KERALANEWS

ഏറ്റുമാനൂരിലെ ബസ് സ്റ്റാൻഡിനായി സ്ഥലം വിട്ടു കൊടുത്തത് 2013ൽ; 2.75 ഏക്കർ സൗജന്യ ഭൂമി പണയം വെച്ച് കെഎസ്ആർടിസി; ഡിപ്പോയാക്കാമെന്ന വാക്ക് പാലിക്കാത്തതിനാൽ സ്ഥലം തിരിച്ചെടുക്കാൻ ആലോചിക്കുകയാണെന്നും നഗരസഭ; പണയ പണം ഉപയോഗിക്കുക തൊഴിലാളികൾക്ക് ശമ്പളം നൽകാൻ ?

കോട്ടയം: ഏറ്റുമാനൂരിലെ ബസ് സ്റ്റാൻഡിനായി നഗരസഭ സൗജന്യമായി വിട്ടുകൊടുത്ത സ്ഥലം പണയം വെച്ച് കെഎസ്ആർടിസി. തൊഴിലാളികൾക്ക് ശമ്പളം നൽകാൻ ഈ പണം ഉപയോഗിക്കും.

ഏറ്റുമാനൂരിലെ സ്റ്റേഷൻ മാസ്റ്റർ ഓഫിസ്, ഡിപ്പോ കം ഓപ്പറേറ്റിങ് സ്റ്റേഷനായി ഉയർത്തുന്നതിനാണ് നഗരസഭ സ്ഥലം കൊടുത്തത്. കെഎസ്ആർടിസിയുടെ രക്ഷയ്ക്ക് സംസ്ഥാനതലത്തിൽ രൂപീകരിച്ച ബാങ്ക് കൺസോർഷ്യത്തിൽ നിന്നു വായ്പ എടുക്കാനാണു ഭൂമി പണയം വച്ചത്.

ഇതേസമയം, ഡിപ്പോയാക്കാമെന്ന വാക്ക് പാലിക്കാത്തതിനാൽ സ്ഥലം തിരിച്ചെടുക്കാൻ ആലോചിക്കുകയാണ് നഗരസഭ. ഏറ്റുമാനൂർ ഗ്രാമ പഞ്ചായത്തായിരുന്ന 2013 ലാണ് സ്ഥലം വിട്ടുകൊടുത്തത്. നഗരസഭയായി മാറിയശേഷം 2016 ൽ മുൻ ആധാരം ഉൾപ്പെടെയുള്ള ബാക്കി രേഖകൾ കൈമാറി.

സിറ്റി സര്‍ക്കുലര്‍ സർവീസുകൾ വ്യാപിപ്പിക്കുന്നു

തിരുവനന്തപുരം: തലസ്ഥാനത്തെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനു കെഎസ്ആര്‍ടിസി അവതരിപ്പിച്ച സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ ഇനി മുതൽ കൊച്ചി, കോഴിക്കോട് നഗരങ്ങളിലും. തിരുവനന്തപുരത്ത് സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ക്കു ലഭിക്കുന്ന ജനപ്രീതിയെ അടിസ്ഥാനമാക്കിയാണ് മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് തിരുവനന്തപുരത്ത് സിറ്റി സര്‍ക്കുലര്‍ ബസ് സർവീസ് ആരംഭിച്ചത്.

കൊച്ചിയിലും കോഴിക്കോടും സര്‍ക്കുലര്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ കെഎസ്ആര്‍ടിസി ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഒരു സ്‌പെഷ്യല്‍ ഓഫിസറെ ഇരു നഗരങ്ങളിലും നിയമിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയിലെ പരിഷ്‌കാരങ്ങളുടെ ആദ്യഘട്ടമായി വിശേഷിപ്പിക്കുന്ന പദ്ധതി വരുംനാളുകളില്‍ കൂടതല്‍ ജനപ്രിയമാക്കാനാണു കെഎസ്ആര്‍ടിസിയുടെ തീരുമാനം.

നഗരത്തിലെ പ്രധാന പോയിന്റുകളെ ബന്ധിപ്പിച്ച് 10 റൂട്ടുകളിലാണു സര്‍ക്കുലര്‍ ബസുകള്‍ സഞ്ചരിക്കുന്നത്. റൂട്ടുകള്‍ തിരിച്ചറിയാന്‍ റെഡ്, ബ്ലൂ, മജന്ത, യെല്ലോ, വയലറ്റ്, ബ്രൗണ്‍, ഗ്രീന്‍ നിറങ്ങള്‍ നല്‍കി. ഈ റൂട്ടുകളില്‍ ഓരോ 15 മിനിറ്റിലും ബസ് വരും. തിരക്കുള്ള സമയമാണെങ്കില്‍ 10 മിനിറ്റ് ഇടവേളയില്‍ ബസ് ഉണ്ടാകും. ടിക്കറ്റ് മിനിമം 10 രൂപയും പരമാവധി 30 രൂപയും. 24 മണിക്കൂര്‍ പരിധിയില്ലാതെ യാത്ര ചെയ്യാനുള്ള ഗുഡ് ഡേ ടിക്കറ്റ് ടിക്കറ്റ് സൗകര്യമുണ്ട്. പദ്ധതിയുടെ ഭാഗമായി ഒരു പ്രീ പെയ്ഡ് ഡിജിറ്റല്‍ കാര്‍ഡും കെഎസ്ആര്‍ടിസി പുറത്തിറക്കിയിട്ടുണ്ട്. ബസില്‍ പണം നേരിട്ടു നല്‍കാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഈ ട്രാവല്‍ കാര്‍ഡ് പരമാവധി 2,000 രൂപയ്ക്കു വരെ റീചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാനാകും.

തുടക്കത്തില്‍ ഏഴു റൂട്ടുകളാണു സര്‍ക്കുലര്‍ സര്‍വീസില്‍ ഉണ്ടായിരുന്നത്. പദ്ധതിയുടെ ലാഭകരമായ നടത്തിപ്പിനായി ഇത് 10 റൂട്ടുകളായി പരിഷ്‌കരിക്കുകയായിരുന്നു. പേരൂര്‍ക്കടയില്‍നിന്ന് ആരംഭിക്കുന്ന മജന്ത, യെല്ലോ, വയലറ്റ്, ബ്ലൂ, റെഡ് റൂട്ടുകളിലെ ബസുകളെല്ലാം ഇപ്പോള്‍ തമ്പാന്നൂര്‍ വരെ നീട്ടിയിട്ടുണ്ട്. പ്രതിദിനം 20,000 പേര്‍ സിറ്റി സര്‍ക്കുലര്‍ ബസുകളില്‍ യാത്ര ചെയ്യുന്നുണ്ടെന്നാണു കെഎസ്ആര്‍ടിസിയുടെ കണക്ക്. ഒന്നര കോടിയിലേറെ രൂപ വരുമാനവും ഇതുവരെ ലഭിച്ചുകഴിഞ്ഞു.

