INSIGHTTrending

130 കോടിയില്‍ ഞാനില്ല/ ഉണ്ട് …. ഒരവലോകനം

ആ 130 കോടിയില്‍ ഞാനില്ല/ ഞാനുണ്ട് …. അതായത് ബാബ്റി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതില്‍ അഭിമാനം കൊള്ളുന്നവരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ ആ 130 കോടി ജനങ്ങളില്‍ ഉണ്ടോ ഇല്ലയോ എന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഭാഗ്യം… ഈ കാര്യത്തില്‍ എല്ലാവര്‍ക്കും ഓരോ അഭിപ്രായം ഉണ്ട്. കാര്യം കൃത്യമായി അറിയാമെങ്കിലും ഇല്ലെങ്കിലും രണ്ടില്‍ ഒന്ന് എല്ലാവരും തിരഞ്ഞെടുത്ത് തങ്ങളുടെ അഭിപ്രായമാക്കുന്നുമുണ്ട്.
രാമക്ഷേത്രം എന്ന അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കാതെ ചിലര്‍ അതിനെ ഭാഗികമായും അനുകൂലിക്കുന്നുണ്ട്. അവരുടെ ന്യായം ഇങ്ങനെയാണ്. രാജ്യത്ത് മതേതരത്വം എന്നത് ഹജ്ജിന് പോകുന്ന ഇസ്ലാം മതസ്ഥര്‍ക്ക് സബ്‌സിഡി കൊടുക്കുന്നിടത്തുമാത്രം ഒതുങ്ങേണ്ടതല്ല. ഭൂരിപക്ഷമായതുകൊണ്ട് വിശ്വാസങ്ങള്‍ ഹിന്ദുക്കളില്‍ ഇല്ലാതാകുന്നുമില്ല. ബാബര്‍ ഇന്ത്യയില്‍ എത്തുന്നതിന് മുന്നേ രാമനും അയോദ്ധ്യയും അവിടുണ്ടായിരുന്നു. പള്ളി പണിതത് രാമക്ഷേത്രത്തിന് മുകളിലാണ്… അതുകൊണ്ടുതന്നെ സെക്യുലര്‍ എന്ന അവകാശവാദം സത്യമാകാന്‍ അവിടെ ഒരു ക്ഷേത്രം ആവശ്യമാണ്. എന്നാല്‍ വെള്ളി ഇഷ്ടികയും കോടികളുടെ കെട്ടിടങ്ങളും രാജ്യം മുഴുവന്‍ കൊട്ടിഘോഷിച്ചുള്ള ആഘോഷവും ആവശ്യമില്ല. ഒരു ക്ഷേത്രം മാത്രം മതി. അതിനായി ചിലവാക്കുന്ന പണം രാജ്യത്തിന്റെ പുരോഗതിക്ക് ഉപയോഗിക്കണം. കോവിഡ് കാലത്തല്ല ഇപ്പോള്‍ കാണിച്ചതുപോലെ ഒരു വലിയൊരു ചടങ്ങ് നടത്തേണ്ടത്. നടത്തിയതിലല്ല അത് ഒരു മഹാസംഭവമാക്കിയതാണ് തെറ്റ്.


