മുവാറ്റുപുഴ: ജില്ലയിലെ ഏറ്റവും വലിയ ചിറകളില്‍ ഒന്നായ മൂവാറ്റുപുഴ ആവോലി പഞ്ചായത്തിലെ ആനിക്കാട് ചിറ കൊവിഡിന്റെ മറവില്‍ വില്‍പന നടത്തുന്നതായി പരാതി. 20 വര്‍ഷത്തെ പാട്ടത്തിനായാണ് തുച്ഛമായ തുകയ്ക്കു ചിറ കൈമാറ്റമെന്നും ശേഷം കരാര്‍ തുടര്‍ന്നുകൊണ്ടു പോകാനുള്ള സര്‍വാവകാശങ്ങളും അവര്‍ക്ക് നല്‍കാനാണ് നീക്കമെന്നുമാണ് ആരോപണം.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിടുക്കപ്പെട്ട് ആരും അറിയാതെയാണ് കരാര്‍ തയാറാക്കിയിരിക്കുന്നത്. പഞ്ചായത്തില്‍ പോലും ചര്‍ച്ചയ്ക്ക് എടുക്കാതെ ആവോലി ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ഒത്താശയോടെ പഞ്ചായത്ത് അധികാരികളും സെക്രട്ടറിയും ചേര്‍ന്നാണ് കരാറിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ബിനാമികളെ വെച്ച് ഉണ്ടാക്കിയ തട്ടിക്കൂട്ട് സംഘടനയ്ക്ക് ചിറ കൈമാറാനാണ് ശ്രമം. ആനിക്കാട് ചിറയുടെ മറവില്‍ വലിയ അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്ന അവസരത്തിലാണ് വീണ്ടും തട്ടിപ്പിനു ശ്രമം നടത്തുന്നത്. ടൂറിസ്റ്റ് പദ്ധതികള്‍ക്കാണ് ചിറ നല്‍കുന്നതെന്നാണ് ആവോലി പഞ്ചായത്ത് ഭരണസമിതി ഇതുസംബന്ധിച്ച രേഖയില്‍ എഴുതിവെച്ചിരിക്കുന്നത്.
പൊതുമുതല്‍ കൈമാറുന്നതിനുള്ള യാതൊരുവിധ അനുമതികളും പഞ്ചായത്ത് വാങ്ങിയിട്ടില്ല. ടൂറിസം വകുപ്പിന്റെ ഡിടിപിസിയുടെ യാതൊരുവിധ അംഗീകാരങ്ങളും നിലവില്‍ ഇവിടെ ഒരു പദ്ധതിക്കും ഇല്ല. ടൂറിസത്തിന് വേണ്ടി നല്‍കുന്നു എന്നതാണ് ഇവരുടെ ന്യായം. ആറേക്കറോളം വരുന്ന ചിറയില്‍ വ്യാപകമായ മീന്‍ കൃഷിക്കു വേണ്ടിയാണ് വില്‍പന. ഏക്കറിന് ഒരു ലക്ഷം വെച്ച് ചിറ എടുക്കാന്‍ ആളുണ്ട്. എന്നാല്‍ ഒരു വര്‍ഷത്തേക്ക് 15000 രൂപയ്ക്കാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. കൂടാതെ ഷൂട്ടിംഗുകള്‍ക്കും ഫീസ് വെച്ച് ആളുകളെ പ്രവേശിക്കുന്നതിനും തൊട്ടടുത്ത് കുടിവെള്ള കമ്പനി തുടങ്ങുന്നതിനും കൂടി ലക്ഷ്യം വെച്ചാണ് ചിറയുടെ കൈമാറ്റമെന്നും ഇവര്‍ ആരോപിക്കുന്നു.എന്നാല്‍ ഇത്തരമൊരു കൈമാറ്റത്തിന് ഒട്ടേറെ നൂലാമാലകള്‍ ഉണ്ടെന്ന് ജനകീയ സംഘടനകള്‍ പറയുന്നു.
സാമൂഹ്യ പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീപ്പിള്‍ ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്‍കുമെന്ന് അസീസ് കുന്നപ്പിള്ളി, ടി എന്‍ പ്രതാപന്‍ എന്നിവര്‍ അറിയിച്ചു. അതേസമയം ഗ്രീന്‍ പീപ്പിളിന്റെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും നബാഡിന്റെ ഫണ്ടില്‍ നിന്ന് രണ്ടുകോടി രൂപ ചെലവാക്കി മൂന്ന് മാസം മുന്‍പ് പണിത ചിറ നശിച്ച് പോകാതിരിക്കാനും കൂടുതല്‍ ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്ന രീതിയിലുള്ള ടൂറിസ പദ്ധതികള്‍ക്കുമാണ് ആനിക്കാട് സര്‍വീസ് സഹകരണ ബാങ്കിന് ടെന്‍ഡര്‍ നല്‍കിയതെന്നും ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി എന്‍ വര്‍ഗീസ് പറഞ്ഞു.