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി വിഷയത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പള വിതരണം വൈകുന്നതും കെഎസ്ആർടിസി തൊഴിലാളികളുടെ പണിമുടക്കുമെല്ലാം മുഖ്യമന്ത്രിയെ നേരിൽ കണ്ട് ധരിപ്പിച്ചു. അതേസമയം ശമ്പളം നൽകാനുള്ള പണം മാനേജ്മെന്‍റ് തന്നെ കണ്ടെത്തട്ടെ എന്ന നിലപാട് ആവർത്തിക്കുകയായിരുന്നു ആന്റണി രാജു. അതേസമയം എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം നൽകാൻ ഉതകും വിധം സമഗ്രമായ പ്രശ്‍ന പരിഹാര പദ്ധതി വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ശമ്പള പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്നാണ് ഭരണാനുകൂല സംഘടനകളായ സിഐടിയുവിന്‍റേയും എഐടിയുസിയുടെയും നിലപാട്. പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട ഐഎന്‍ടിയുസി ശമ്പളം നൽകാനാവാത്തത് സർക്കാരിന്‍റെ പരാജയമാണെന്ന് കുറ്റപ്പെടുത്തി. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ഐഎന്‍ടിയുസി പ്രവർത്തകർ നാളെ ട്രാൻസ്പോർട്ട് ഭവനിലും യൂണിറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധിക്കും.

നാളെ മുതൽ സമരത്തിനൊരുങ്ങി ടി.ഡി.എഫ്

തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ സമരം തുടങ്ങാൻ ഉറച്ച് കെ.എസ്.ആർ.ടി.സി പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫ്. ഗതാഗത മന്ത്രിക്കും ശമ്പളം നീട്ടികൊണ്ടുപോകുന്നതിൽ പങ്കുണ്ടെന്ന് ടി.ഡി.എഫ് വര്‍ക്കിംഗ് പ്രസിഡന്റ് ആർ.ശശിധരൻ ആരോപിച്ചു.

പണിമുടക്ക് മഹാ അപരാദമാണെന്നാണ് മന്ത്രി പ്രചരിപ്പിക്കുന്നത്. ഇത് പ്രകോപനപരമായ പ്രസ്താവനയാണ്. ശമ്പളം നൽകേണ്ട ഉത്തരവാദിത്തം മന്ത്രിക്കുമുണ്ട്. കെ.എസ്.ആര്‍.ടി.സി പണിമുടക്കിനെ വിമർശിച്ചവർ എന്തുകൊണ്ട് അഖിലേന്ത്യ പണിമുടക്കിനെ പറ്റി പറയുന്നില്ലെന്നും ആര്‍ ശശിധരന്‍ ചോദിച്ചു. സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും ടി.ഡി.എഫ് ആവശ്യപ്പെടുന്നു.

അതേസമയം കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം നീളുന്നു. മെയ് മാസം 11 ആയിട്ടും ശമ്പളം വിതരണം ചെയ്തിട്ടില്ല. മെയ് 10 നകം ശമ്പളം ലഭിക്കുമെന്ന വിശ്വാസത്തില്‍ മെയ് 6ലെ പണിമുടക്കില്‍ നിന്ന് വിട്ടു നിന്ന സിഐടിയു ആഭിമുഖ്യത്തിലുള്ള യൂണിയന്‍ പ്രതിരോധത്തിലായി. തത്ക്കാലം പണിമുടക്കിനില്ലെന്ന നിലപാടിലാണ് അവര്‍. ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍ തേടും. എഐടിയുസി ആഭിമുഖ്യത്തിലുള്ള എംപ്ളോയീസ് യൂണിയനും തത്ക്കാലം കടുത്ത നിലപാടിലേക്കില്ലെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഇടപെടല്‍ പ്രതീക്ഷിക്കുന്നുവെന്ന് അവരും വ്യക്തമാക്കി.

കെ എസ് ആർടിസി ശമ്പള പ്രശ്നത്തിന് പരിഹാരം കാണാതെ സർക്കാർ ജീവനക്കാരെ വെല്ലുവിളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.കെ എസ് ആർടിസി സ്വകാര്യ സ്ഥാപനമല്ല,പൊതു മേഖലാ സ്ഥാപനമാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.കെഎസ്ആർടിസിയിൽ ശമ്പളം അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ തൊഴിലാളി യുണിയനുകൾ. വിവിധ സംഘടനകൾ ഇന്ന് വെവേറെ യോഗം ചേർന്ന് തീരുമാനം എടുക്കും. കെഎസ്ആർടിസി യുടെ സാമ്പത്തികാവസ്ഥയും ജീവനക്കാരുടെ ജീവിത പ്രശ്നങ്ങളും ജനങ്ങളെ കൂടി ബോധ്യപ്പെടുത്തിയുള്ള പ്രചാരണ പരിപാടികളിലേക്ക് നീങ്ങാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. സ്ഥാപനത്തിന് പുറത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ സഹകരണത്തോടെയുള്ള സമരങ്ങളുടെ സാധ്യതയും ആലോചനയിൽ ഉണ്ട്. മെയ് മാസത്തിലെ ശമ്പളം നൽകാൻ ബാങ്ക് വായ്പയ്ക്കുള്ള ശ്രമം മാനേജ്മെൻ്റ് തുടരുകയാണ്.

കെഎസ്ആര്‍ടിസി ശമ്പളക്കാര്യത്തില്‍ ഇനി സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് മന്ത്രി ആന്‍റണി രാജു. പത്താം തിയതി ശമ്പളം നല്‍കാമെന്ന് പറഞ്ഞത് സമരത്തിന് മുമ്പാണ്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതെയായി. നൂറ് പൊതുമഖല സ്ഥാനപങ്ങളിലൊന്ന് മാത്രമാണ് കെഎസ്ആര്‍ടിസി. ശമ്പളം നല്‍കേണ്ടത് കെഎസ്ആര്‍ടിസി മാനേജ്മെന്‍റാണെന്നും ആന്‍റണി രാജു പറഞ്ഞു. സർക്കാർ പതിവായി നൽകുന്ന 30 കോടി രൂപ നൽകിയെങ്കിലും എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാൻ ഇത് തികയില്ല. ബാക്കി വേണ്ട 55 കോടി രൂപയ്ക്കായി ബാങ്ക് വായ്പ തരപ്പെടുത്താനുള്ള ശ്രമത്തിലാണ് മാനേജ്മെന്‍റ്.

പത്തനംതിട്ടയിൽ മാത്രം കെഎസ്ആർടിസി കൊയ്യുന്നത് ലക്ഷങ്ങളുടെ ലാഭം

പത്തനംതിട്ട: ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ കഴിയാതെ അടച്ചു പൂട്ടേണ്ടി വരുമോ എന്ന ഭയത്തിലാണ് കെഎസ്ആർടിസി. എന്നാൽ ഒന്ന് ശ്രമിച്ചാൽ ആനവാദിയെ ഉയർത്തിക്കൊണ്ടു വരൻ സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് പത്തനംതിട്ട ഡിപ്പോ. കെ സ്വിഫ്റ്റ് ഉൾപ്പെടെ പത്തനംതിട്ട ഡിപ്പോ ലാഭത്തിലാണ്. മംഗലാപുരം സ്വിഫ്റ്റ് സർവീസിലെ ജീവനക്കാർ മുങ്ങിയതിനെ തുടർന്ന് സർവീസ് മണിക്കൂറുകൾ വൈകിയ സംഭവം അപവാദമായി മാറിയെങ്കിലും ഡിപ്പോയുടെ പ്രവർത്തനം മികച്ച നിലവാരത്തിലാണെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ വിലയിരുത്തുന്നത്. ഓർഡിനറി, ദീർഘദൂര സർവീസുകളും സ്വിഫ്റ്റ് സർവീസുകളും മികച്ച വരുമാനമുണ്ടാക്കുന്നു. ജീവനക്കാരുടെ സഹകരണവും സർവീസുകളുടെ കൃത്യതയുമാണ് നേട്ടത്തിന് പിന്നിലെന്ന് ഡിപ്പോ അധികൃതർ പറയുന്നു.

