KERALANEWSWORLD

പ്രളയം വിഴുങ്ങിയ കേരളത്തെ കരകേറ്റാൻ ആദ്യമെത്തിയത് ഷെയ്ഖ് ഖലീഫയുടെ 700 കോടി സഹായം; വിദേശ സഹായം വാങ്ങില്ലെന്ന കേന്ദ്ര നിലപാടിലും പ്രകടിപ്പിച്ചത് യുഎഇയിൽ ജോലി ചെയ്യുന്ന മലയാളികളോടുള്ള ആദരം; കോവിഡ് കാലത്തും ചേർത്ത് നിർത്തി; യുഎഇ പ്രസിഡന്റ് കേരളത്തിലും ജനകീയൻ

തിരുവനന്തപുരം: യുഎഇ പ്രസിഡന്റ് മലയാളികൾക്കും അത്രമേൽ പരിചിതമാകുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ മഹത്വം. ആപത്‌ഘട്ടത്തിൽ യുഎഇ ഭരണാധികാരിയുടെ സഹാഹസ്തങ്ങളെ കേരളീയർക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. 2018 ൽ പ്രളയം വന്ന് എല്ലാം നഷ്ടപ്പെട്ട് എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ട ഗതി വന്നപ്പോൾ ആദ്യം സഹായഹസ്തം നീട്ടിയവരിൽ ഒരാളായിരുന്നു ഷെയ്ഖ് ഖലീഫ.

ഏറ്റവും വേഗത്തിൽ സഹായാഭ്യർത്ഥനയോട് പ്രതികരിച്ചതും യുഎഇ ആയിരുന്നു. സഹായ ക്രമീകരണങ്ങൾക്കായി ഷെയ്ഖ് ഖലീഫ ഒരു അടിയന്തര കമ്മിറ്റി ഉണ്ടാക്കി. ഇന്ത്യയും, യുഎഇയും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ പ്രതിഫലനം മാത്രമല്ല, യുഎഇയിൽ ജോലി ചെയ്യുന്ന അസംഖ്യം മലയാളികളോടുള്ള ആദരം പ്രകടിപ്പിക്കൽ കൂടിയായിരുന്നു അത്.

പ്രളയ ദുരിതത്തിലായ കേരളത്തിന്റെ പുനർനിർമ്മാണത്തിനു സാമ്പത്തിക സഹായം നൽകാനുള്ള തീരുമാനവും യുഎഇ പ്രഖ്യാപിച്ചിരുന്നു. 700 കോടിയുടെ സഹായമാണ് നിശ്ചയിച്ചിരുന്നത്. ഷെയ്ഖ് ഖലീഫയ്ക്ക് വേണ്ടി അബുദാബി ക്രൗൺ പ്രിൻസ് മുഹമ്മദ് ബിൻ സയ്യീദ് അൽ നഹ്യൻ രാജകുമാരനാണ് ഇക്കാര്യത്തിൽ മുൻകൈയെടുത്തത്. എന്നാൽ, വിദേശ സഹായം വാങ്ങില്ലെന്നാണു 2004 മുതലുള്ള നയമെന്നു കേന്ദ്ര സർക്കാർ നിലപാട് സ്വീകരിച്ചതോടെ, 700 കോടിയുടെ സഹായം വാങ്ങാനായില്ല. എന്നിരുന്നാലും, യുഎഇയുടെ സഹായ മനസ്ഥിതി ആ സമയത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു,

നേരത്തെ തന്നെ കേരളത്തിലെ ജനങ്ങളെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് യുഎഇ ഭരണകൂടം അഭ്യർത്ഥിച്ചിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരിതമാണ് കേരളം അനുഭവിക്കുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.

കേരളത്തിലെ ദുരിതബാധിതർക്ക് സഹായം എത്തിക്കാൻ യുഎഇ പ്രത്യേക സമിതിക്കും രൂപം നൽകിയിരുന്നു. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കേരളത്തിന് 4കോടി രൂപ നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രളയ ദുരിതത്തിൽ ദുഃഖം പങ്കുവെച്ച് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് സന്ദേശം അയയ്ക്കുകയും ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഡെപ്യൂട്ടി സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ എന്നിവരും കേരളത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന സന്ദേശം രാഷ്ട്രപതിക്ക് അയച്ചിരുന്നു.

കോവിഡ് കാലത്തും ചേർത്ത് നിർത്തി

2020 ൽ കോവിഡ് കാലത്ത് അബുദാബി ക്രൗൺ പ്രിൻസ് മുഹമ്മദ് ബിൻ സയ്യീദ് അൽ നഹ്യൻ രാജകുാരൻ യുഎഇയിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച് മലയാളിയായ ആരോഗ്യപ്രവർത്തകൻ അരുണുമായി സംസാരിക്കുന്ന വീഡിയോ വൈറലായിരുന്നു. മീനടം സ്വദേശിയായ അരുൺ ഈപ്പനും ആയിട്ടായിരുന്നു വീഡിയോ കോൺഫറൻസിലൂടെ ഉള്ള സംഭാഷണം. ഷെയ്ഖ് തയ്യബ് ബിൻ മുഹമ്മദ് അൽ നഹ്യൻ, ഷെയ്ഖ് സലാമ ബിന്റ് മുഹമ്മദ് ബിൻ ഹമദ് അൽ നഹ്യൻ എന്നിവരും അന്നുണ്ടായിരുന്നു.

