കുട്ടികളെ പ്ലേ സ്ക്കൂളില്‍ വിടുന്നവര്‍ അറിയാന്‍

രണ്ടും രണ്ടരയും വയസ്സാകുമ്പോൾ പ്ലേ ക്ലാസിലെത്തുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്. അച്ഛനും അമ്മയും ജോലിയുള്ളവരാണെങ്കിൽ ചിലർ ആറുമാസം കഴിയുമ്പോൾത്തന്നെ ഡേകെയറുകളിലുമത്തും.മൂന്നു വയസ്സുവരെ കുട്ടി നിർബന്ധമായും മാതാപിതാക്കളുടെ നേരിട്ടുള്ള സംരക്ഷണത്തിലും ശ്രദ്ധയിലും കഴിയണമെന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ രണ്ടും രണ്ടരയും വയസ്സുള്ളപ്പോൾ പ്ലേസ്കൂളിലും അങ്കണവാടിയിലും വിടുന്നത് കുട്ടിക്കു ഗുണകരമാകില്ലത്രേ. കുട്ടിക്ക് സാമൂഹികമായി ഇടപഴകുന്നതിനുള്ള ശേഷി വികസിച്ചിട്ടില്ല എന്നതാണു കാരണം.
മൂന്നു മുതൽ നാലു വരെ വയസ്സ് പ്രായം സമപ്രായക്കാരുമായി ഇടപഴകാനും അവരെ ശ്രദ്ധിക്കാനും കുട്ടിക്ക് ഏറെ താൽപര്യമുള്ള കാലമാണ്. മൂന്നു വയസ്സു കഴിഞ്ഞാൽ വീട്ടിലിരിപ്പ് കുട്ടിക്ക് രസകരമല്ലാതാകും. ഇവരെ വീട്ടിലിരുത്തുന്നത് ശിശുവികാസത്തെത്തന്നെ പ്രതികൂലമായി ബാധിക്കാം. സാമൂഹികശേഷീ വികാസവും കുറയാം.
നിരീക്ഷണം, അനുഭവം എന്നിവയിലൂടെയാണ് കുട്ടി വിജ്ഞാനം ആർജിക്കുന്നത്. സമപ്രായക്കാരെ നിരീക്ഷിച്ച് അവരുമായി ഇടപഴകുന്ന അനുഭവങ്ങളും ലഭിക്കുന്ന ആശയങ്ങളും കുട്ടിക്ക് വിജ്ഞാനപ്രദമാകുന്നു. വീട്ടിലിരിക്കുന്ന കുട്ടിക്ക് ഈ വിജ്ഞാനം കുറയും.