
നിരവധി ബോളിവുഡ് സിനിമകളിലേക്ക് ഓഫർ വന്നിരുന്നുവെന്ന് തെലുങ്ക് നടൻ മഹേഷ് ബാബു പ്രതികത്തികരിച്ചു. പക്ഷേ തന്നെ അവർ തന്നെ അർഹിക്കാത്തതിനാലാണ് അതൊന്നും സ്വീകരിക്കാഞ്ഞത് എന്നദ്ദേഹം പറഞ്ഞു. താൻ നിർമിക്കുന്ന പുതിയ ചിത്രം മേജറിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.
“എന്നെ ഉൾക്കൊള്ളാനാവാത്ത ഒരു സിനിമാലോകത്ത് സമയം കളയാൻ ഞാനില്ല. തെലുങ്ക് സിനിമയിൽ ഇപ്പോൾ കിട്ടുന്ന ബഹുമാനവും താരമൂല്യവും വളരെ വലുതാണ്. അതുകൊണ്ട് തെലുങ്ക് വിട്ട് വേറെ എവിടെയെങ്കിലും പോയി സിനിമകൾ ചെയ്യുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ടില്ല”. മഹേഷ് ബാബു പറഞ്ഞു.
സിനിമകൾ ചെയ്ത് വളരുന്നതുമാത്രമാണ് ഞാൻ സ്വപ്നം കണ്ടത്. എന്റെ സിനിമകൾ രാജ്യം മുഴുവൻ കാണണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അതിപ്പോൾ സാധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹേഷ് ബാബു ആദ്യമായി നിർമിക്കുന്ന ചിത്രമാണ് മേജർ. മുംബൈ ഭീകരാക്രമണത്തിനിടെ വീരചരമം പ്രാപിച്ച മലയാളി മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതകഥയാണ് ചിത്രം. ആദിവി ശേഷ് ആണ് നായകനായെത്തുന്നത്. അതിനിടെ മഹേഷ് ബാബു നായകനായ ‘സർക്കാരു വാരി പാട്ട’ റിലീസിന് തയ്യാറെടുക്കുകയാണ്. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായിക.