
ലണ്ടന്‍: ഒരു ദിവസം പോലും അവധിയെടുക്കാതെ ജോലി ചെയ്യുന്നവര്‍ക്ക് വട്ടാണെന്ന് പലരും പറയാറുണ്ട്. ഇടയ്ക്ക് ഒരു അവധിയൊക്കെ എടുത്ത്, ഹോളിഡേ ആഘോഷിച്ച് ജീവിതം ആസ്വദിക്കണം എന്ന് ഉപദേശിച്ചവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ റോയ് ഖര്‍ബാന്‍ഡ തുനിഞ്ഞില്ല. അവധിയില്ലാതെ ആ പ്രവര്‍ത്തനം ഒന്നും രണ്ടും വര്‍ഷമല്ല, നീണ്ട 38 വര്‍ഷങ്ങള്‍ നീണ്ടുനിന്നു. ഹാംപ്ഷയര്‍ സൗത്താംപ്ടണില്‍ 1982-ല്‍ വാങ്ങിയ സ്റ്റോറാണ് ഒരു ദിവസം പോലും അടച്ചിടാതെ തുടര്‍ച്ചയായ 13,416 ദിവസങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ത്യന്‍ വംശജനായ റോയ് സന്നദ്ധനായത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ 12 മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്ന 62-കാരന്, ക്രിസ്മസ് ദിനത്തില്‍ പോലും ഒരു മണിക്കൂര്‍ ഷോപ്പ് തുറക്കുമായിരുന്നു. ഒടുവില്‍ വര്‍ഷങ്ങള്‍ നീണ്ട യത്നം അവസാനിപ്പിച്ച് റോയ് ജോലിയില്‍ നിന്ന് വിരമിച്ചിരിക്കുകയാണ്. തന്റെ മൂന്ന് പെണ്മക്കള്ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കുകയായിരുന്നു ഈ പിതാവിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ ഹോളിഡേ പോലുള്ളവ അനാവശ്യമായാണ് അദ്ദേഹം കരുതിയത്.

മൂന്ന് മക്കളും ഡോക്ടര്‍, എഞ്ചിനീയര്‍, ലോയര്‍ പദവികളില്‍ വിജയകരമായി എത്തിച്ചേര്‍ന്നിരിക്കുന്നു. ഇതിന് ശേഷമാണ് 24-ാം വയസ്സില്‍ തുടങ്ങിയ ദൗത്യം റോയ് അവസാനിപ്പിക്കുന്നത്. ഇനിയെങ്കിലും തന്റെ ഭാര്യ സാഷിയെ ഒന്ന് മനസ്സിലാക്കണമെന്ന തമാശയോടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 39 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ഇടയിലെ ആദ്യത്തെ ഹോളിഡേയ്ക്കുള്ള ഒരുക്കവും തുടങ്ങിക്കഴിഞ്ഞു. ‘എനിക്ക് വിവേകമില്ലെന്ന് ആളുകള്‍ ചിന്തിക്കും. പക്ഷെ ഞാന്‍ ജീവിച്ചത് മക്കള്‍ക്ക് വേണ്ടിയാണ്. എല്ലാം വരും പോകും, പക്ഷെ വിദ്യാഭ്യാസം എക്കാലവും നിലനില്ക്കും. ഇതാണ് ജീവിതത്തിലെ മന്ത്രം’, റോയ് ചൂണ്ടിക്കാണിച്ചു. 1982 ഒക്ടോബര്‍ 4ന് തുടങ്ങിയ ഷോപ്പില്‍ നിന്നാണ് ഈ ജൂലൈ 16ന് അദ്ദേഹം പടിയിറങ്ങിയത്. പ്രദേശത്തെ ചില കുടുംബങ്ങളിലെ അഞ്ച് തലമുറയെ വരെ സേവിച്ച റോയിയെ യാത്രയാക്കാന്‍ മേഖലയിലെ 150-ഓളം ജനങ്ങള്‍ കൈയടികളുമായി തെരുവിലിറങ്ങി.

പഞ്ചാബില്‍ നിന്നാണ് 1981-ല്‍ റോയ് സൗത്താംപ്ടണില്‍ എത്തുന്നത്. സാഷിയെ വിവാഹം ചെയ്യാനായിരുന്നു ഇത്. തൊട്ടടുത്ത വര്‍ഷം ടെസ്റ്റ്വുഡ് റോഡിലെ ടെസ്റ്റ്വുഡ് സ്റ്റോര്‍സ് ഷോപ്പ് അദ്ദേഹം ഏറ്റെടുത്തു. പിന്നീടുള്ള വര്‍ഷങ്ങളില്‍ കഠിനാധ്വാനം ചെയ്തു. മൂന്ന് പെണ്മക്കളെയും വര്‍ഷം 13,000 പൗണ്ട് ഫീസുള്ള ഗ്രെഗ് പ്രൈവറ്റ് സ്കൂളിലേക്ക് അയച്ചു. ഈ കുട്ടികളില്‍ മുതിര്‍ന്നവളായ മീര ജനറ്റിസ്റ്റാണ്. രണ്ടാമത്തെ ആള് നതാഷ എഞ്ചിനീയറും, ഇളയവളായ ജസ്റ്റീന്‍ മൈക്രോസോഫ്റ്റിന്റെ അഭിഭാഷകയുമാണ്. മക്കളെ ഒരു നിലയില്‍ എത്തിച്ച ചാരിതാര്‍ത്ഥ്യത്തോടെയാണ് റോയ് വിരമിച്ചത്.