്തരിയ്ക്കാൻ അനുവധിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചു.
സ്‌റ്റേറ്റ് ഫോറൻസിക് ലാബിലെ ഉദ്യോഗസ്ഥരായ ഡി. എൻ. എ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ കെ. വി. ശ്രീവിദ്യ, മോളിക്യൂലർ ബയോളജി വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ എസ്. ഷീജ, സെറോളജി വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ സുനിത, വി.ബി, കെമസ്ട്രി വിഭാഗം സൈൻന്റിഫിക് ഓഫീസർ ദിവ്യ പ്രഭ എസ്. എസ്, ഡി. സി. ആർ. ബി യിലെ സൈൻന്റിഫിക് അസിസ്റ്റൻഡ് ദീപ എ.എസ്, ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. ജോണി. എസ്. പെരേര എന്നിവരെയാണ് പുതുതായി വിസ്തരിക്കുന്നത്.
2013 ആഗസ്റ്റ് മൂന്നിനാണ് കേസിലെ പ്രതിയായ ജോയ് ആന്റണി തന്റെ ഭാര്യയായ സുനിതയെ മർദ്ദിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച് ചുട്ടു കരിച്ചത്. കത്തി കരിഞ്ഞ മൃതദേങം മൂന്ന് കഷ്ണങ്ങളാക്കി പ്രതി തന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ തളളിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
പ്രതിക്കെതിരായ കൂടുതൽ ശാസ്ത്രീയ തെളിവുകൾ സമാഹരിക്കുന്നതിനും അന്വേഷണത്തിലെ വീഴ്ചകൾ പരിഹരിക്കുന്നതിനുമാണ് പ്രോസിക്യൂഷന്റെ ശ്രമം. പ്രതിക്കായി ക്‌ളാരൻസ് മിറാൻഡയും പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, ദീപ വിശ്വനാഥ്, വിനു മുരളി, മോഹിത മോഹൻ, തുഷാര രാജേഷ് എന്നിവർ ഹാജരായി.