മൂന്ന് സ്വിഫ്റ്റ് സർവീസുകളുടെ ഒരു ട്രിപ്പിന്റെ ശരാശരി വരുമാനം രണ്ട് കോടി കവിഞ്ഞിട്ടുണ്ട്. ചെലവ് ശരാശരി ഒരുകോടി. ശനി, തിങ്കൾ ദിവസങ്ങളിൽ വരുമാനം ഒരു കോടിക്ക് അടുത്തെത്തിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഓർഡിനറി, ദീർഘദൂര സർവീസുകളുടെ ഒരു ദിവസത്തെ വരുമാനം എട്ട് ലക്ഷമാണ്. ഡീസലടക്കം ഒരു ദിവസത്തെ ചെലവ് അഞ്ച് ലക്ഷത്തോളം വരും. യാത്രക്കാർക്ക് ആവശ്യമുള്ള റൂട്ടുകളിലേക്ക് കൂടുതൽ സർവീസ് തുടങ്ങാനാണ് തീരുമാനം.

കെ സ്വിഫ്റ്റ് : ഒരു ദിവസത്തെ വരുമാനം ശരാശരി കണക്കിൽ

പത്തനംതിട്ട – ബംഗളുരു 80,000രൂപ ചെലവ് 35000
പത്തനംതിട്ട – മൈസൂർ 55,000 രൂപ ചെലവ് 25000
പത്തനംതിട്ട – മംഗലാപുരം 60,000 രൂപ ചെലവ് 30,000

ഓർഡിനറി, ദീർഘദൂര സർവീസുകൾവരുമാനം 8 ലക്ഷംചെലവ് 5 ലക്ഷം” ജീവനക്കാരുടെ ആത്മാർത്ഥതയാണ് ഡിപ്പോയുടെ ഉൗർജം. സർവീസുകൾ കൃത്യസമയത്ത് നടത്താനും ജനസൗഹൃദവുമാക്കാനും ജീവനക്കാർ വലിയ തോതിൽ സഹകരിക്കുന്നുണ്ട് എന്ന് ഡി.ടി.ഒ തോമസ് മാത്യു പറഞ്ഞു.

മെയ് ഒന്നിന് നിലവിൽ വന്ന ടിക്കറ്റ് ചാർജ്ജ് വർധനവ് പൂർണമായി നടപ്പാക്കാതെ കെഎസ്ആർടിസി

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയിൽ ടിക്കറ്റ് ചാർജ്ജ് വർധനവ് പോലും ഫലപ്രദമായി നടപ്പാക്കാനാകാതെ മാനേജ്മെന്റ്. കേരളത്തിൽ യാത്രാ ബസുകളുടെ ടിക്കറ്റ് വർദ്ധനവ് 2022 മെയ് ഒന്നിന് നിലവിൽ വന്നെങ്കിലും, കെഎസ്ആർടിസിയുടെ എല്ലാ റൂട്ടിലും നാളിതുവരെ പുതിയ ചാർജ് വർദ്ധനവ് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ആര്യങ്കാവ് യൂണിറ്റിലെ തിരുവനന്തപുരം – ആര്യങ്കാവ് FP ട്രിപ്പ്, പന്തളം യൂണിറ്റിലെ തിരുവനന്തപുരം – കായംകുളം – പന്തളം FP തുടങ്ങി നൂറു കണക്കിന് റൂട്ടുകളിൽ ഇപ്പോഴും പഴയ ചാർജ്ജാണ് യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. ചാർജ് വർദ്ധനവ് നടപ്പാക്കാത്തതു കാരണം കേർപ്പറേഷന് ദിനംപ്രതി ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമാകുന്നത്.

മുൻകാലങ്ങളിൽ ചാർജ് വർദ്ധനവ് നടപ്പാകുന്നതിനും മുമ്പ് തന്നെ കെഎസ്ആർടിസിയുടെ എല്ലാ റൂട്ടുകളിലേക്കും പുതിയ ഫെയർ ടേബിൾ തയ്യാറാക്കി ചാർജ് വർദ്ധനവ് നിലവിൽ വരുന്ന അന്ന് അർദ്ധരാത്രി മുതൽ യാത്രക്കൂലി വർദ്ധനവ് കെഎസ്ആർടിസി നടപ്പിലാക്കിയിരുന്നു. എന്നാൽ, ഇത്തവണ ഒരാഴ്ച കഴിഞ്ഞാണ് സൂപ്പർ ക്ലാസ് സർവ്വീസുകളിൽ പോലും പൂർണ്ണമായി ചാർജ് വർദ്ധനവ് നടപ്പാക്കിയത്.

ഇടവമാസ പൂജക്ക് ശബരിമല ദർശനത്തിന് പോകാൻ കെഎസ്ആർടിസി ബസ് ലഭ്യമല്ലാത്തതിനാൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് തീർത്ഥാടകർ. മാസപൂജക്കായി നടതുറക്കുന്നതിൻ്റെ തലേദിവസം മുതൽ തിരുവനന്തപുരത്തു നിന്നും പമ്പക്ക് സ്പെഷ്യൽ സർവ്വീസ്, 15 ദിവസം മുമ്പ് റിസർവ്വേഷൻ സൗകര്യവും ലഭ്യമായിരുന്നതാണ്. എന്നാൽ മെയ് 15 ന് നടതുറക്കുമ്പോൾ 14 മുതൽ സർവ്വീസ് അയയ്ക്കും എന്നിരിക്കെ മെയ് 11 വരെയും പമ്പക്ക് ബുക്കിംഗ് സൗകര്യം ലഭ്യമാക്കിയിട്ടില്ല. പമ്പ ബസ് അന്വേഷിക്കുന്നവർ ബുക്കിംഗ് സൗകര്യം ലഭ്യമല്ലാത്തതിനാൽ സ്വകാര്യ ട്രാവൽസുകളെ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്നു.

ഇത്തരം കാര്യങ്ങൾക്കായി കെഎസ്ആർടിസി എണ്ണിയാലൊതുങ്ങാത്ത ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. പക്ഷേ ഉന്നതങ്ങളിൽ ഇരിക്കുന്നവർക്ക് സർവ്വീസ് നടത്തിപ്പിലല്ല താല്പര്യം. മറ്റു പല കാര്യങ്ങളിലും അഭിരുചിതെളിയച്ചവരെയാണ് സർവ്വീസ് ഓപ്പറേഷൻ്റെ തലപ്പത്ത് അവരോധിച്ചിരിക്കുന്നതെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. തിരക്കിനിടയിൽ 10 രൂപ ടിക്കറ്റ് നൽകാൻ വിട്ടു പോയാൽ ജീവനക്കാരൻ കെഎസ്ആർടിസിയുടെ ധനം നഷ്ടപ്പെടുത്തിയതിന് കഠിനശിക്ഷ വിധിക്കുന്ന മാനേജ്മെൻ്റ്, കോർപ്പറേഷന് കോടികൾ നഷ്ടം വരുത്തുന്ന ഓപ്പറേഷൻ മേധാവികൾക്കെതിരെ യാതൊരു നടപടികളും കൈക്കൊള്ളാൻ തയ്യാറല്ല. ചാർജ് വർദ്ധന നാളിതുവരെയും ഫലപ്രദമായി നടപ്പിലാക്കാത്ത കെഎസ്ആർടിസി ഓപ്പറേറ്റിംഗ് വിഭാഗം മേധാവികളിൽ നിന്നും നാളിതുവരെ കോർപ്പറേഷന് ഉണ്ടായ നഷ്ടം ഈടാക്കാൻ തയ്യാറാകണമെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു.

