INDIANEWSTop News

പ്രതിരോധമേഖലക്ക് കരുത്തായി 118 യുദ്ധ ടാങ്കുകൾ; ചിലവഴിക്കാനായി 7523 കോടി രൂപ നീക്കിവെച്ച് പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: പ്രതിരോധപ്രവർത്തനങ്ങളിലും ആയുധശേഖരത്തിലും മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇപ്പോഴിതാ ഇന്ത്യൻ സേനയുടെ ആയുധശേഖരം ശക്തിപ്പെടുത്തുന്നതിനായി പുതിയ കരാറുമായി പ്രതിരോധ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നു. 118 യുദ്ധ ടാങ്കുകൾ നിർമ്മിക്കുന്നതിനുള്ള കരാറാണ് നൽകിയിരിക്കുന്നത്. 7523 കോടി രൂപയാണ് പ്രതിരോധ മന്ത്രാലയം ഇതിനായി നീക്കിവെച്ചിരിക്കുന്നത്.

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിപ്രകാരം, ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിനു കീഴില്‍ തമിഴ്നാട്ടിലെ ആവടിയിലുള്ള ഹെവി വെഹിക്കിള്‍സ് ഫാക്ടറിയാണ് ടാങ്കുകള്‍ നിര്‍മിക്കുക. അർജുൻ എംകെ–1എ യുദ്ധ ടാങ്കുകൾ ആണ് നിർമ്മിക്കുക. നിലവില്‍ കരസേനയുടെ ഭാഗമായ അര്‍ജുന്‍ എംകെ-1 മെയിന്‍ ബാറ്റില്‍ ടാങ്കറിന്റെ (എംടിബി) പരിഷ്‌കരിച്ച പതിപ്പാണ് അര്‍ജുന്‍ എംകെ-1എ ടാങ്കര്‍. മുന്‍ മോഡലില്‍ നിന്ന് പ്രധാനപ്പെട്ട 14 മാറ്റങ്ങള്‍ ഉള്‍പ്പെടെ 72 നവീകരണങ്ങളോടെയാണ് ടാങ്കര്‍ നിര്‍മിച്ചത്.

7523 കോടി വിലമതിക്കുന്ന കരാർ പ്രതിരോധ മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനു കൂടുതൽ ഊർജം പകരുമെന്നും ‘ആത്മനിർഭർ ഭാരതി’ലേക്കുള്ള ഒരു പ്രധാന കാൽവയ്പാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു. എല്ലാ ഭൂപ്രദേശങ്ങളിലും അനായാസമായി പ്രവർത്തിക്കാൻ ശേഷിയുള്ള ഇവ രാത്രി– പകൽ വ്യത്യാസമില്ലാതെ ലക്ഷ്യം ഭേദിക്കാൻ കഴിവുള്ളവയാണെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ മൾട്ടി ലെയർ പരിരക്ഷയാണ് ഇതിൽ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രാലയം അവകാശപ്പെടുന്നു.

ചലിക്കുന്ന പ്രതലത്തിലും അല്ലാതെയും പ്രവര്‍ത്തനക്ഷമതയ്ക്ക് ഭംഗമില്ലാതെ ഉപയോഗിക്കാനാവുന്നതാണ് അര്‍ജുന്‍ ടാങ്കിന്റെ പുതിയ മാതൃക. വെടിയുതിര്‍ക്കാനുള്ള ശേഷിയും ചലനവേഗവും അതിജീവനശക്തിയും കൂടിയ അര്‍ജുന്‍ ടാങ്കുകളുടെ നൂതന വകഭേദമാണിവ. ഓട്ടോ ടാര്‍ഗറ്റ് ട്രാക്കര്‍, റിമോട്ട് കണ്‍ട്രോള്‍ഡ് വെപ്പണ്‍ സിസ്റ്റം, എക്‌സ്‌പ്ലോസീവ് റിയാക്ടീവ് ആര്‍മര്‍, അഡ്വാന്‍സ്ഡ് ലേസര്‍ വാര്‍ണിങ് കൗണ്ടര്‍മെഷര്‍ സിസ്റ്റം, അഡ്വാന്‍സ്ഡ് ലാന്‍ഡ് നാവിഗേഷന്‍ സിസ്റ്റം, ഇംപ്രൂവ്ഡ് നൈറ്റ് വിഷന്‍ തുടങ്ങിയ നിരവധി നൂതന സംവിധാനങ്ങള്‍ ടാങ്കറിലുണ്ട്.

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ ചെന്നൈ ആസ്ഥാനമായുള്ള കോംബാറ്റ് വെഹിക്കിള്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് കേന്ദ്രമാണ് (സിവിആര്‍ഡിഇ) ടാങ്ക് രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതും. പുതിയ ടാങ്കറിന്റെ പ്രോട്ടോടെപ്പ് ഈ വര്‍ഷം ഫെബ്രുവരിയില്‍ കരസേന മേധാവി നര്‍വാനെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവയുടെ നിര്‍മാണം ശക്തിപ്പെടുത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close