KERALANEWSTop News

പുകഞ്ഞ കൊള്ളി പുറത്തെന്ന നിലപാടിൽ കെപിസിസി അധ്യക്ഷൻ; രക്തസാക്ഷി പരിവേഷത്തിനാണ് തോമസ് മാഷിന്റെ ശ്രമമെന്നും സുധാകരൻ; തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് എഐസിസിയുടെ അനുമതിയോടെ; ഇടതുപാളയത്തിൽ നേരത്തെ സീറ്റ് ഉറപ്പിച്ച് മാഷും, കെ വി തോമസ് ഇനി ഇടത്തോട്ടോ?

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിനെ കോൺഗ്രസിൽനിന്നു പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. എഐസിസിയുടെ അനുമതിയോടെയാണ് നടപടിയെന്ന് സുധാകരൻ പറഞ്ഞു.

പുറത്താക്കുന്നതിൽ ഇനി കാത്തിരിക്കാനാവില്ലെന്നും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് കൺവെൻഷനിൽ കെവി തോമസ് പങ്കെടുത്തിരുന്നു. ഇതിനെ തുടർന്നാണ് കെപിസിസി തീരുമാനം. അച്ചടക്ക നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ബുധനാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.

പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുത്ത കെവി തോമസിനെ കോൺഗ്രസ് പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ശുപാർശ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചിരുന്നു.

ഇതിന് ശേഷവും കോൺഗ്രസിനെതിരെയുള്ള വിമർശനം തോമസ് തുടർന്നിരുന്നു. എൽഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിൽ എത്തിയതോടെ തോമസിനെ പുറത്താക്കാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു.

അതേസമയം, തൃക്കാക്കരയിലെ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കെ.വി.തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്‌ത്തി. പ്രതിസന്ധികളെ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ കരുത്തുള്ള ജനനായകർക്ക് മാത്രമേ കഴിയൂവെന്നും അത് പിണറായി വിജയന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ സിപിഎം. സെമിനാറിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുഖ്യമന്ത്രിയെ ജനലക്ഷങ്ങളുടെ മുന്നിൽവെച്ചുകൊണ്ട് ഇന്ത്യയെ നയിക്കാൻ കഴിവുള്ള മുഖ്യമന്ത്രി എന്ന് പറഞ്ഞാൽ തനിക്കത് നിഷേധിക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

കെവി തോമസിന്റെ വാക്കുകൾ:

ഇങ്ങോട്ട് കടന്നുവന്നത് ശ്വാസം മുട്ടിയാണ്. വീട്ടിൽ നിന്നും വൈറ്റില- കുണ്ടന്നൂർ വഴിയാണ് വന്നത്. വലിയ ട്രാഫിക്കായിരുന്നു. കേരളത്തിന്റെ വികസനത്തിനും ഗതാഗത പ്രശ്നപരിഹാരത്തിന് എല്ലാ തരത്തിലുള്ള അതിവേഗ യാത്രാ സംവിധാനവും കേരളത്തിന് ആവശ്യമാണെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞു. പ്രതിസന്ധികളെ നേരിട്ടുകൊണ്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ കരുത്തുള്ള ജനനായകന്മാർക്ക് മാത്രമേ കഴിയൂ. അത് പിണറായി വിജയന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയെ നയിക്കാൻ കഴിവുള്ളൊരു മുഖ്യമന്ത്രിയുണ്ടെന്ന് സ്റ്റാലിന്റെ മുന്നിൽവെച്ച് പറഞ്ഞാൽ അത് തെറ്റാണെന്ന് പറയാൻ കഴിയുമോ. എന്റെ അനുഭവമാണത്.

ഡൽഹിയിൽ എത്തുന്ന കേരള മുഖ്യമന്ത്രിമാരോട് എന്തായി ഗെയ്ൽ എന്ന് പ്രധാനമന്ത്രി ചോദിച്ചുകൊണ്ടിരുന്നു. എല്ലാവരും കൈമലർത്തിക്കൊണ്ടിരുന്നു. ആ ഘട്ടത്തിലാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായി എത്തുന്നത്. ഗെയ്ൽ നടപ്പിലാക്കുമെന്ന് നരേന്ദ്ര മോദിക്ക് ഉറപ്പ് നൽകി. അദ്ദേഹം അത് നടപ്പിലാക്കി.പിടി തോമസ് എന്റെ അടുത്ത സുഹൃത്താണ്. ഇന്ന് പിടിയില്ല. പിടിയെ സ്നേഹിക്കുന്ന ആളുകൾ, പിടിയുടെ സ്മരണകാക്കുന്ന ആളുകൾ പിടി പറഞ്ഞത് മറന്നുപോയോ.