കെഎസ്ആർടിസിക്കെതിരെ ടോൾ കമ്പനി

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിയെ പിഴിഞ്ഞ് ടോള്‍ കമ്പനിയും. പാലിയേക്കര ടോള്‍ പ്ലാസയില്‍ കുടിശ്ശികയുടെ പേരില്‍ നൂറ് കോടിയിലധികം രൂപ കോര്‍പറേഷന്‍ നല്‍കണമെന്ന് ടോള്‍ കമ്പനി സര്‍ക്കാരിനെ അറിയിച്ചു. 31 കോടി മാത്രമേ അടക്കാനുള്ളുവെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്ക്. ടോള്‍ പിരിക്കുന്നതില്‍ ക്രമക്കേടുണ്ടെന്നും അമിത തുക ഈടാക്കുന്നതായി കണ്ടെത്തിയെന്നുമാണ് കെ.എസ്.ആര്‍.ടി.സിയുടെ വാദം.

പാലിയേക്കര ടോള്‍ പ്ലാസ വഴി പോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും ടോള്‍ നിര്‍ബന്ധമാണ്. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് ടോള്‍ പിരിക്കാനുള്ള ചുമതല. ഫാസ്റ്റ് ടാഗില്‍ മതിയായ തുക നിലനിര്‍ത്താതെയാണ് പലപ്പോഴും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ടോള്‍ പ്ലാസ കടക്കുന്നതെന്നാണ് ദേശീയ പാത അതോറിറ്റി സര്‍ക്കാരിനെ അറിയിച്ചത്. ഇത് കാരണം ഇരട്ടിതുക പിഴയായി വാങ്ങേണ്ടി വരും.

ഈ വര്‍ഷം ഫെബ്രുവരി വരെ 106.36 കോടി കോര്‍പറേഷന്‍ നല്‍കാനുണ്ടെന്നാണ് കമ്പനിയുടെ കണക്ക്. 3.05 കോടി രൂപ കെ.എസ്.ആര്‍.ടി.സി അടച്ചിട്ടുണ്ട്. ജി.ഐ.പി.എല്ലിന്‍റേത് തെറ്റായ കണക്കാണെന്ന് പരിശോധനയില്‍ മനസിലായെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നു. 24 മണിക്കൂറിനകും തിരിച്ചുവരുന്ന ബസുകള്‍ക്ക് 50 ശതമാനം ടോളേ ഈടാക്കാവൂ എന്നാണ് നിയമം. ടോള്‍ കമ്പനി ഇതിനും ഇരട്ടി തുകയാണ് ഈടാക്കുന്നത്.

ടോള്‍ പ്ലാസക്ക് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പുതുക്കാട് ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ക്ക് ഇളവ് നല്‍കുന്നില്ലെന്നും പരാതിയുണ്ട്. സര്‍ക്കാരിന്‍റെ മുമ്പിലെത്തിയ തര്‍ക്കത്തില്‍ പരിഹാരമായില്ലെങ്കില്‍ കോടതി കയറാനാണ് സാധ്യത.

കെഎസ്ആർടിസിയിൽ ഇനി ക്ലസ്റ്റർ അടിസ്ഥാനത്തിൽ സർവീസുകൾ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിസര്‍വീസുകള്‍ ക്ലസ്റ്റര്‍ തലത്തിലേക്ക് മാറുന്നു. ഡിപ്പോ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ കാരണം നേരിടുന്ന പ്രതിസന്ധികൾ കണക്കിലെടുത്താണ് നടപടി. വിവിധ ഡിപ്പോകളിലെ സര്‍വീസുകള്‍ തമ്മില്‍ ഏകോപനം ചെയ്യാന്‍ കഴിയാതെ ഒരേസമയം ഒന്നിലധികം സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുക, ബസുകള്‍ യഥാക്രമം ഓപ്പറേറ്റ് ചെയ്യാതിരിക്കുക, പൊതു ജനങ്ങള്‍ക്ക് ആവശ്യാനുസരണം വാഹനങ്ങള്‍ ലഭ്യമാക്കുവാന്‍ കഴിയാതെവരുക തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇനി പരിഹാരമാകും. കോര്‍പ്പറേഷന് ലഭ്യമാക്കേണ്ട വരുമാനത്തില്‍ കുറവ് വരുന്നതും അധിക ഇന്ധന ചിലവ് ഉണ്ടാകുന്നത് തടയുന്നതിനുമാണ് ക്ലസ്റ്റര്‍ നടപ്പിലാക്കുന്നതെന്ന് കെഎസ്ആർടിസി പത്രക്കുറിപ്പില്‍ അറിയിച്ചു.

സര്‍വീസ് ഓപ്പറേഷന്‍ കാര്യക്ഷമമാക്കുന്നതിന് സര്‍വ്വീസ് ഓപ്പറേഷനെ ക്ലസ്റ്ററുകളായി തിരിച്ച് അനുയോജ്യരായ ഓഫീസര്‍മാരെ ക്ലസ്റ്റര്‍ തലവന്‍മാരായി നിയമിച്ചും ഓരോ ക്ലസ്റ്ററിന് കീഴിലും രണ്ട് അസിസ്റ്റന്റ് ക്ലസ്റ്റര്‍ ഓഫീസര്‍മാരെ നിയമിച്ചുമാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ ഡിപ്പോകളെ ക്ലസ്റ്ററുകളായി തിരിച്ച് ഓപ്പറേഷന്‍ നടത്താന്‍ സിഎംഡി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് അഞ്ച് ക്ലസ്റ്ററുകളായി തിരിച്ച് സര്‍വ്വീസ് ഓപ്പറേഷന്‍ ആരംഭിച്ചു.

എല്ലാ ക്ലസ്റ്റര്‍ ഓഫീസര്‍മാരുടെ കീഴിലും രണ്ട് അസിസ്റ്റന്റ് ക്ലസ്റ്റര്‍ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്. ക്ലസ്റ്റര്‍ ഓഫീസര്‍മാരെ സര്‍വ്വീസ് ഓപ്പറേഷന് സഹായിക്കുക, ക്ലസ്റ്റര്‍ ഓഫീസര്‍മാരുടെ നിര്‍ദ്ദേശാനുസരണം സര്‍വീസ് ഓപ്പറേഷന്‍ സംബന്ധമായ നടപടി സ്വീകരിക്കുക എന്നിവയാണ് ഇവരുടെ ചുമതല. ദീര്‍ഘദൂര സര്‍വീസുകള്‍ സെന്‍ട്രല്‍ എടിഒയുടെ കീഴില്‍ കൊണ്ടു വന്നതോടെ കെഎസ്ആര്‍ടിസി – സ്വിഫ്റ്റിന്റെ ഓപ്പറേഷന്‍ ചുമതലയുള്ള ഡിറ്റിഒയുമായി ചേര്‍ന്ന് സ്വിഫ്റ്റുമായുള്ള ഏകോപനം നടത്തുന്നതോടെ സര്‍വീസ് കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യും. ഇനി മുതല്‍ ക്ലസ്റ്റര്‍ 1 ലെ ഓഫീസറും, സ്വിഫ്റ്റ് ഓപ്പറേഷന്‍ ചാര്‍ജുള്ള ഡിടിഒയും, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓപ്പറേഷന്റെ കീഴില്‍ ഒറ്റ ടീമായി പ്രവര്‍ത്തിക്കുമെന്നും കെഎസ്ആർടിസി വ്യക്തമാക്കുന്നു.