അരുണിനെ പേരെടുത്ത് വിളിച്ചാണ് ഷെയ്ഖ് മുഹമ്മദ് കോൺഫറൻസ് തുടങ്ങിയത്. ജോലിയെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ അദ്ദേഹം ചോദിച്ചു. ദൈവാനുഗ്രഹത്താൽ ജോലി നന്നായി ചെയ്യാൻ കഴിയുന്നുണ്ടെന്നും, കുടുംബവുമായി ദിവസവും സംസാരിച്ച് അവരുടെ കോവിഡ് കാലത്തെ ഉത്കണ്ഠ അകറ്റുണ്ടെന്നും അരുൺ പറഞ്ഞു. യുഎഇയിൽ ജോലി ചെയ്ത അനുഭവം വിവരിക്കാനാണ് ഷെയ്ഖ് മുഹമ്മദ് പിന്നീട് ആവശ്യപ്പെട്ടത്. യുഎഇ തന്റെ രണ്ടാം വീടെന്നാണ് അരുൺ വിശേഷിപ്പിച്ചത്. തീർച്ചയായും തന്റെ രണ്ടാമത്തെ വീട്ടിലാണ് അരുൺ കഴിയുന്നതെന്നും എല്ലാ വിധ ആശംസകളും നേരുന്നുവെന്നും പറഞ്ഞാണ് ഷെയ്ഖ് മുഹമ്മദ് സംസാരം അവസാനിപ്പിച്ചത്.

യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ വിയോഗത്തിൽ ഗൾഫ് തേങ്ങുന്നു. ജനങ്ങളുടെ കാര്യങ്ങളിൽ പ്രത്യേക താൽപര്യം പ്രകടിപ്പിച്ച വ്യക്തിയായി ഖ്യാതിനേടിയ ഷെയ്ഖ് ഖലീഫ യുഎഇയിലും മേഖലയിലും പ്രിയപ്പെട്ട നേതാവായിരുന്നു.

1971-ൽ യൂണിയൻ മുതൽ 2004 നവംബർ 2ന് അന്തരിക്കുന്നത് വരെ യുഎഇയുടെ ആദ്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പിൻഗാമിയായാണ് ഷെയ്ഖ് ഖലീഫ തിരഞ്ഞെടുക്കപ്പെട്ടത്. 1948-ൽ ഷെയ്ഖ് സായിദിന്റെ മൂത്ത മകനായി ജനിച്ച ഷെയ്ഖ് ഖലീഫ രണ്ടാമത്തെ പ്രസിഡന്റായിരുന്നു. യുഎഇയുടെയും അബുദാബി എമിറേറ്റിന്റെയും 16-ാമത് ഭരണാധികാരിയും. യുഎഇയുടെ പ്രസിഡൻറായതിന് ശേഷം അബുദാബിയിലെ ഫെഡറൽ ഗവൺമെന്റിന്റെ ബൃഹത്തായ പുനഃക്രമീകരണത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നൽകി. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ, രാജ്യത്തെ ജനങ്ങൾക്ക് മാന്യമായ ജീവിതം ഉറപ്പാക്കുന്ന ത്വരിതഗതിയിലുള്ള വികസനത്തിന് യുഎഇ സാക്ഷ്യം വഹിച്ചു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, സന്തുലിതവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിന് ഷെയ്ഖ് ഖലീഫ തന്റെ ആദ്യ തന്ത്രപരമായ പദ്ധതി ആരംഭിച്ചു. യുഎഇ പൗരന്മാരുടെയും താമസക്കാരുടെയും അഭിവൃദ്ധിയിലായിരുന്നു ശ്രദ്ധ. യുഎഇയുടെ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ തന്റെ പിതാവ് ഷെയ്ഖ് സായിദ് മുന്നോട്ടുവെച്ച പാതയിൽ തുടരുക എന്നതായിരുന്നു.

രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് വിജയകരമായി സംഭാവന നൽകിയ എണ്ണ, വാതക മേഖലയുടെയും മറ്റു വ്യവസായങ്ങളുടെയും വികസനത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നൽകി. വടക്കൻ എമിറേറ്റ്‌സിന്റെ ആവശ്യങ്ങൾ പഠിക്കുന്നതിനായി യുഎഇയിലുടനീളം വിപുലമായ പര്യടനങ്ങൾ നടത്തി, ഈ സമയത്ത് അദ്ദേഹം ഭവന, വിദ്യാഭ്യാസം, സാമൂഹിക സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി. കൂടാതെ, അംഗങ്ങൾക്കുള്ള നാമനിർദ്ദേശ സമ്പ്രദായം വികസിപ്പിക്കുന്നതിനുള്ള സംരംഭവും ആരംഭിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close