അച്ഛൻ മരിച്ചാൽ മകൻ, ഭർത്താവ് മരിച്ചാൽ ഭാര്യ, അച്ഛൻ മരിച്ചാൽ മകൻ, ഭർത്താവ് മരിച്ചാൽ ഭാര്യ. പിടി പറഞ്ഞ കാര്യങ്ങൾ നാം ഓർമ്മിക്കേണ്ടേ. പിണറായിയുടെ കാലത്ത് എന്ത് വികസനമാണ് ഉണ്ടായതെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചത്. ഉമ്മൻ ചാണ്ടിക്ക് മറവിയുടെ അസുഖമുണ്ടെന്ന് ഞാൻ കരുതുന്നില്ല. പാലാരിവട്ടം പാലം ജനങ്ങൾ യാത്രചെയ്യാൻ പാകത്തിൽ നിർമ്മിച്ചുകൊടുത്തത് പിണറായി വിജയനാണ്.കെ റെയിൽ പാർട്ടിക്ക് അകത്ത് ചർച്ച ചെയ്യണം എന്ന് ഞാൻ ആവശ്യപ്പെട്ടു. പിണറായി ആണോ കൊണ്ടുവരുന്നത് അത് എതിർക്കും എന്നായിരുന്നു നിലപാട്. ആ സമീപനം കേരളത്തിൽ ശരിയല്ല. ഇത് ഇപ്പോൾ തുടങ്ങിയതല്ല.

കരുണാകരന്റെ കാലത്ത് തുടങ്ങിയതാണ്. പ്രതികൂല സാഹചര്യത്തിൽ, ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ രാഷ്ട്രീയം വേണ്ടെ എന്ന് ആന്റണി പ്രളയകാലത്ത് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ഹെലികോപ്റ്ററിൽ ഒരുമിച്ച് യാത്ര ചെയ്യുന്നതിനെക്കുറിച്ച് തന്നോട് പറഞ്ഞു. ആ എകെ ആന്റണിയോട് ഞാൻ പറയുന്നു, കേരളത്തിന്റെ വികസനത്തിന് വേണ്ടി ഉപദേശം നിങ്ങൾ സഹപ്രവർത്തകർക്ക് കൊടുക്കണം. ഞാൻ ഇവിടെ വരുന്നത് കോൺഗ്രസുകാരനായിട്ടാണ്.

കോൺഗ്രസ് എന്നുപറയുന്നത് അഞ്ച് രൂപ മെമ്പർഷിപ്പ് മാത്രമല്ല. അതൊരു വികാരമാണ്. കോൺഗ്രസിന്റെ വികാരം ഉൾക്കൊണ്ടാണ് താൻ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കുന്നത്. എന്ത് പറ്റി കോൺഗ്രസിനും യുഡിഎഫിനും എന്നാണ് എന്റെ ചോദ്യം.വികസനത്തെക്കുറിച്ച് പറയുമ്പോൾ, കോൺഗ്രസിന്റെ വികാരം ഉൾക്കൊള്ളുമ്പോൾ വികസനത്തിനൊപ്പം പിണറായി വിജയന് ഒപ്പമാണ് എന്ന് പറയുന്നതിൽ യാതൊരു മടിയുമില്ലജോ ജോസഫിനെ ഇന്നാണ് ആദ്യമായി കാണുന്നത്.

മകനും മരുമകൾക്കും ജോ ജോസഫിനെ അറിയാം. അതല്ലാതെ ഒരു ബന്ധവും എനിക്കില്ല. ഞാൻ നേതാക്കന്മാരുടെ മക്കളുടെ കല്യാണത്തിനല്ല വന്നത്. ഏഴ് പ്രവാശ്യം തോറ്റവർക്ക് സീറ്റുകൊടുക്കാം, ജയിച്ചവർക്ക് സീറ്റ് കൊടുക്കാൻ കഴിയില്ല എന്നാണ് പറയുന്നത്. മാഷിക്ക് 73 വയസ്സായി, 78- 80 വയസ്സുള്ള ആളുകൾ ഇപ്പോൾ പാർട്ടിയിൽ ഉണ്ട്. ചില ആളുകൾ 32 വയസ്സിൽ താക്കോലുമായി പോയതാണ്, ഇപ്പോഴാണ് തിരിച്ചുവരുന്നത്. അവർക്കൊന്നും ഞാൻ മറുപടി കൊടുക്കുന്നില്ല.

കോൺ​ഗ്രസ് രാഷ്ട്രീയത്തിൽ എന്നും കരുത്തന്മാർക്കൊപ്പം നിന്ന തോമസ് മാഷ് പക്ഷേ ഒരിക്കലും എതിരാളികളെ പോലും പിണക്കാത്ത രാഷ്ട്രീയക്കാരനായിരുന്നു. കെ കരുണാകരന്റെയും സോണിയാ ​ഗാന്ധിയുടെയും വിശ്വസ്തനായിരിക്കുമ്പോഴും ഈ പഴയ കോളജ് അധ്യാപകൻ എ കെ ആന്റണിയുമായും ഉമ്മൻചാണ്ടിയുമായും പിണറായി വിജയനുമായും നരേന്ദ്രമോദിയുമായി പോലും സൗഹൃദം കാത്തുസൂക്ഷിച്ചു. രാഷ്ട്രീയത്തിൽ ഇത്ര നന്നായി ശോഭിച്ച നേതാവിന് പക്ഷേ കേരളത്തിലെ കോൺ​ഗ്രസ് ​ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിച്ചെഴുതപ്പെട്ടതോടെ പിടിച്ചുനിൽക്കാനാകാത്ത നിലയാണ്.

അട്ടിമറികളുടെയും അപ്രതീക്ഷിത നീക്കങ്ങൾ നിറഞ്ഞതുമായിരുന്നു കെവി തോമസിന്റെ രാഷ്ട്രീയ ജീവിതം. ലീഡർ കെ കരുണാകരനായിരുന്നു കെ വി തോമസിന്റെ രാഷ്ട്രീയ വഴികാട്ടി. അന്ന് കേരള രാഷ്ട്രീയത്തിലെ അതി ശക്തനായ ലീഡർ കെ കരുണാകരന്റെ മകൾ പദ്മജ വേണു​ഗോപാലിനെ പഠിപ്പിക്കാൻ കെ കരുണാകരന്റെ വീട്ടിലെത്തിയതോടെയാണ് കെ വി തോമസിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. കരുണാകന്റെ ഇടപെടൽ കൊണ്ടുമാത്രമാണ് കെവി തോമസ് എംഎൽഎയും മന്ത്രിയുമായത്. 1984 ലാണ് അദ്യമായി തോമസ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുന്നത്. ലോക്സഭയിലേക്കായിരുന്നു മത്സരം. ഇതുൾപ്പെടെ ആറുതവണ ലോക്സഭയിലേക്ക് മൽസരിക്കുകയും അഞ്ച് തവണ വിജയിക്കുകയും ചെയ്തതു. രണ്ട് തവണ എറണാകുളത്ത് നിന്നു തന്നെ നിയമസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1984 ന് ശേഷം 1989, 91, 96, 2009, 2014 ലോക്സഭാ തിരഞ്ഞെടുപ്പുകളിലായിരുന്നു കെവി തോമസ് മൽസരിച്ചത്. ഇതിൽ 1991ൽ കെവി തോമസ് എൽഡിഎഫ് സ്വതന്ത്രനായ സേവ്യർ അറക്കലിനോടായിരുന്നു പരാജയം. ഫ്രഞ്ച് ചാരക്കേസിൽ കുടുങ്ങിയതായിരുന്നു പരാജയത്തിനുള്ള പ്രധാന കാരണം.

തോൽവിക്ക് പിന്നാലെ ഡിസിസി പ്രസിഡന്റായ കെവി തോമസ്, തൊട്ടുപിറകെ 2001ലും 2006 ലും കേരള നിയമ സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. നിയമ സഭാംഗമായിരിക്കെ 2009 ൽ വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പട്ടു. രണ്ടാം യുപിഎ സർക്കാരിൽ കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രിയായി ചുമതല വഹിച്ചിട്ടുള്ള അദ്ദേഹം 2001 മുതൽ 2004 വരെ കേരള നിയമസഭയിൽ എക്സൈസും,ടൂറിസവും, ഫിഷറീസും വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി കൂടിയായിരുന്നു. ഉമ്മൻചാണ്ടിയെ രാഷ്ട്രീയ നീക്കങ്ങളിലൂടെ കടത്തിവെട്ടിയായിരുന്നു മന്ത്രി സ്ഥാനത്തേക്കുള്ള കെവി തോമസിന്റെ കടന്ന് വരവ്.

കേരളത്തിൽ ഉമ്മൻ ചാണ്ടിയെ വെട്ടി മന്ത്രി സ്ഥാനം നേടിയപ്പോൾ പ്രൊഫ പിജെ കുര്യന്റെ മോഹങ്ങൾ തല്ലിക്കൊഴിച്ചായിരുന്നു കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റതെന്നും റിപ്പോർട്ടുകൾ വന്നു. ഇതിനിടെ ലീഡർക്ക് ശേഷം എ കെ അന്റണിയുടെ വിശ്വസ്ഥനായും കെവി തോമസ് മാറിയിരുന്നു.