ക്ലസ്റ്റര്‍ 2,3,4,5 എന്നിവയിലെ ക്ലസ്റ്റര്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം ചീഫ് ഓഫീസിലെ ചീഫ് ട്രാഫിക് ഓഫീസര്‍ ഇന്‍ ചാര്‍ജ് വഴി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍) നിയന്ത്രിക്കും. ഭരണപരവും അക്കൗണ്ട്‌സ് സംബന്ധവുമായ നടപടികള്‍ ജില്ലാ ഓഫീസുകള്‍ രൂപീകരിച്ച് ജില്ലാടിസ്ഥാനത്തില്‍ നടത്തുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ക്ലസറ്റര്‍ ഓഫീസര്‍മാര്‍ക്ക് സര്‍വീസ് ഓപ്പറേഷന്റെ പൂര്‍ണ്ണ ചുമതല നല്‍കിയ സാഹചര്യത്തില്‍ ഭരണപരവും, അക്കൗണ്ട്‌സ് സംബന്ധവുമായ നടപടികള്‍ പൂര്‍ണ്ണമായും ജില്ലാ ഓഫീസുകളിലേക്ക് മാറുന്നത് വരെ അഞ്ച് അസിസ്റ്റന്റ് ക്ലസ്റ്ററുകളിലും എടിഒ മാര്‍ക്ക് യൂണിറ്റുകളുടെ ഭരണപരവും അക്കൗണ്ട്‌സ് സംബന്ധവുമായ പൂര്‍ണ ചുമതലകളും നല്‍കിയിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

സ്വിഫ്റ്റ് ബസ് ജീവനക്കാർ ഡ്യൂട്ടിക്ക് വരാതിരുന്നതിന് പിന്നിൽ ഗൂഢാലോചന?

പത്തനംതിട്ട: മംഗളൂരുവിനുള്ള സ്വിഫ്റ്റ് ബസ് നാലര മണിക്കൂർ വൈകിയ സംഭവത്തിൽ ഡ്രൈവർ കം കണ്ടക്ടർമാർ ഡ്യൂട്ടിക്ക് എത്താതിരുന്നതിനു പിന്നിൽ ഗൂഢാലോചനയെന്ന് സംശയം. സ്വകാര്യ ലോബികളുമായി ചേർന്നു കെഎസ്ആർടിസിയിലെ 3 ജീവനക്കാർ ഒത്തുകളിച്ചെന്നാണു സംശയിക്കുന്നത്. അവരാണു മാധ്യമങ്ങളെ വിവരം അറിയിച്ചു വിവാദമുണ്ടാക്കിയതെന്നും ആക്ഷേപമുണ്ട്. ഇവരുടെ പേരുവിവരം വിശദീകരണത്തോടൊപ്പം നൽകണമെന്ന് എടിഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ബെംഗളൂരു, മംഗളൂരു, മൈസൂരു എന്നീ റൂട്ടുകളിലാണ് സ്വിഫ്റ്റ് സർവീസുള്ളത്. 24 ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. സർവീസ് മുടങ്ങാതിരിക്കാൻ ഓരോ ദിവസവും സർവീസിനു പോകേണ്ട ജീവനക്കാരുടെ ഷെഡ്യൂളും നിശ്ചയിച്ചിട്ടുണ്ട്.

സംഭവത്തിൽ കുറ്റക്കാരായ 2 ജീവനക്കാരെ ജോലിയിൽ നിന്നു മാറ്റിനിർത്തി. സംഭവത്തിൽ പത്തനംതിട്ട എടിഒയോട് കെഎസ്ആർടിസി എംഡി വിശദീകരണം തേടി. ഞായറാഴ്ച വൈകിട്ട് 5ന് മംഗളൂരു സർവീസ് പോകേണ്ട ഡ്രൈവർ കം കണ്ടക്ടർമാരായ അനിലാൽ, മാത്യു രാജൻ എന്നിവരാണു സമയത്തു ജോലിക്കെത്താതെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തുവച്ചത്. യാത്രക്കാരുടെ പരാതിയെ തുടർന്നു കൊല്ലത്തുനിന്ന് ജീവനക്കാരെ എത്തിച്ചാണ് രാത്രി 9.30ന് സർവീസ് നടത്തിയത്.

ജീവനക്കാർ എത്താത്തതുമൂലം സർവീസ് മുടങ്ങിയ സംഭവത്തിൽ എടിഒ തോമസ് മാത്യു ഇന്നലെ കെഎസ്ആർടിസി എംഡിക്കും സ്വിഫ്റ്റിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് ഡയറക്ടർക്കും റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഇവർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകും. ചീഫ് ഓഫിസിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് ഇന്നലെ അനിലാലിനെയും മാത്യു രാജനെയും ഡ്യൂട്ടിയിൽനിന്നു മാറ്റിനിർത്തിയത്.

ശമ്പളം നല്‍കേണ്ടത് മാനേജ്മെന്റാണ്’; സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ആന്‍റണി രാജു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പളക്കാര്യത്തില്‍ കൈയ്യൊഴിഞ്ഞ് മന്ത്രി ആന്‍റണി രാജു. ഇനി സര്‍ക്കാരിന് ഉത്തരവാദിത്തം ഇല്ലെന്നാണ് മന്ത്രി പറഞ്ഞത്. പത്താം തിയതി ശമ്പളം നല്‍കാമെന്ന് പറഞ്ഞത് സമരത്തിന് മുമ്പാണ്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതെയായി. നൂറ് പൊതുമഖല സ്ഥാനപങ്ങളിലൊന്ന് മാത്രമാണ് കെഎസ്ആര്‍ടിസി. ശമ്പളം നല്‍കേണ്ടത് കെഎസ്ആര്‍ടിസി മാനേജ്മെന്‍റാണെന്നും ആന്‍റണി രാജു പറഞ്ഞു.

മാസത്തിലെ പത്താം ദിവസമായിട്ടും ഏപ്രിൽ മാസത്തെ ശമ്പളം കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. സർക്കാർ പതിവായി നൽകുന്ന 30 കോടി രൂപ ഇന്നലെ നൽകിയെങ്കിലും എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാൻ ഇത് തികയില്ല. ബാക്കി വേണ്ട 55 ലക്ഷം രൂപയ്ക്കായി ബാങ്ക് വായ്പ തരപ്പെടുത്താനുള്ള ശ്രമത്തിലാണ് മാനേജ്മെന്‍റ്.

കെഎസ്ആർടിസിയിൽ ഇന്നും ശമ്പളം മുടങ്ങും

തിരുവനന്തപുരം: മെയ് മാസം പത്താം തിയതി ആയിട്ടും ഏപ്രിൽ മാസത്തെ ശമ്പളം കിട്ടാതെ കെഎസ്ആര്‍ടിസി ജീവനക്കാർ. ഇന്നും ശമ്പളം നൽകാനാവില്ലെന്ന സൂചനകളാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്നത്. സർക്കാർ പതിവായി നൽകുന്ന മുപ്പത് കോടി രൂപ ഇന്നലെ നൽകിയെങ്കിലും എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാൻ ഇത് പോരാ. ബാക്കി വേണ്ട 55 ലക്ഷം രൂപയ്ക്കായി ബാങ്ക് വായ്പ തരപ്പെടുത്താനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്.

ഇന്ന് അർദ്ധരാത്രി വരെ ശമ്പളത്തിനായി കാത്തിരിക്കുമെന്നാണ് തൊഴിലാളി നേതാക്കൾ പറയുന്നത്. കൂലി കിട്ടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് ആലോചന. ശമ്പളം വന്നില്ലെങ്കിൽ നാളെത്തന്നെ യോഗം ചേർന്ന് പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.

കെഎസ്ആർടിസി വർക്ക്ഷോപ്പുകളുടെ എണ്ണം അ‍ഞ്ചിലൊന്നാക്കും

തിരുവനന്തപുരം: കെഎസ്ആർടിസിൽ വർക്ക്ഷോപ്പുകളുടെ എണ്ണം അഞ്ചിലൊന്നായി ചരുക്കാൻ മാനേജ്മെന്റ് തീരുമാനം. ഇതോടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനും തൊഴിലാളികളുടെ കാര്യക്ഷമത കൂടുതൽ ഉറപ്പിക്കാനും കഴിയുമെന്നാണ് കണക്കു കൂട്ടുന്നത്. കോർപറേഷന്റെ നവീകരണത്തിനായി സർക്കാർ നൽകുന്ന പ്രത്യേക ഫണ്ടാണ് ഇതിനായി മാറ്റി വെക്കുന്നത്.

സംസ്ഥാനത്ത് ആകെ 100 വർക്ക്ഷോപ്പുകളാണ് കെഎസ്ആർടിസിക്ക് ഉള്ളത്. ഇത് 22 എണ്ണമാക്കി ചുരുക്കാനാണ് തീരുമാനം. ഇതിനായി തെരഞ്ഞെടുക്കുന്ന വർക്ക്ഷോപ്പുകളെ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ആധുനിക തൊഴിലിടങ്ങളാക്കി മാറ്റും.

തിരുവനന്തപുരം സെൻട്രൽ വർക്ക്ഷോപ്പ്, മാവേലിക്കര, എടപ്പാൾ, കോഴിക്കോട് , ആലുവ എന്നീ സ്ഥലങ്ങളിലെ റീജണൽ വർക്ക് ഷോപ്പുകളും ജില്ലാ വർക്ക്ഷോപ്പുകളുമാണ് നവീകരിക്കുന്നത്. ഇതിനായുള്ള പ്രാരംഭ നടപടികളിലേക്ക് മാനേജ്മെന്റ് കടന്നുകഴിഞ്ഞു. നവീകരണത്തിന്റെ ഭാഗമായി ഇവിടങ്ങളിൽ കൈകൊണ്ടുള്ള പെയിന്റിംഗ് ഒഴിവാക്കി സ്പ്രേ പെയിന്റിംഗ് ബൂത്തുകൾ തുടങ്ങി. വാഹനങ്ങൾ കഴുകാനും ടയർ മാറാനും യന്ത്രം സ്ഥാപിക്കും.

ആധുനികവൽകരണത്തിന്റെ ഭാഗമായി ലൈലന്റിന്റെ സാങ്കേതിക സഹാത്തോടെ എടപ്പാളിൽ എഞ്ചിൻ റീ കണ്ടീഷൻ പ്ലാന്റ് വരും. ഇതിനായി തെരഞ്ഞെടുത്ത എ‍ഞ്ചിനീയർ‌മാർക്കും മെക്കാനിക്കുകൾക്കും ലൈലെന്റിൽ കന്പനിയിൽ പരിശീലനം തുടങ്ങി കഴിഞ്ഞു. സമാന രീതിയിൽ തിരുവനന്തപുരത്ത് ടാറ്റയുമായി സഹകരിച്ച് എഞ്ചിൻ റീകണ്ടീക്ഷനിംഗ് പ്ലാന്റ് വരും. ഇതോടൊപ്പം കെഎസ്ആർടിസി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടേയും ബോഷ് ഡീസൽ പമ്പിന് വേണ്ടിയുള്ള പ്രത്യേക കാലിബ്രേഷൻ യൂണിറ്റ് തിരുവനന്തപുരത്ത് ഉടൻ തുടങ്ങാനും നടപടികൾ തുടങ്ങി. ഇത്തരം നടപടികളോടെ അറ്റകുറ്റപ്പണികൾ കൂടുതൽ കാര്യക്ഷമാക്കാനും ചെലവ് ചുരുക്കാനുമാകുമെന്നാണ് മാനേജ്മെന്റിന്റെ കണക്ക് കൂട്ടൽ. എന്നാൽ പ്രായോഗികമല്ലാത്ത മറ്റൊരു തീരുമാനം എന്നാണ് ജീവനക്കാരുടെ പ്രതികരണം.

കെഎസ്ആർടിസി ബസ് കഴുകാൻ യന്ത്രം വാങ്ങുന്നത് ഒന്നേക്കാൽ കോടി മുടക്കി

തിരുവനന്തപുരം: ഒന്നേക്കാൽ കോടി മുടക്കി ബസ് കഴുകാൻ യന്ത്രം വാങ്ങുന്നതിനെതിരായി ഉയര്‍ന്ന ആരോപണങ്ങളോട് മുഖം തിരിച്ച് കെഎസ്ആര്‍ടിസി മാനേജ്മെന്റ്. ശമ്പളത്തിനോ ദൈനംദിന ചെലവുകൾക്കോ മാറ്റിവച്ച തുകയല്ല ഉപയോഗിക്കുന്നത് എന്നതാണ് നൽകിയ വിശദീകരണം. വാഷിംഗ് യൂണിറ്റ് വാങ്ങുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് ജീവനക്കാരിൽ നിന്ന് ഉയർന്നത് .

കഴിഞ്ഞ മാസത്തെ ശമ്പളം എന്നുകിട്ടുമെന്ന് വ്യവസ്ഥയില്ലാത്ത സ്ഥാനപത്തിൽ ബസ് കഴുകുന്ന യന്ത്രം വാങ്ങാൻ ഒന്നേകാൽ കോടി ചെലവിടുന്നതിനായിരുന്നു വിമര്‍ശനമത്രയും. എന്നാൽ മാനേജ്മെന്റിന് ഇക്കാര്യത്തിലുളളത് വ്യത്യസ്ത വാദമാണ്. നിലവിൽ 425 വാർഷർമാർ ബസ് ഒന്നിന് 25 രൂപ നിരക്കിലാണ് പുറം ഭാഗം കഴുകി വൃത്തി ആക്കുന്നത്. അതൊട്ട് കാര്യക്ഷമവുമല്ല. ഈ സാഹചര്യത്തിലാണ് യന്ത്രം വാങ്ങാൻ തീരുമാനിച്ചത്. ശമ്പളത്തിനോ നിത്യചെലവിനോ മാറ്റി വച്ച തുകയല്ല. വര്‍ക് ഷോപ്പ് നവീകരണത്തിന് വര്‍ഷം തോറും കിട്ടുന്ന മുപ്പത് കോടിയിൽ നിന്നാണ് ചെലവ്. അതാകട്ടെ മറ്റൊന്നിനും വകമാറ്റാനും ആകില്ല. അടുത്തിടെ നിരത്തിലിറങ്ങിയ സ്വിഫ്റ്റ് ബസ്സുകളടക്കം വൃത്തിഹീനമായി കിടക്കുന്നു എന്ന് വ്യാപക പരാതിയുണ്ട്. പുതിയ യന്ത്രമാണെങ്കിൽ മാസം തോറും 3000 ബസ്സുകൾ വരെ കഴുകി വൃത്തിയാക്കാം. ഒരു ബസ് കഴുകാൻ 200 ലിറ്റർ വരെ വെള്ളം മതി.

വിവിധ തലത്തിലുള്ള 4300 ഓളം ബസുകളാണ് വൃത്തിയാക്കാനുള്ളത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിലാവും യന്ത്രം സ്ഥാപിക്കുക.

