
ഒരു പുരുഷനെ ‘കഷണ്ടി’ എന്ന് വിളിക്കുന്നത് ലൈംഗിക അധിക്ഷേപമായി കണക്കാക്കാമെന്ന് യുകെ എംപ്ലോയ്മെന്റ് ട്രിബ്യൂണൽ ഉത്തരവിട്ടു. ഈ വാക്ക് ലൈംഗികതയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവേചനപരമാണെന്നും ട്രിബ്യൂണൽ പറഞ്ഞു. വെസ്റ്റ് യോർക്ക്ഷയർ ആസ്ഥാനമായുള്ള ബ്രിട്ടീഷ് ബംഗ് കമ്പനിക്കെതിരെ ടോണി ഫിൻ എന്നയാൾ നൽകിയ കേസിലാണ് നടപടി. 24 വർഷമായി ഇലക്ട്രീഷ്യനായി ജോലി ചെയ്ത അദ്ദേഹത്തെ 2021 മെയ് മാസത്തിൽ ജോലിയിൽ നിന്ന് പിരിച്ചു വിടുകയായിരുന്നു.
2019 ലെ ഒരു തർക്കത്തിനിടെ ഫാക്ടറി സൂപ്പർവൈസർ ജാമി കിംഗ് എന്നയാളുമായി മുടിയുടെ അഭാവത്തെക്കുറിച്ച് നടത്തിയ സംസാരിത്തിനിടെ താൻ ലൈംഗിക പീഡനത്തിന് ഇരയായതായി അദ്ദേഹം പരാതിപ്പെട്ടു. സംസാരം മോശമായപ്പോൾ മണ്ടൻ, കഷണ്ടി എന്ന് വിളിക്കാൻ തുടങ്ങി.
ജഡ്ജി ജോനാഥൻ ബ്രെയിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ട്രിബ്യൂണലിനോട് ഒരാളെ കഷണ്ടി എന്ന് വിളിക്കുന്നത് അപമാനമാണോ അതോ ഉപദ്രവിക്കലാണോ എന്ന് വിധിക്കാൻ ആവശ്യപ്പെട്ടു. വിധിന്യായത്തിൽ, ഒരു വശത്ത് ‘കഷണ്ടി’ എന്ന വാക്കും മറുവശത്ത് ലൈംഗികതയുടെ സംരക്ഷിത സ്വഭാവവും തമ്മിൽ ബന്ധമുണ്ടെന്നും വിധിയിൽ പറയുന്നു.
കഷണ്ടി സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്, അതിനാൽ ഒരാളെ വിവരിക്കാൻ ഇത് ഉപയോഗിക്കുന്നത് ഒരു തരം വിവേചനമാണെന്ന് ട്രിബ്യൂണലിലെ ഒരു ജഡ്ജി അഭിപ്രായപ്പെട്ടു. ജോലിസ്ഥലത്ത് ഒരു പുരുഷൻറെ കഷണ്ടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് ഒരു സ്ത്രീയുടെ സ്തനങ്ങളുടെ വലിപ്പത്തെ പരാമർശിക്കുന്നതിന് തുല്യമാണെന്നും ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയുടെ പ്രായവും മുടിയുമായി ബന്ധപ്പെട്ട് പരിഹസിക്കുന്നത് തരംതാഴ്ത്തുന്നതുമായ നടപടിയാണെന്ന് ട്രിബ്യൂണൽ പറഞ്ഞു.