1946 മെയ് 10 നാണ് കെ‍ ‍ഡി വർക്കി റോസി വർക്കി ദമ്പതികളുടെ മകനായി കെ.വി. തോമസ് എന്ന കുറുപ്പശ്ശേരി വർക്കി തോമസ് ജനിക്കുന്നത്. എറണാകുളം തേവര കോളേജിൽ കെമിസ്ട്രി അധ്യാപകനായി പ്രവർത്തിച്ച ശേഷമായിരുന്നു രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ഷേർളിയാണ് ഭാര്യ, ബിജു, രേഖ, ഡോ. ജോ എന്നിവരാണ് മക്കൾ. കുമ്പളങ്ങിയിലും എറണാകുളത്തും കേന്ദ്രീകരിച്ചായിരുന്നു കെ വി തോമസിന്റെ വിദ്യാഭ്യാസം. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം പഠനകാലത്ത് വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഉൾപ്പെടെ എടുത്തായിരുന്ന ചിലവിനുള്ള പണം കണ്ടെത്തിയിരുന്നത്. എറണാകുളം തേവര കോളേജിൽ ഉൾപ്പെടെ 33 വർഷത്തെ അധ്യാപന പരിചയമുള്ള അദ്ദേഗം 2001 മെയ് 31 നാണ് തന്റെ അക്കാദമിക ജീവിതം അവസാനിപ്പിക്കുന്നത്.

രാഷ്ട്രീയ രംഗത്ത് അഞ്ച് പതിറ്റാണ് പിന്നിടുമ്പോൾ അധികാരസ്ഥാനങ്ങൾക്ക് പുറമെ കോൺഗ്രസ് വാർഡ് കമ്മിറ്റി ചെയർമാൻ മുതൽ എഐസിസിയുടെ തിരഞ്ഞെടുപ്പ് ചുമതല വരെയും വഹിച്ചിട്ടുണ്ട്. ഐഎൻടിയുസി ജനറൽ സെക്രട്ടറി സ്ഥാനം ഉൾപ്പെടെ സാംസ്കാരിക സാമൂഹി സംഘടനളുടെ ചുമതലക്കാരൻ കൂടിയായിരുന്നു തോമസ് മാഷ്.

കൊച്ചിക്ക് സമീപമുള്ള ചെറു ഗ്രാമമായ കുമ്പളങ്ങിയാണ് കെ വി തോമസിന്റെ സ്വദേശം. കുമ്പളങ്ങിയുടെ പ്രശസ്തമായ തിരുത മീൻ‌ നൽകിയാണ് തോമസ് മാഷ് നേതാക്കളുടെ മനം കവർന്നതെന്നാണ് ഡൽഹി കഥകൾ. ആദ്യം കെ കരുണാകരനെയും പിന്നീട് സോണിയാ ഗാന്ധിക്കും ‘തിരുത മീൻ’ നൽകിയാണ് കെവി തോമസ് അടുപ്പക്കാരനായതെന്നാണ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഒരുപോലെ പറയുന്നത്. എന്നാൽ, രാഹുൽ ​ഗാന്ധിയിലേക്ക് കോൺ​ഗ്രസിന്റെ അധികാരങ്ങൾ എത്തിയതോടെ തോമസ് മാഷും എഐസിസിയുടെ അടുക്കളക്ക് പുറത്തായി. ഗാന്ധി കുടുംബവുമായ് അടുത്ത ബന്ധമുള്ള ടോം വടക്കൻറെ ബിജെപി പ്രവേശനവും കെ വി തോമസിന്റെ സീറ്റ് നിഷേധവും കോൺഗ്രസിന്റെ കിച്ചൻ കാബിനറ്റ് രാഷ്ട്രീയം മാറുന്നതിന്റെ സൂചനയാണ് നൽകുന്നതെന്നാണ് കോൺ​ഗ്രസ് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നത്.

വിവാദങ്ങൾ

കേരളത്തിൽ കോൺഗ്രസ് ഭരണം നടക്കുമ്പോൾ കോൺഗ്രസ് നേതാവ് കെ.വി തോമസ് ഫ്രഞ്ച് ചാരക്കേസ് പ്രതിപട്ടികയിൽ ഉൾപ്പെട്ടത് കേസിന് രാഷ്ട്രീയമാനം കൈവരാൻ ഇടയാക്കി. 1995 ഡിസംബർ 19 ന് ഗലാത്തി എന്ന ഫ്രഞ്ച് കപ്പൽ കൊച്ചി നാവികസേനാത്താവളത്തിനടുത്ത് സർവേ ആരംഭിച്ച സംഭവമാണ് വിവാദത്തിന് കാരണം. ഗോവയിൽ നിന്നെത്തിയ പായ്ക്കപ്പലിൽ രണ്ട് ഫ്രഞ്ച് പൗരന്മാരും ഗോവൻ സ്വദേശിയായ ക്യാപ്റ്റനുമായിരുന്നു ഉണ്ടായിരുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ കൊച്ചിയിൽ ഫ്രഞ്ച് കപ്പൽ അനധികൃത സർവേ നടത്തി എന്നായിരുന്നു കേസ്. ഫ്രഞ്ചുകാരായ ഫോങ്കോയിസ് ക്ളാവൽ, എലല്ല ഫിലിപ്പ് എന്നിവരും ഗോവൻ സ്വദേശി ക്യാപ്റ്റൻ എഫ്.എം. ഫുർഡെ എന്നുവർ ഒന്നു മുതൽ മുന്നുവരെയുള്ള പ്രതികളും കെ.വി. തോമസ് നാലാം പ്രതിയുമായാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ വിചാരണ വേളയിൽ കെവി തോമസ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു.

ഇതിന് പിറകെയാണ് ആന്റണി സർക്കാരിന്റെ പ്രതിഛായക്ക് വൻതിരിച്ചടിയായി വ്യാജ രേഖ ആരോപണം ഉയർന്നു വന്നത്. കെവി തോമസിനെ അധോലോക റാക്കറ്റുമായി ബന്ധപ്പെടുത്താൻ ഭരണകക്ഷി എംഎൽഎ തന്നെയായിരുന്ന ശോഭനാ ജോർജിന്റെ നേതൃത്വത്തിൽ വ്യാജ രേഖ ചമച്ചു എന്നതായിരുന്നു വിവാദം. മന്ത്രിയെ പുറത്താക്കാൻ ഇത്തരമൊരു രേഖ ചമച്ച് മാധ്യമങ്ങൾക്ക് നൽകി എന്നായിരുന്നു ആരോപണം.

രണ്ടു മന്ത്രിമാർക്കെതിരെ അന്വേഷണത്തിനും വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിന്റെ ഫലമായിരുന്നു വിവാദം. പൊലീസ് ഭരണത്തെ അതിനിശിതമായി വിമർശിച്ചു കൊണ്ട് ശോഭന നിയമസഭയിൽ നടത്തിയ പ്രസംഗത്തിന് പ്രതികാരമായി എ ഗ്രൂപ്പ് ആസൂത്രണമായിരുന്നു വ്യാജ രേഖ വിവാദമെന്നും വാർത്തകളുണ്ടായിരുന്നു. കേസിൽ മൂന്നാം പ്രതിയായിരുന്ന ശോഭനാ ജോർജ്ജിനെ അറസ്റ്റ് ചെയ്തിരുന്നു.

ഫ്രഞ്ച് ചാരക്കേസിന് പുറത്തും കെ വി തോമസ് വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. യുപിഎ സർക്കാരിൽ കൃഷിവകുപ്പ് സഹമന്ത്രി ആയിരിക്കെ 2010ൽ നടത്തിയ പരാമർശമായിരുന്നു ഇതിന് കാരണം. ആ വർഷം ഒക്ടോബറിൽ കാസർകോട് വെച്ച് നടന്ന ഒരു സെമിനാറിൽ എൻഡോസൾഫാൻ മനുഷ്യരിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്ന അഭിപ്രായമായിരുന്നു വിവാദത്തിന് ഇടയാക്കിയത്. പരാമർശം കക്ഷിരാഷ്ട്രീയഭേദമന്യെ വലിയ തോതിൽ വിമർശിക്കപ്പെട്ടു.

രാജ്യസഭാ സീറ്റിന് വേണ്ടി കെ വി തോമസ് കരുക്കൾ നീക്കിയിരുന്നെങ്കിലും സംസ്ഥാനത്തെ കോൺ​ഗ്രസ് നേതാക്കളുടെ എതിർപ്പിനെ തുടർന്ന് ആ ശ്രമവും നടന്നില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിം​ഗ് എംപിയായിരുന്ന തന്നെ കഴഞ്ഞ് ഹൈബി ഈഡന് സീറ്റ് നൽകിയത് മുതൽ കെ വി തോമസ് സംസ്ഥാന കോൺ​ഗ്രസ് നേതാക്കളുമായി അകൽച്ചയിലാണ്.

ദേശീയ നേതൃത്വത്തിലോ സംസ്ഥാന നേതൃത്വത്തിലോ അർഹമായ പരി​ഗണന ലഭിക്കണം എന്നതാണ് കെ വി തോമസിന്റെ ആവശ്യം. ഇത് കോൺ​ഗ്രസ് ദേശീയ – സംസ്ഥാന നേതൃത്വങ്ങൾ അം​ഗീകരിക്കുന്നില്ലെങ്കിൽ സിപിഎമ്മിലേക്ക് ചേക്കേറാനാണ് തോമസ് മാഷ് പദ്ധതിയൊരുക്കുന്നത്. കഴിഞ്ഞ മാസം രാജ്യസഭാ സീറ്റ് എന്ന ആവശ്യവുമായി ഹൈക്കമാൻഡിനെ കാണാൻ ഡൽഹിയിലെത്തിയ തോമസ് മാഷ് എകെജി ഭവിനിലെത്തി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ചർച്ച നടത്തിയതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു.