തൽപര്യം അറിയിച്ചെത്തിയ കന്പനികളോട് ഉടൻ ടെൻഡർ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നാല് വർഷക്കാലം യന്ത്രത്തിന്റെ പരിപാലച്ചെലവും കരാർ ലഭിക്കുന്ന കന്പനി വഹിക്കണം. കഴുകാനുള്ള വെള്ളവും രാസ വസ്തുക്കളും കെഎസ്ആർടിസി നൽകും.

കെഎസ്ആർടിസിയിൽ അച്ചടക്ക നടപടി

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ 24 മണിക്കൂർ പണിമുടക്കിന് പിന്നാലെ തൊഴിലാളികൾക്ക് മേൽ നിയന്ത്രണം കടുപ്പിച്ച് മാനേജ്‌മന്റ്. പണിമുടക്കിനെ തുടന്ന് അന്നേ ദിവസം ജോലിക്ക് ഹാജരാകാതിരുന്ന ജീവനക്കാരുടെ പട്ടിക തയാറാക്കി തുടങ്ങി. അച്ചടക്ക നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടി ആയാണ് ഇത്. ഇനി മുതൽ 190 ദിവസം ജോലിചെയ്യുന്നവരെ മാത്രമേ ശമ്പള വർദ്ധനവിനും സ്ഥാനക്കയറ്റത്തിനും അടക്കം പരിഗണിക്കുകയുമുള്ളൂ.

തന്റെ വാക്കും സ്ഥാപനത്തിന്റെ അവസ്ഥയും കണക്കിലെടുക്കാതെ പണിമുടക്കിയവരോട് വിട്ടുവീഴ്ചയില്ലെന്ന് അന്നു തന്നെ ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. സമരം പ്രഖ്യാപിച്ചതിന് പിന്നാലെ കെഎസ്ആർടിസിയിൽ ഡയസ്നോൺ പ്രഖ്യാപിച്ചു. അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി 5, 6, 7 തീയതികളിൽ ജോലിക്ക് ഹാജരാവാത്തവരുടെ പട്ടികയും തയ്യാറാക്കിത്തുടങ്ങി.

ജീവനക്കാർ 24 മണിക്കൂർ സമരംചെയ്ത ദിവസം തന്നെയാണ് മിനിമം ഡ്യൂട്ടി നിബന്ധനയും ഉത്തരവാക്കി ഇറക്കിയത്. ഇത് ജനുവരിയിൽ കോർപറേഷനിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുമായുണ്ടാക്കിയ ധാരണപ്രകാരമുള്ള ഉത്തരവായിരുന്നു. ഇത് പ്രകാരം കെഎസ്ആർടിസിയിൽ ഇനി മുതൽ ശമ്പള വർദ്ധനവ് , പ്രമോഷൻ, പെൻഷൻ തുടങ്ങിയവ ലഭിക്കാൻ എല്ലാവർഷവും ചുരുങ്ങിയത് 190 ദിവസം ഹാജർ വേണം.

മാരക രോഗങ്ങൾ പിടിപെടുന്നവർക്കും അപകടങ്ങളെ തുടർന്ന് കിടപ്പുരോഗികളാകുന്നവർക്കും ഇളവുണ്ട്. എന്നാൽ ഇവരുടെ കാര്യത്തിൽ അന്തിമ തീരുമാനം കെഎസ്ആർടിസി മാനേജ്മെന്റിന്റേതാണ്. അതിന് കെഎസ്ആർടിസി രൂപീകരിക്കുന്നതോ സർക്കാരിന്റേതോ ആയ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കൂടി പരിഗണിക്കും. ഉറ്റ ബന്ധുക്കളുടെ മരണം നടന്നാലും 190 ദിവസം മിനിമം സേവനം എന്ന നിബന്ധനയിൽ ഇളവ് കിട്ടും.

കെഎസ്ആർടിസി പൂട്ടിക്കെട്ടുമോ?

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വണ്ടികൾ ഫിറ്റ് അല്ലെങ്കിൽ ഉടൻ വിൽക്കണം എന്നായിരുന്നു കോടതിയുടെ വിമർശനം. മറുവശത്താകട്ടെ ശമ്പള പ്രതിസന്ധിയും. ചെയ്ത ജോലിക്ക് കൂലി കിട്ടാൻ സമരം ചെയ്യേണ്ട ഗതികേടിലാണ് തൊഴിലാളികൾ. പത്താം തീയതി ശമ്പളം കിട്ടിയില്ലെങ്കിൽ അനിശ്ചിത കാല സമരത്തിലേക്ക് പോകുമെന്നും തൊഴിലാളികൾ അറിയിച്ചു കഴിഞ്ഞു. ഇങ്ങനെയാണെങ്കിൽ അധികം വൈകാതെ കെഎസ്ആർടിസി പൂട്ടിക്കെട്ടുമെന്ന് ഉറപ്പായി.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലെ സമരം കെഎസ്ആർടിസിക്ക് താങ്ങാൻ ആവുന്നതിലും അപ്പറുമാണ്. ഒരു ദിവസത്തെ സമരം കെഎസ്ആർടിസിക്ക് വരുത്തുന്നത് മൂന്നു ദിവസത്തെ നഷ്ടമാണെന്ന് ഗതാഗത മന്ത്രി തന്നെ സമ്മതിച്ചിരുന്നു. സർക്കാരിൽ നിന്നുള്ള പണം കിട്ടിയാലേ ശമ്പളം നൽകാൻ കഴിയൂ. നന്നാക്കി ഉപയോഗിക്കാൻ കഴിയാത്തവിധം കാലപ്പഴക്കമുള്ള 920 ബസുകൾ പൊളിച്ചുവിറ്റാലും കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾ തീരില്ല.

ഒരു മാസം ശരാശരി 150 കോടിയാണ് വരുമാനം. ഇതിൽ 90 കോടി ഡീസലിന് വേണം. 30 കോടി ലോൺ ഇനത്തിലും പോകും. ബാക്കിയുള്ള തുക കൊണ്ട് ശമ്പളവും പെൻഷനും നൽകാൻ കഴിയില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം. സമരം തുടങ്ങിയാൽ വരുമാനം ഇനിയും കുറയും ഇതോടെ പ്രതിസന്ധിയും കൂടും. യൂണിയൻ നേതാക്കളെ അടക്കം ജോലിക്കിറക്കാനുള്ള കെ എസ് ആർ ടി സി എംഡി ബിജു പ്രഭാകറിന്റെ നീക്കവും യൂണിയനുകൾക്ക് പിടിച്ചിട്ടില്ല. മുമ്പ് പലപ്പോഴും മാസാവസാനമാണ് കെ എസ് ആർ ടി സിയിൽ ശമ്പളം കിട്ടിരുന്നത്. അന്നൊന്നും ആരും പണി മുടക്കിയിരുന്നില്ല.

സമരം കൂടി വന്നാൽ കെ എസ് ആർ ടി സി സമ്പൂർണ്ണമായും പൂട്ടേണ്ട അവസ്ഥ വരുമെന്നതാണ് വസ്തുത. അങ്ങനെ വന്നാൽ എല്ലാ ബസും പൊളിച്ചു വിൽക്കേണ്ടി വരും. 920 ബസുകൾ പൊളിച്ചു വിൽക്കാനുണ്ടെന്ന് കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു. ഇതിൽ 681 എണ്ണം സാധാരണ ബസുകളും 239 എണ്ണം ജന്റം ബസുകളുമാണ്. ഒന്പതുമുതൽ 16 വരെ വർഷം ഉപയോഗിച്ച ബസുകളാണ് ഇത്തരത്തിൽ സ്‌ക്രാപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും കെ.എസ്.ആർ.ടി.സി. വിശദീകരിക്കുന്നു.

