20ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെ രാജ്യത്തോടായി നടത്തിയ അഭിസംബോധനയിലാണ് അദ്ദേഹം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. എല്ലാ മേഖലകള്‍ക്കും ഉത്തേജനം നല്‍കുന്നതിന് വേണ്ടിയാണ് സാമ്പത്തിക പാക്കേജെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജി.ഡി.പിയുടെ പത്ത് ശതമാനമാണ് സാമ്പത്തിക പാക്കേജിനായി മാറ്റിവച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോടിക്കണക്കിന് ജീവിതങ്ങള്‍ വെല്ലുവിളി നേരിടുകയാണ്. ഇത്തരമൊരു പ്രതിസന്ധി ലോകം ഇതുവരെ നേരിട്ടിട്ടില്ല. ഉറ്റവര്‍ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
സ്വയം പര്യാപ്തയാണ് ഏകവഴി. സ്വയം പര്യാപ്തത ഉറപ്പാക്കിയാല്‍ 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാകും. കൊവിഡ് പ്രതിസന്ധി വെല്ലുവിളിയും അവസരവുമാണ്. രാജ്യം കൊവിഡില്‍ രക്ഷപെട്ട് മുന്നേറും. ലോകത്ത് 42 ലക്ഷത്തിലധികം പേരെ ഇതിനകം കൊവിഡ് ബാധിച്ചു. 2.75 ലക്ഷത്തിലധികം പേര്‍ക്ക് ജീവന് നഷ്ടമായി. ഇന്ത്യയില്‍ നിരവധി പേര്‍ക്ക് ഉറ്റവരെ നഷ്ടപ്പെട്ടു. അവരെ അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് പ്രതിസന്ധിയുടെ തുടക്കത്തില്‍ ഇന്ത്യയില്‍ ഒരു പി.പി.ഇ കിറ്റ് പോലും ഉണ്ടായിരുന്നില്ല. ഏതാനും എന്‍ 95 മാസ്കുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ ദിവസേന 2 ലക്ഷം പി.പി.ഇ കി്റ്റുകളും 2 ലക്ഷം എന്‍ 95 മാസ്കുകളും ഉണ്ടാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ലോക്ക് ഡൗണിന്റെ നാലാം ഘട്ടം വ്യത്യസ്തമായിരിക്കുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.