ഇനി ഒപ്പം നില്‍ക്കുന്നവരുടെ അഭിപ്രായം. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. എത്ര എത്ര ക്ഷേത്രങ്ങളാണ് ഇന്ത്യയില്‍ തകര്‍ക്കപ്പെട്ടത്. എത്ര കാലമായി രാമചന്ദ്രപ്രഭു ഒരു ടെന്റില്‍ കഴിയുന്നു. ഇനി എങ്കിലും വനവാസം അവസാനിപ്പിക്കണം… രാമരാജ്യം പുനഃസ്ഥാപിക്കണം. രാമ രാജ്യം വന്നാല്‍ രാമായണത്തില്‍ പറയുന്ന മോദിജി സ്വപ്‌നം കണ്ട കിനാശ്ശേരി … ക്ഷമിക്കണം ഭാരത സങ്കല്‍പം നടപ്പിലാകും.
ഇനി പ്രതികൂലിക്കുന്നവര്‍ പറയുന്നത്.
നീതിദേവത പണ്ടേ കണ്ണുകെട്ടി ഇരിപ്പാണ് ഇതൊക്കെ കണ്ട് സഹിക്കാന്‍ കഴിയാത്തതു കൊണ്ട്. നല്ല വായു ഇല്ലാതെ വെളിച്ചമില്ലാതെ ലക്ഷോപലക്ഷം ജനങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. ഞാനില്ല നീയില്ല ഇന്നത്തെ സാഹചര്യത്തില്‍ നമ്മള്‍ ഉണ്ടാകുമോ എന്നുറപ്പുമില്ല. വീട്ടിലുള്ളവര്‍ തൊഴിലും കൂലിയുമില്ലാതെ വീട്ടിലിരുപ്പ് തുടങ്ങിയിട്ട് ആറുമാസം കഴിയുന്നു. ഇപ്പോള്‍ മതമല്ല വിശപ്പാണ് വിഷയം. അരിയും പയറും നുള്ളിപ്പെറുക്കി എടുത്ത് വേവിക്കുമ്പോള്‍ ആധിയാണ് നാളെ ഇതു പോലും കാണുമോ എന്നോര്‍ത്ത്. കാരണം. ലോകം മുഴുവനുള്ള അവസ്ഥ ഇതാണല്ലോ. പിന്നെ അവിടെ പൊട്ടിക്കുന്ന കോടികള്‍ ഉണ്ടെങ്കില്‍ രാജ്യത്തെ അതിവേഗം കരകയറ്റാനുള്ള പല വഴികളും തെളിയും. കാക്കക്കു കാഷ്ടിക്കാനുള്ള പ്രതിമകള്‍ ഉണ്ടാക്കുന്ന ബുദ്ധി കാണിക്കാനുള്ള സമയമല്ലിത്. ഹിന്ദു എന്നാല്‍ സനാതന ധര്‍മ്മം എന്നാണ് വ്യാഖ്യാനമെങ്കില്‍ അതില്‍ പട്ടിണിക്കാലത്ത് വെള്ളി ഉഷ്ടിക കൊണ്ടുപോയി മണ്ണിനടിയില്‍ ഇടാനല്ല പറയുന്നത്. പള്ളി പൊളിക്കാനോ അമ്പലം കെട്ടാനോ അല്ല. നിങ്ങള്‍ വേദങ്ങളില്‍ വിശ്വസിക്കുന്നെങ്കില്‍ അതില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യൂ. അല്ലാതെ വോട്ട് ബാങ്കിലേക്ക് നിക്ഷേപം കൂട്ടാന്‍ ശ്രമിക്കാതിരിക്കു. പിന്നെ 130 അല്ല 135 ആണ് ആകെ ജനസംഖ്യ. അതില്‍ അഞ്ചു ശതമാനത്തെ ഉപേക്ഷിച്ചതാണോ… അതോ നേരത്തെ തന്നെ എതിര്‍ക്കുന്ന വിഭാഗത്തെ രാജ്യദ്രോഹികളാക്കി പടി കടത്തിയോ….
വാദങ്ങള്‍ ഇങ്ങനെ മുറുകുകയാണ്. എല്ലാ പക്ഷത്തിനും അവരുടേതായ വാദങ്ങള്‍ ഉണ്ട്. അതിന്റെ പേരില്‍ ആത്യന്തിക ലാഭം ശരിക്കും ഇത്തരം പോസ്റ്റുകള്‍ ഇട്ട് ലൈക്ക് നേടുന്നവര്‍ക്കും മറ്റുമല്ലെ…. അല്ലെങ്കില്‍ എന്തിനേയും വോട്ടാക്കിമാറ്റുന്ന രാഷ്ട്രീയ ചാണക്യന്മാര്‍ക്കല്ലേ.

Tags
Show More

Related Articles

Back to top button
Close