കെ.എസ്.ആർ.ടി.സി.യുടെ 2800 ബസുകൾ വിവിധ ഡിപ്പോകളിൽ ‘തള്ളി’യിരിക്കുകയാണെന്ന, ഹൈക്കോടതിയിലെ ഹർജിയിൽ ഉന്നയിച്ച കാര്യങ്ങൾ കോർപ്പറേഷൻ നിഷേധിച്ചു. കോവിഡിനുമുമ്പ് 4336 ഷെഡ്യൂളുകളിൽ 6202 ബസുകൾ കെ.എസ്.ആർ.ടി.സി. ഓടിച്ചതാണ്. കോവിഡ് വന്നതോടെ എല്ലാം താളംതെറ്റി. ലോക്ഡൗണിൽ മുഴുവൻ ബസുകളും നിർത്തിയിടേണ്ടിവന്നു. ലോക്ഡൗൺ പിൻവലിച്ചശേഷവും ബസുകൾ പൂർണമായി ഇറക്കാനായിട്ടില്ല; പ്രത്യേകിച്ച് ജന്റം ബസുകൾ. കോവിഡ് മാനദണ്ഡമുള്ളതിനാൽ എ.സി. ബസുകൾ ഓടിക്കാനുള്ള തടസ്സമായിരുന്നു പ്രധാന കാരണം.

ജന്റം ബസുകൾ കേന്ദ്രസർക്കാർ സ്‌കീം അനുസരിച്ച് നൽകുന്നതാണ്. ഇത് കേരളത്തിന്റെ സാഹചര്യത്തിന് അനുസരിച്ചുള്ളവയല്ല. ഇന്ധനച്ചെലവ് കൂടുതൽ, അറ്റകുറ്റപ്പണിക്കുള്ള ഉയർന്ന ചെലവ്, കേരളത്തിലെ റോഡിന് ഇണങ്ങാത്ത ഘടന എന്നിവയെല്ലാം ഇതിനുകാരണമാണ്. എന്നാലും 219 ജന്റം ബസുകളിൽ പരമാവധി എണ്ണം ഓടിക്കാനായിട്ടുണ്ട്. നിർത്തിയിട്ടവയിൽ 21 എണ്ണം അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാനാകും. ബസ് നിർമ്മാണ കമ്പനിയുടെ അഭിപ്രായംകൂടി പരിഗണിച്ചാണ് ബാക്കിയുള്ളവ സ്‌ക്രാപ്പാക്കി മാറ്റാൻ ശ്രമിക്കുന്നതെന്നും കെ.എസ്.ആർ.ടി.സി. വിശദീകരിക്കുന്നു.

100 വർക്ഷോപ്പുകളും 93 ഡിപ്പോകളും കെ.എസ്.ആർ.ടി.സി.ക്കുണ്ട്. സർവീസ് നടത്താത്ത ബസുകൾ പല ഡിപ്പോകളിലായി നിർത്തുന്നത് ജനങ്ങൾക്കും മറ്റു ബസുകളുടെ സർവീസിനും തടസ്സമാകുമെന്നതിനാൽ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. തേവര, പാറശ്ശാല, ഈഞ്ചയ്ക്കൽ, ചടയമംഗലം, ആറ്റിങ്ങൽ, കായംകുളം, ചേർത്തല, ചിറ്റൂർ, ചാത്തന്നൂർ, കാഞ്ഞങ്ങാട്, എടപ്പാൾ എന്നീ യാർഡുകളിലാണ് ബസുകളുള്ളത്. ഇവയെല്ലാം സ്‌ക്രാപ്പാക്കി മാറ്റാനുള്ളതല്ല. അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാവുന്നവയുണ്ട്. സർവീസ് ആവശ്യമാകുന്ന ഘട്ടത്തിൽ ഇവ ഉപയോഗിക്കുമെന്നും കെ.എസ്.ആർ.ടി.സി. വിശദീകരിക്കുന്നു.

കെ.എസ്.ആർ.ടി.സിയിയിലെ ശമ്പള കാര്യത്തിൽ സർക്കാർ കൈയൊഴിയുന്നു എന്നതാണ് മറ്റൊരു വസ്തുത. തന്റെ ഉറപ്പ് തള്ളി സമരം ചെയ്ത സാഹചര്യത്തിൽ ശമ്പളക്കാര്യം ഇനി മാനേജ്മെന്റ് തീരുമാനിക്കട്ടെയെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിലപാട്. ഫലത്തിൽ ഏപ്രിലിലെ ശമ്പളവും വൈകുമെന്നാണ് വിവരം. പണമില്ലാത്തതിനാൽ മെയ്‌ 21 ഓടെ മാത്രമേ ഏപ്രിലിലെ ശമ്പളം നൽകാനാവൂ എന്നായിരുന്നു മാനേജ്മെന്റിന്റെ ആദ്യ നിലപാട്. മൂന്ന് യൂണിയനുകൾ പണിമുടക്കിലേക്ക് നീങ്ങിയതോടെ ഈ മാസം പത്തിന് നൽകാൻ മന്ത്രി നിർദ്ദേശിച്ചിരുന്നു. അഞ്ചിന് തന്നെ ശമ്പളമില്ലെങ്കിൽ പണിമുടക്കുമെന്ന ശാഠ്യത്തിലായിരുന്നു യൂണിയനുകൾ എന്നായിരുന്നു മന്ത്രിയുടെ വിമർശനം. പണിമുടക്ക് മൂലമുള്ള നഷ്ടം സാമ്പത്തിക പ്രതിസന്ധി വർദ്ധിപ്പിച്ചെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

പത്തിന് ശമ്പളം നൽകാൻ സർക്കാർ നിർദ്ദേശിച്ചതാണെന്നും അതു പോലും ജീവനക്കാർ സ്വീകരിച്ചില്ലെന്നും ആന്റണി രാജുവിന്റെ പറഞ്ഞു. ‘എന്റെ അഭ്യർത്ഥന തള്ളിയാണ് സമരത്തിലേക്ക് പോയത്. ഇനി മാനേജ്മെന്റ് തീരുമാനിക്കട്ടെ. പണിമുടക്കിലേക്ക് ഉണ്ടാക്കിയ നഷ്ടം വലുതാണ്. ഒരു ദിവസത്തെ പണിമുടക്ക് മൂന്ന് ദിവസത്തെ വരുമാനത്തെ ബാധിച്ചു. സാമ്പത്തിക പ്രതിസന്ധിയുള്ളതുകൊണ്ടാണല്ലോ ശമ്പളം മുടങ്ങിയത്. പ്രതിസന്ധി അറിയാവുന്നവരാണ് ജീവനക്കാർ. ആ പ്രതിസന്ധി രൂക്ഷമാക്കിയാണ് പണിമുടക്കിയത്. ഒരു ദിവസം പണിമുടക്കിയാൽ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഈ മാസത്തെ ശമ്പളത്തിനും വായ്പ എടുക്കാനുള്ള നീക്കങ്ങൾ എങ്ങുമായിട്ടില്ല. ശമ്പളം വൈകുന്നതിനെതിരെ സർക്കാർ അനുകൂല എ.ഐ.ടി.യു.സി പണിമുടക്കിയിരുന്നു. സിഐ.ടി.യുവിൽ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്തു

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close