
ന്യൂയോർക്ക്: അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് കോവിഡ് പോസിറ്റീവ്. റാപ്പിഡ് പരിശോധനയിലും, പിസിആർ പരിശോധനയിലും കൊറോണ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
കമലയ്ക്ക് രോഗലക്ഷണങ്ങളില്ല. പ്രസിഡന്റ് ജോ ബൈഡനുമായി കമല അടുത്ത ബന്ധം പുലർത്തിയിരുന്നില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. പ്രസിഡന്റ് ജോ ബൈഡനുമായോ, പ്രഥമ വനിത ജിൽ ബൈഡനുമായും കമല ഹാരിസിന് അടുത്ത സമ്പർക്കം ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
വൈറ്റ് ഹൗസിൽ നിന്ന് മാറി മറ്റൊരിടത്തേക്ക് ഇവരെ മാറ്റിയിട്ടുണ്ട്. അവിടെയിരുന്ന് ജോലികൾ തുടരുമെന്നും, രോഗം ഭേദമായതിന് ശേഷം വൈറ്റ് ഹൗസിലേക്ക് തിരികെ എത്തുമെന്നും അധികൃതർ വ്യക്തമാക്കി. 57കാരിയായ കമല ഹാരിസ് കൊറോണയുടെ ആദ്യ രണ്ട് ഡോസ് വാക്സിനും, അതിന് ശേഷമുള്ള ബൂസ്റ്റർ ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. ഓമിക്രോൺ ഉൾപ്പെടെയുള്ള ഗുരുതര വകഭേദങ്ങളിൽ നിന്ന് സുരക്ഷ നൽകാൻ വാക്സിൻ സഹായിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു.