KERALANEWS

തൃക്കാക്കരയിൽ ആം ആദ്മി പാർട്ടി മത്സരിക്കുന്നതിൽ തീരുമാനമായില്ല; ബിജെപി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും; തെരഞ്ഞെടുപ്പ് ചൂടിൽ തൃക്കാക്കര

കൊച്ചി: തൃക്കാക്കരയിൽ ആം ആദ്മി പാർട്ടി മത്സരിക്കുന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കേന്ദ്രത്തിന് സംസ്ഥാന നേതൃത്വം പേരുവിവരങ്ങൾ കൈമാറിയിട്ടുണ്ടെങ്കിലും കേന്ദ്ര നേതൃത്വം സ്ഥാനാർഥി ആരെന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇന്ന് ഉച്ചയ്ക്കുളളിൽ തൃക്കാക്കരയിൽ മത്സരരംഗത്ത് ഉണ്ടാകുമോ ഇല്ലയോ എന്നതിൽ വ്യക്തത വരുത്തുമെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

അതേസമയം തൃക്കാക്കരയിലെ ബി.ജെ.പി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തോടെ സി.പി.എം മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് ഉറപ്പായെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാറിന്റെ വികസന പദ്ധതികളുടെ പ്രയോജനം ഏറെ ലഭിച്ചിട്ടുള്ള മണ്ഡലമാണ് തൃക്കാക്കര.വികസന രാഷ്ട്രീയമാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു.

വോട്ട് തേടി ഉമ തോമസ് മമ്മൂട്ടിയുടെ വീട്ടിൽ

ഓരോ ദിവസം കഴിയുന്തോറും തെരഞ്ഞെടുപ്പ് ചൂടേറി വരികയാണ് തൃക്കാക്കരയിൽ. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരിൽ കണ്ട് പിന്തുണ ചോദിച്ച് പ്രചാരണ രംഗത്ത് തന്നെയുണ്ട്. ഇപ്പോഴിതാ നടൻ മമ്മൂട്ടിയെ കണ്ട് വോട്ട് തേടിയിരിക്കുകയാണ് ഉമ തോമസ്.

എറണാകുളം എം പി ഹൈബി ഈഡനൊപ്പം എത്തിയാണ് ഉമ മമ്മൂട്ടിയുടെ വോട്ട് നേടിയത്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് മമ്മൂട്ടി. മഹാരാജാസിലെ പഠന കാലം മുതൽ പി.ടി.തോമസുമായും ഏറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന ആളാണ് മമ്മൂട്ടി. നടൻ രമേഷ് പിഷാരടിയും ഒപ്പമുണ്ടായിരുന്നു.


തൃക്കാക്കരയിൽ വാശിയേറിയ പോരാട്ടവുമായി മുന്നണികൾ

തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണന്‍റെ പേരിനാണ് മുൻതൂക്കം. രാധാകൃഷ്ണൻ, സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ, എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ എന്നീ പേരുകൾ അടങ്ങിയ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്. ആം ആദ്മി- ട്വന്‍റി ട്വന്‍റി സംയുക്ത സ്ഥാനാർത്ഥിയെ നിർത്തുന്നതിലും തീരുമാനം ആയിട്ടില്ല. ഇന്ന് ഇക്കാര്യത്തിലും അന്തിമ തീരുമാനം വരാനാണ് സാധ്യത.

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വാശിയേറിയ പ്രചാരണവുമായി മുന്നണികൾ. ‌‌യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും ഇന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടും. അതേസമയം, തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണന്‍റെ പേരിനാണ് മുൻതൂക്കം. രാധാകൃഷ്ണൻ, സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ, എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ എന്നീ പേരുകൾ അടങ്ങിയ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്. ആം ആദ്മി- ട്വന്‍റി ട്വന്‍റി സംയുക്ത സ്ഥാനാർത്ഥിയെ നിർത്തുന്നതിലും തീരുമാനം ആയിട്ടില്ല. ഇന്ന് ഇക്കാര്യത്തിലും അന്തിമ തീരുമാനം വരാനാണ് സാധ്യത.

അതിനിടയിൽ ഇടത് സ്ഥാനാർത്ഥിയുടെ സഭാ ബന്ധത്തെ ചൊല്ലിയുള്ള വിവാദം തുടരാനാണ് സാധ്യത. വിവാദങ്ങളിലേക്ക് സഭയെ വലിച്ചിഴക്കേണ്ടെന്ന് സിപിഎം നേതാക്കൾ പറയുമ്പോഴും, സ്ഥാനർത്ഥി നിർണയത്തിൽ ബാഹ്യ ഇടപെടലെന്ന ആരോപണം യുഡിഎഫ് ആവർത്തിക്കാനാണ് സാധ്യത. കർദിനാളിന്റെ നോമിനി അല്ലെന്ന് സഭ നേതൃത്വം ഇന്നലെ വിശദീകരണം നൽകിയിരുന്നു. എന്നാൽ ജോ ജോസഫ് -സഭ ബന്ധം സംശയത്തിന്റെ നിഴലിൽ നിർത്താനാണ് കർദിനാൾ വിരുദ്ധ പക്ഷം ശ്രമിക്കുന്നത്.

ഇടതി​ന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം സഭയുടെ സ്ഥാപനത്തിൽ

കാത്തിരിപ്പുകൾക്കൊടുവിൽ നാടകീയമായി നട‌ന്ന തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി പ്രഖ്യാപനം വീണ്ടും ചർച്ചയാവുകയാണ്. ജോ ജോസഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം സഭയുടെ സ്ഥാപനമായ ലിസി ആശുപത്രയില്‍ വെച്ച് നടത്തിയതിനെതിരെ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് രം​ഗത്തെത്തിയിരുന്നു. സഭയും രാഷ്ട്രീയ നേതൃത്വവും തമ്മില്‍ ആരോഗ്യകരമായ അകല്‍ച്ചയുണ്ടാകേണ്ടതുണ്ടെന്നും ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധപുലര്‍ത്തേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയം യാഥര്‍ശ്ചികമായി സംഭവിച്ചതാകാം എന്നാണ് കരുതുന്നത്. അങ്ങനെ പറയുമ്പോഴും അത് പുറത്തേക്ക് നല്‍കുന്ന സന്ദേശം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടപെടലുണ്ടെന്നതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.

ഫാദര്‍ പോള്‍ തേലക്കാട്ടി​ന്റെ വക്കുകളിങ്ങനെ:

ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ഡോക്ടര്‍ ജോ ജോസഫ് ലിസി ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റ് ആണ്. അദ്ദേഹം അവിടെ ജോലി ചെയ്തിരുന്ന സമയമായിരുന്നതിനാല്‍ അവിടെ അത്തരമൊരു ചടങ്ങ് നടന്നതാകാം എന്നാണ് കരുതുന്നത്. അങ്ങനെ പറയുമ്പോഴും ഈ വിഷയത്തില്‍ ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്. മതത്തിന്റെ സ്ഥാപനമാണ് ലിസി ആശുപത്രി. ആ ചിഹ്നങ്ങള്‍ അടങ്ങിയ ചിത്രം പുറത്തേക്ക് പോകുമ്പോള്‍ നല്‍കുന്ന സന്ദേശം ശരിയായ ഒന്നല്ല.

അത്തരമൊരു ചിത്രം പുറത്തേക്ക് പോകുമ്പോള്‍ സഭയും രാഷ്ട്രീയ നേതൃത്വവും ഒന്നായി എന്ന തോന്നലുണ്ടാക്കുന്നുവെന്ന ആശങ്കയാണ് എന്നേപ്പോലെയുള്ളവര്‍ക്ക് ഉണ്ടാകുന്നത്. ജോ ജോസഫിനെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തതിലെ അഭിപ്രായ വ്യത്യാസമല്ല അത്. അത്തരമൊരു ചിത്രം പുറത്തേക്ക് പോകുമ്പോള്‍ സഭാ വിശ്വാസികളില്‍ തന്നെ വ്യത്യസ്ത രാഷ്ട്രീയ വിശ്വാസമുള്ളവരുണ്ട്. അവിടെയാണ് മതവും രാഷ്ട്രീയവും തമ്മില്‍ ആരോഗ്യകരമായ അകല്‍ച്ചയുണ്ടാകേണ്ടതുണ്ടെന്ന് പറയുന്നത്.

മതവും രാഷ്ട്രീയവും തമ്മില്‍ അകലമുണ്ടാകേണ്ടത് ജനാധിപത്യത്തിന് അനിവാര്യമാണ്. അത്തരത്തിലുള്ള അകലം ഇല്ലാതാകുന്നവെന്ന ആരോപണം ചില രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ച് നിലനില്‍ക്കുന്നുണ്ട്. അത്തരം ഗൗരവമായ ആരോപണങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളെ കുറിച്ച് ഉള്ളതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളാണ് അതില്‍ ശ്രദ്ധ പുലര്‍ത്തേണ്ടിയിരുന്നത്. മതവും രാഷ്ട്രീയവും ഒന്നായി മാറുന്നുവെന്ന തോന്നലുണ്ടാകുന്ന ചിത്രങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമായിരുന്നു എന്നാണ് പറഞ്ഞതിന്റെ അര്‍ഥം. മതവും രാഷ്ട്രീയവും കടന്നുവന്ന ചടങ്ങായി മാറാതിരിക്കാന്‍ രണ്ട് കൂട്ടരും ശ്രദ്ധിക്കണമായിരുന്നു. അതില്‍ തന്നെ രാഷ്ട്രീയ നേതൃത്വം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമായിരുന്നു.

ദൂരവ്യാപകമായ പ്രതിസന്ധിയുണ്ടാകാന്‍ സാധ്യതയുള്ളതാണ് ഈ സംഭവം. ബിജെപിയെ കുറിച്ചും ഈ ഘട്ടത്തില്‍ ആലോചിക്കണം. അവര്‍ മതത്തിന്റെ പേരില്‍ രാഷ്ട്രീയം പറയുന്നുവെന്നാണ് ആരോപണമുള്ളത്. അങ്ങനെ പരാതി പറയുന്നവര്‍ തന്നെ സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി നിലപാട് മാറ്റുന്നുവെന്ന ഒരു സന്ദേശം കൂടിയാണ് നല്‍കുന്നത്. സെക്കുലര്‍ രാഷ്ട്രീയം പറയുന്ന ഇടത്പക്ഷം പ്രവര്‍ത്തിയില്‍ അതിന് വിപരീതമായി കാര്യങ്ങളുണ്ടാകാതിരിക്കാന്‍ കൂടി ശ്രദ്ധിക്കണമായിരുന്നു.മതത്തിന്റേയും ജാതിയുടേയും പേരില്‍ ചേരിതിരിവ് ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന അഭിപ്രായം കൂടി ഈ ഘട്ടത്തില്‍ ആവര്‍ത്തിച്ച് പറയുന്നു.ഒരു മതവുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ ഇത്തരമൊരു ചടങ്ങ് നടക്കാതിരിക്കാന്‍ രാഷ്ട്രീയ നേതൃത്വമാണ് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടിയിരുന്നത്.

സിപിഎം ഒരു സെക്കുലര്‍ പാര്‍ട്ടിയാണ് എന്നാണ് അവര്‍ തന്നെ പറയുന്നത്. ഇത്തരമൊരു ചടങ്ങ് മതത്തിന്റെ സ്ഥാപനത്തില്‍ വെച്ച് നടക്കുമ്പോള്‍ അവര്‍ സെക്കുലറിസത്തോട് വിടപറയുന്നു എന്ന ആരോപണമുണ്ടാകും. അത്തരമൊരു സാഹചര്യമുണ്ടാകുന്നതില്‍ നിന്ന് അവര്‍ മാറി നില്‍ക്കേണ്ടതായിരുന്നുവെന്നാണ് പറഞ്ഞതിന്റെ അര്‍ഥം. മറ്റ് രാഷ്ട്രീയ കക്ഷികള്‍ ഈ ആരോപണം ഉന്നയിക്കുമെന്നാണ് കരുതുന്നത്. മതത്തില്‍ നിന്ന് മാറി നില്‍ക്കുകയെന്നത് ഭരണഘടനയില്‍ പറയുന്ന കാര്യമാണ്.

എല്ലാ മത വിഭാഗങ്ങളേയും മതവും വിശ്വാസവുമില്ലാത്തവരേയും പ്രതിനിധീകരിക്കേണ്ടവരാണ് സര്‍ക്കാര്‍. അപ്പോള്‍ സിപിഎം നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാര്‍ ആണ് ഭരിക്കുന്നത്. അതുകൊണ്ടാണ് ജാഗ്രത വേണമായിരുന്നുവെന്ന് പറയുന്നത്. വിവിധ സമുദായങ്ങളിലേക്ക് ഈ ചിത്രം എത്തുന്നതാണ്. അതിനാലാണ് ശ്രദ്ധ വേണമെന്ന് പറഞ്ഞത്. അല്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരായിട്ടല്ല തന്റെ അഭിപ്രായപ്രകടനം.

സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതില്‍ കര്‍ദിനാള്‍ ഇടപെട്ടോ ഇല്ലയോ എന്ന് അറിയില്ല. അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണ് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. അത്തരത്തിലല്ല രാഷ്ട്രീയ കാര്യങ്ങളില്‍ ഒരു മതമേലധ്യക്ഷന്‍ പ്രവര്‍ത്തിക്കേണ്ടതെന്ന വിനയപൂര്‍ണമായ ഒരു അഭിപ്രായമാണ് പറയാനുള്ളത്. സഭയുടെ സ്ഥാനാര്‍ഥിയായി ഒരാളെ പ്രഖ്യാപിക്കാന്‍ ആരും മുന്നോട്ട് പോകുന്നത് ശരിയല്ല. അത് സഭയും രാഷ്ട്രീയവും തമ്മിലുള്ള അകലം ഇല്ലാതാക്കുകയും മതനിരപേക്ഷതയെ ബാധിക്കുകയും ചെയ്യും.

പിതാവ് അങ്ങനെ ചെയ്‌തോ എന്ന് അറിയുകയോ അങ്ങനെയൊന്ന് കേള്‍ക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ ചെയ്തുവെങ്കില്‍ അത് ശരിയല്ല. സഭാ മേലധ്യക്ഷന്‍മാര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയാണോ എന്ന് അവര്‍ തന്നെ പരിശോധിക്കട്ടെ. അത്തരത്തില്‍ ഇടപെടുമ്പോള്‍ ഇവിടെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ഉണ്ട്. പ്രകടമായ രാഷ്ട്രീയ മാറ്റങ്ങളുണ്ടാകുമ്പോള്‍ വലിയ വില നല്‍കേണ്ടി വരും. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും മതസ്ഥാപനങ്ങളെ ഉപയോഗിച്ച് തുടങ്ങിയാല്‍ അത് അപകടകരമാണ്. അത് വര്‍ഗീയമായ ചേരിതിരിവ് ഉണ്ടാകുന്നതിന് പോലും കാരണമാകുമെന്ന അപകടമുണ്ട്.

ജോ ജോസഫിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് പാര്‍ട്ടിയും മുന്നണിയുമാണ്. അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്നും അതിന് സാധ്യതയുണ്ടെന്നും കരുതുന്നവര്‍ക്ക് വോട്ട് ചെയ്യാം. അതല്ലാതെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ല താല്‍പര്യപ്പെടുന്നില്ല. സ്ഥാനാര്‍ഥി പ്രഖ്യാപനം സഭാ സ്ഥാപനത്തില്‍ വെച്ച് നടത്തുന്നത് ആ സ്ഥാനാര്‍ഥിയെ ബാധിക്കും. വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ് ഈ നീക്കമെങ്കില്‍ അത് തെറ്റാണ്. ഇടതുപക്ഷത്തിന്റെ സെക്കുലറിസത്തിന് നേരെ ചോദ്യങ്ങളുയരും.

ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചതുകൊണ്ട് മാത്രം അത് വസ്തുതാപരമാകണമെന്നില്ല. സഭയല്ല പാര്‍ട്ടിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സഭയുടെ സ്ഥാപനത്തില്‍ വെച്ച് സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചുവെന്നതാണ് ഇതിലെ പ്രശ്‌നം. ആരോപണത്തിന്റെ പേരില്‍ വസ്തുതാപരമായി അറിയാത്ത കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ സ്ഥാനാര്‍ഥികളെ തീരുമാനിക്കും. അവരെ സ്വീകരിക്കണോ വേണ്ടയോ എന്നുള്ളത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. അത് അവര്‍ ചെയ്യും. അത്തരം കാര്യങ്ങളില്‍ നിന്ന് സഭയും മതവും മാറി നില്‍ക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായം.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം- ജില്ലയിലെ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയ സംഭവത്തിൽ പരാതിയുമായി യുഡിഎഫ് രം​ഗത്ത്. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ യു.ഡി.എഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തിൽ നടപടി നേരിട്ടയാളാണ് പുതിയ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറെന്ന് യുഡിഎഫിന്റെ പരാതിയിൽ പറയുന്നു.