കെ വി തോമസിനെയും ശശി തരൂരിനെയും അടക്കം കോൺ​ഗ്രസിൽ നിന്നും അടർത്തിയെടുത്ത് ഒപ്പംകൂട്ടാൻ ആണ് സിപിഎം നീക്കം. രാജ്യസഭാ സീറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ കെ വി തോമസ് കോൺ​ഗ്രസ് രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് സിപിഎം നീക്കം. എഐസിസിയിൽ നേതൃമാറ്റം ഉണ്ടാകാത്തതും കെ റെയിൽ ഉൾപ്പെടെയുള്ള പദ്ധതികളിൽ കെപിസിസി നേതൃത്വം മുഖം തിരിച്ച് നിൽക്കുന്നതുമാണ് ശശി തരൂരിനെ ചൊടിപ്പിക്കുന്നത്. ഇക്കാര്യങ്ങളിൽ തരൂരിന്റെ അഭിപ്രായം കേൾക്കാൻ സംസ്ഥാന കോൺ​ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല. ഇതുകൂടി മുന്നിൽ കണ്ടാണ് സിപിഎം പാർട്ടി കോൺ​ഗ്രസിലെ സെമിനാറിലേക്ക് ഇരു നേതാക്കളെയും സിപിഎം ക്ഷണിച്ചിരിക്കുന്നത്.

എന്നാൽ, കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് സെമിനാറിൽ കെ വി തോമസ് പങ്കെടുക്കുമെന്ന് എം വി ജയരാജൻ ഇന്ന് വ്യക്തമാക്കിയിരുന്നു. എല്ലാം എതി‍ർക്കലല്ല പ്രതിപക്ഷത്തിന്റെ ദൗത്യം എന്ന തോമസിന്റെ നിലപാടാണ് ശരി. പാർട്ടി കോൺഗ്രസ് സെമിനാറും ഇതേ ആശയമാണ് പങ്കുവയ്ക്കുന്നത്. കെപിസിസി വിലക്കുണ്ടെന്ന് ശശി തരൂരിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് കെ വി തോമസിൻറെ ഓഫീസ് വ്യക്തമാക്കുന്നത്. പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്. പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം എഐസിസി തീരുമാനപ്രകാരമായിരിക്കുമെന്ന് കെ വി തോമസ് പ്രതികരിച്ചു. സെമിനാറിൽ പങ്കെടുക്കാൻ അനുമതി ആവശ്യപ്പെട്ട് കത്ത് പാർട്ടി അദ്ധ്യക്ഷയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. മറുപടി അനുസരിച്ച് പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് കെ വി തോമസ് വ്യക്തമാക്കി.

കെ വി തോമസ് സിപിഎമ്മിലേക്കെത്തിയാൽ അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ എറണാകുളത്ത് നിന്നും മത്സരിപ്പിക്കാം എന്ന സന്ദേശം ഇതിനകം സിപിഎം അദ്ദേഹത്തിന് നൽകി കഴിഞ്ഞു. രാജ്യസഭാ സീറ്റ് ലഭിക്കുന്നില്ലെങ്കിൽ മാത്രം പാർട്ടി മാറ്റം ആലോചിക്കാം എന്നാണ് കെ വി തോമസിന്റെ മനസ്സിലിരുപ്പ്. ശശി തരൂരിനെ തോൽപ്പിക്കാൻ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ ഇടത് മുന്നണിക്ക് സ്ഥാനാർത്ഥിയില്ല. ഇടത് മുന്നണി ധാരണ അനുസരിച്ച് സിപിഐ മത്സരിക്കുന്ന സീറ്റാണ് തിരുവനന്തപുരം. എന്നാൽ, തരൂരിനെ തോൽപ്പിക്കാൻ പറ്റിയ സ്ഥാനാർത്ഥികൾ ഇപ്പോൾ സിപിഐയിൽ ഇല്ലെന്ന കണക്കുകൂട്ടലിലാണ് സിപിഎം. തരൂർ പാർട്ടിയിലേക്ക് വന്നാൽ സിപിഎം ബാനറിൽ അദ്ദേഹത്തെ മത്സരിപ്പിച്ച് വിജയിപ്പിക്കാം എന്നതാണ് സിപിഎം നിലപാട്.

അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളും ഇടത് മുന്നണി ജയിക്കുക എന്ന കണക്കുകൂട്ടലിലാണ് സിപിഎം കരുക്കൾ നീക്കുന്നത്. അതിന്റെ ഭാ​ഗമായാണ് മുസ്ലീം ലീ​ഗിനെയും ഒപ്പം കൂട്ടാൻ സിപിഎം നീക്കം ആരംഭിച്ചത്. മുസ്ലീം ലീ​ഗ് ഒപ്പമുണ്ടെങ്കിൽ 20 പാർലമെന്റ് സീറ്റുകളിലും വിജയം നിഷ്പ്രയാസം സാധിക്കുമെന്ന് സിപിഎം നേതാക്കളും ചൂണ്ടിക്കാട്ടുന്നു. നിലവിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സംവിധാനത്തിൽ മുസ്ലീം ലീ​ഗ് മത്സരിക്കുന്നത് രണ്ട് സീറ്റുകളിലാണ്. മലപ്പുറവും പൊന്നാനിയുമാണ് ലീ​ഗിന് മത്സരിക്കാൻ യുഡിഎഫ് നൽകുന്നത്. ഇത് രണ്ടും ലീ​ഗ് സ്ഥാനാർത്ഥികൾ ജയിക്കുകയും ചെയ്യും. എന്നാൽ, ലീ​ഗിന് മൃ​ഗീയ ഭൂരിപക്ഷമുള്ള വയനാട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്നത് കോൺ​ഗ്രസാണ്. ഈ സീറ്റ് കൂടി മുസ്ലീം ലീ​ഗിന് നൽകുകയും സംസ്ഥാന സർക്കാരിൽ അർഹമായ പരി​ഗണനയും നൽകും എന്നാണ് ലീ​ഗിന് മുന്നിൽ സിപിഎം വെക്കുന്ന നിർദ്ദേശം.

ഒപ്പം നിന്നാൽ ഇരുവർക്കും ദേശീയ പാർട്ടി പദവി എന്നതാണ് മുസ്ലീം ലീ​ഗിന് മുന്നിൽ സിപിഎം വെക്കുന്ന വാ​ഗ്ദാനം. ദേശീയ പാർട്ടി പദവിക്ക് മൂന്ന് നിബന്ധനകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വെക്കുന്നത്. കുറഞ്ഞത് മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നെങ്കിലും പാർട്ടി ലോക്സഭയിൽ 2% സീറ്റുകൾ നേടണം എന്നതാണ് അതിൽ ഒന്ന്. ഇതിനായി ലോക്സഭയിൽ 11 അം​ഗങ്ങളുണ്ടാകണം. നിലവിൽ സിപിഎമ്മിനോ മുസ്ലീം ലീ​ഗിനോ അത്രയും അം​ഗസംഖ്യയില്ല. ഇരു പാർട്ടികൾക്കും മൂന്ന് അം​ഗങ്ങൾ വീതമാണ് ലോക്സഭയിലുള്ളത്.

ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ ഉള്ള ഒരു പൊതു തിരഞ്ഞെടുപ്പിൽ, നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ പാർട്ടി 6% വോട്ടുകൾ നേടുകയും കൂടാതെ നാല് ലോക്‌സഭാ സീറ്റുകൾ നേടുകയും ചെയ്താലും ദേശീയ പാർട്ടി എന്ന പദവി ലഭിക്കും. ഈ നിബന്ധനയും നിലവിൽ മുസ്ലീം ലീ​ഗിനും സിപിഎമ്മിനും പാലിക്കാൻ കഴിഞ്ഞിട്ടില്ല. നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി എന്ന പദവിയുള്ള പാർട്ടികളെയും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ പാർട്ടിയായി പ്രഖ്യാപിക്കും. ഇതും നിലവിൽ സിപിഎമ്മിനും മുസ്ലീം ലീ​ഗിനും സാധിക്കുന്നില്ല. എന്നാൽ, മൂന്നിലധികം വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നായി 11 അം​ഗങ്ങളെ ലോക്സഭയിലെത്തിക്കാൻ സിപിഎം- മുസ്ലീം ലീ​ഗ് കൂട്ടുകെട്ടിലൂടെ ഇരുപാർട്ടികൾക്കും സാധിക്കും എന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. തമിഴ്നാട്ടിലും ബീഹാറിലും പശ്ചിമ ബം​ഗാളിലുമെല്ലാം മുസ്ലീം ലീ​ഗിനും സ്വാധീനമുണ്ട്. സിപിഎം മുൻകൈയ്യിൽ വിശാല പ്രതിപക്ഷ സഖ്യം സാധ്യമായാൽ ഇവിടങ്ങളിൽ നിന്നും ഏറ്റവും കുറഞ്ഞത് രണ്ട് സീറ്റുകൾ വീതമെങ്കിലും ജയിക്കാനും ഇരു പാർട്ടികൾക്കും സാധിക്കും എന്നും സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

നിലവിലെ ഇടത് മുന്നണി ധാരണ അനുസരിച്ച് മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐക്ക് നാല് സീറ്റുകളാണ് നൽകുന്നത്. എന്നാൽ, കഴിഞ്ഞ പാർലമെന്റ് തെര‍ഞ്ഞെടുപ്പിൽ നാല് സീറ്റുകളിലും സിപിഐ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടിരുന്നു. സിപിഐക്ക് പകരം മുസ്ലീം ലീ​ഗ് മുന്നണിയിലേക്ക് വന്നാൽ അവർക്ക് നൽകുന്ന സീറ്റുകൾ മാത്രമല്ല, സിപിഎം മത്സരിക്കുന്ന സീറ്റുകളും വിജയിക്കാനാകും എന്ന് നേതൃത്വം കണക്കു കൂട്ടുന്നു.

