KERALANEWSTop News

“2001 ല്‍ ഇടതു മുന്നണിക്ക് ഉണ്ടായ വന്‍തോല്‍വിക്കു സമാനമായ തിരിച്ചടിയാണ് ഇത്തവണ യുഡിഎഫിനു സംഭവിച്ചത്”: നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം തിരിച്ചു വരവിനുള്ള കരുത്താര്‍ജിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം തലമുറമാറ്റത്തിനു തയ്യാറെടുത്ത കോണ്‍ഗ്രസ് തിരിച്ചു വരവിനുള്ള കരുത്താര്‍ജിക്കുകയാണ്. 2001 ല്‍ ഇടതു മുന്നണിക്ക് ഉണ്ടായ വന്‍തോല്‍വിക്കു സമാനമായ തിരിച്ചടിയാണ് ഇത്തവണ യുഡിഎഫിനു സംഭവിച്ചത്. അതിനെ മറികടക്കാന്‍ പാര്‍ട്ടിക്കാകുമെന്നും പിഴച്ചത് എവിടെയാണന്നും കണ്‍വീനര്‍ എം.എം. ഹസന്‍ ചൂണ്ടിക്കാട്ടി. തിരിച്ചുവരവിനു പാത ഒരുക്കുന്ന രീതിയില്‍ യുഡിഎഫിനെ ശക്തമാക്കാനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു രൂപം കൊടുക്കാനും നിയമസഭാ സമ്മേളനത്തിനു ശേഷം വിശദ അവലോകനം നടത്തും.

അതിനു മുന്‍പ് ഓരോ കക്ഷിയും പ്രത്യേകം ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 79 ലക്ഷം വോട്ടു ലഭിച്ച യുഡിഎഫിന് ഇത്തവണ 81 ലക്ഷമായി അതു വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. 7 സീറ്റില്‍ തോറ്റതു രണ്ടായിരത്തില്‍ താഴെ വോട്ടിനാണ്. 2000 മുതല്‍ 5000 വരെ വോട്ടുകള്‍ക്കു 16 സീറ്റും പതിനായിരത്തില്‍ താഴെ വോട്ടിനു 18 സീറ്റും നഷ്ടപ്പെട്ടു. കേരള കോണ്‍ഗ്രസ് എമ്മും ലോക് താന്ത്രിക് ജനതാദളും യുഡിഎഫ് വിട്ടുപോയിട്ടും കാര്യമായ വോട്ടു ചോര്‍ച്ച ഉണ്ടായില്ല.

കോവിഡിനെ പ്രതിരോധിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ജനക്ഷേമ പദ്ധതികളായി മാറുന്ന സ്ഥിതിയുണ്ടായി. അതിജീവിക്കാന്‍ പൊരുതുന്ന ജനത സര്‍ക്കാരിന്റെ അഴിമതികള്‍ വിലയിരുത്തിയില്ല. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികളെ പിന്തുണയ്ക്കാന്‍ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പറയുന്ന മരണ നിരക്ക് നാട്ടിലെ കണക്കുകളുമായി പൊരുത്തപ്പെടുന്നില്ലെന്നു ചൂണ്ടിക്കാട്ടി. കോവിഡിന്റെ മൂന്നാം വരവ് പ്രതിരോധിക്കാന്‍ ഇപ്പോഴേ ശ്രമം തുടങ്ങണം. കേന്ദ്രത്തിന്റെ വാക്‌സീന്‍ നയത്തില്‍ പ്രതിഷേധിക്കുന്നതായും ഹസന്‍ അറിയിച്ചു.


തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുമ്പോള്‍ തന്നെ ഇതു തിരിച്ചുവരവ് അസാധ്യമാക്കുന്ന ജനവിധി അല്ലെന്നു യുഡിഎഫ് നേതൃയോഗം വിലയിരുത്തി. ‘‘നഷ്ടപ്പെട്ടാലും ഈ സ്ഥാനമല്ലേ പോകൂ, മുന്നണിയി‍ൽനിന്നും പാർട്ടിയിൽനിന്നും പോകില്ലല്ലോ.’ യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു മാറുകയാണോ എന്ന ചോദ്യത്തിന്ഹസന്റെ മറുപടി. മറ്റു കക്ഷികളെ ചേർത്തുപിടിച്ചു മുന്നണിയെ ഒരുമിച്ചു കൊണ്ടുപോകുന്ന രീതി എൽഡിഎഫിൽനിന്നു യുഡിഎഫ് കണ്ടു പഠിക്കണമെന്നു നേതൃയോഗത്തിൽ സി.പി. ജോണും (സിഎംപി) ജി.ദേവരാജനും (ഫോർവേഡ് ബ്ലോക്) പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close