എറണാകുളം- ജില്ലയിലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം – കോഴിക്കോട് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർമാരെ പരസ്പരം മാറ്റുകയായിരുന്നു. 2011-ൽ വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തിൽ നടപടി നേരിട്ടയാളെയാണ് പുതിയ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറായി എറണാകുളത്ത് നിയമിച്ചിരിക്കുന്നത്. ഭരണാനുകൂല സർവീസ് സംഘടന നേതാവായ ഇവർക്ക് ഭരണകക്ഷി നേതാക്കളുമായി നേരിട്ട് ബന്ധമുണ്ട്. ഈ സാഹചര്യത്തിൽ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് യു.ഡി.എഫിന് വേണ്ടി നൽകിയ പരാതിയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.

തൃക്കാക്കരയിൽ യുഡിഎഫ് ഉമാ തോമസിനേയും എൽഡിഎഫ് ഡോ ജോ ജോസഫിനേയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി എ.എൻ.രാധാകൃഷ്ണനെയാണ് ഇവിടെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. ആം ആദ്മി, ട്വൻ്റി ട്വൻ്റി എന്നിവർ സംയുക്ത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള ആലോചനയിലാണ്. തൃക്കാക്കരയിൽ മെയ് പതിനൊന്ന് വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശപത്രിക സമർപ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിൻവലിക്കാനും സമയം അനുവദിക്കും. മെയ് 31-നാണ് വോട്ടെടുപ്പ് നടക്കുക. ജൂണ് മൂന്നിന് വോട്ടെണ്ണൽ നടക്കും. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂണ് അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂർത്തിയാക്കണം എന്നാണ് നിർദേശം.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം നടക്കുന്ന ആദ്യത്തെ ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. ഈ തെരഞ്ഞെടുപ്പ് ജയിക്കാനായാൽ നിയമസഭയിലെ എൽഡിഎഫ് അംഗബലം നൂറാവും. നൂറ് സീറ്റുകളോടെ സർക്കാരിൻ്റെ ഒന്നാം വാർഷികം ആഘോഷിക്കാനുള്ള സുവർണാവസരമായിട്ടാണ് സിപിഎം തെരഞ്ഞെടുപ്പിനെ കാണുന്നത്. അതേസമയം സിൽവർ ലൈൻ വിഷയം വലിയ ചർച്ചയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് എന്നതും രാഷ്ട്രീയമായ വെല്ലുവിളിയായി സർക്കാരിന് മുന്നിലുണ്ട്. പാർട്ടി കോണ്ഗ്രസ് വരെ സംഘടനാ പരിപാടികളെല്ലാം വിജയകരമായി പൂർത്തിയാക്കിയെങ്കിലും ഒന്നാം പിണറായി സർക്കാരുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദപരമ്പരകൾ ജനങ്ങളെ എത്രത്തോളം സ്വാധീനിച്ചു എന്നതും തെരഞ്ഞെടുപ്പിൽ വ്യക്തമാവും എന്നതിനാൽ അട്ടിമറി ജയം ലക്ഷ്യമിട്ടുള്ള കടുത്ത പോരാട്ടത്തിനാണ് എൽഡിഎഫ് ഇറങ്ങുന്നത്.

പാർട്ടിയിലെ നേതൃമാറ്റത്തിന് ശേഷം കോണ്ഗ്രസ് നേരിടുന്ന ആദ്യതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. പാർട്ടിയുടെ ഉറച്ച മണ്ഡലമായി വിലയിരുത്തുന്ന തൃക്കാക്കരയിൽ 2021-നേക്കാളും മികച്ച ഭൂരിപക്ഷത്തിലുള്ള ഒരു വിജയം ലഭിച്ചില്ലെങ്കിൽ കെ.സുധാകരനും വിഡി സതീശനും കടുത്ത തിരിച്ചടിയാവും. ഉമാ തോമസിനെ സ്ഥാനാർത്ഥിയാക്കിയതിനാൽ പാർട്ടിയേയും മുന്നണിയേയും ഒറ്റക്കെട്ടായി തൃക്കാക്കരയിൽ രംഗത്തിറക്കാം എന്ന് സുധാകരൻ കണക്കു കൂട്ടുന്നൂ. സെമി കേഡർ സംവിധാനത്തിലേക്ക് പാർട്ടിയെ മാറ്റുമെന്ന് അവകാശപ്പെടുന്ന സുധാകരനും സതീശനും തൃക്കാക്കരയിൽ എണ്ണയിട്ട യന്ത്രം പോലെ യുഡിഎഫും കോണ്ഗ്രസും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫിന് മുന്നിൽ തുടർച്ചയായി പരാജയപ്പെടുന്നു എന്ന അവസ്ഥ കൂടിയാവും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close