നിലവിൽ സിപിഎം മത്സരിക്കുന്ന 16 പാർലമെന്റ് സീറ്റുകളിലാണ് മലപ്പുറവും പൊന്നാനിയും ഉൾപ്പെടുന്നത്. സിപിഎം മത്സരിക്കുന്ന കോട്ടയം കേരള കോൺ​ഗ്രസ് മാണിക്ക് നൽകണം. അങ്ങനെ സിപിഎമ്മിന് മൂന്ന് സീറ്റുകളുടെ നഷ്ടമുണ്ടാകും. അതേസമയം, ശശി തരൂരിനായി തിരുവനന്തപുരം പിടിച്ചെടുക്കുന്നതോടെ ഒരു സീറ്റ് സിപിഎമ്മിന് ലഭിക്കും. എന്നാൽ, സിപിഐക്ക് വയനാടും തിരുവനന്തപുരവും നഷ്ടമാകുന്നതോടെ പാർലമെന്റിലേക്ക് മത്സരിക്കാൻ ലഭിക്കുക രണ്ട് സീറ്റുകളാകും. തൃശ്ശൂരും മാവേലിക്കരയും മാത്രമാകും സിപിഐക്ക് പാർലമെൻരിലേക്ക് മത്സരിക്കാൻ ലഭിക്കുക. മുസ്ലീം ലീ​ഗിന്റെ മുന്നണി പ്രവേശത്തെ സിപിഐ എതിർക്കുന്നതും ഇതിനാലാണ്. മുന്നണിയിലെ രണ്ടാം കക്ഷിയായി ലീ​ഗ് മാറും എന്ന് സിപിഐ ഭയക്കുന്നുണ്ട്.

കഴിഞ്ഞ തവണ മത്സരിച്ചതിലും രണ്ട് സീറ്റ് കുറവിൽ മത്സരിച്ചാലും നൂറു ശതമാനം വിജയമെന്ന ലക്ഷ്യത്തിലാണ് സിപിഎം കണ്ണുവെക്കുന്നത്. കോൺ​ഗ്രസിന് കഴിഞ്ഞ തവണ കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ എംപിമാരെ ജയിപ്പിക്കാനായത്. കേരളത്തിലെ 20 പാർലമെന്റ് സീറ്റുകളിൽ 19 സീറ്റുകളും യുഡിഎഫാണ് ജയിച്ചത്. കോൺ​ഗ്രസിന്റെ 53 അം​ഗങ്ങളിൽ 16 പേരും കേരളത്തിൽ നിന്നാണ്. കോൺ​ഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ​ഗാന്ധി വരെ ജയിച്ച് പാർലമെന്റിൽ എത്തിയത് കേരളത്തിൽ നിന്നായിരുന്നു. ഈ സീറ്റുകൾ തങ്ങൾക്ക് പിടിക്കാനായാൽ പാർലമെന്റിൽ കോൺ​ഗ്രസിനെക്കാൾ അം​ഗബലമുള്ള പാർട്ടിയാകാൻ സിപിഎമ്മിന് കഴിയും. ഡിഎംകെ, തൃണമൂൽ കോൺ​ഗ്രസ്, വൈഎസ്ആർ കോൺ​ഗ്രസ് എന്നിവർക്കൊപ്പം മൂന്നാം മുന്നണിയിലെ ശക്തരായി മാറാം എന്നാണ് സിപിഎം കണക്കുകൂട്ടൽ.

അതിനിടെ, സിപിഐ കൂടുതൽ ദുർബലമാകണം എന്ന ചിന്തയും സിപിഎം ഉയർത്തുന്നുണ്ട്. സിപിഐ മുന്നണി വിട്ടാലും പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസം സിപിഎമ്മിലെ രണ്ടാംനിര നേതാക്കൾ പ്രകടിപ്പിക്കുന്നു. കേരളത്തിലെ എൽഡിഎഫിൽ നിന്നും സിപിഐ പുറത്തുപോയാൽ, ആ പാർട്ടിയുടെ രാഷ്ട്രീയ അന്ത്യമാണെന്നും സിപിഎം കണക്കുകൂട്ടുന്നു. പാർലമെന്റിൽ പോലും അം​ഗങ്ങളില്ലാതെ സിപിഐ അസ്തമിക്കുമെന്നും, രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് പാർട്ടിയായി സിപിഎം മാറും എന്നുമാണ് സിപിഎം കണക്കുകൂട്ടൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close