KERALANEWSTop News

തൃശൂർ പൂരം വെടിക്കെട്ട് നാളെ; ദേവസ്വങ്ങളുടെ തീരുമാനത്തിന് ജില്ലാഭരണകൂടത്തിന്റെ അനുമതി

തൃശൂർ: തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് നാളെ നടക്കും. കാലാവസ്ഥ അനുകൂലമാണെങ്കിൽ നാളെ വൈകീട്ട് 6.30ന് നടത്തും. നേരത്തെ മഴയെത്തുടർന്ന് വെടിക്കെട്ട് മാറ്റിവച്ചിരുന്നു. ഞായറാഴ്ച നടത്താനായിരുന്നു ആ​ദ്യം തീരുമാനിച്ചിരുന്നത്.

പൂരങ്ങളുടെ പൂരമെന്നാണ് തൃശ്ശൂര്‍ പൂരത്തിന്റെ വിശേഷണം. കൊച്ചിരാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശ്ശൂര്‍ പൂരത്തിന് 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശ്ശൂര്‍ പൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ മേടമാസത്തില്‍ അര്‍ദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്ന്. അന്ന് പൂര ന​ഗരിയങ്ങ് നിറയും. തേക്കിന്‍കാട് മൈതാനത്ത് വടക്കുന്നാഥന്റെ സന്നിധിയിൽ അരങ്ങേറുന്ന ഈ താള വാദ്യ വര്‍ണ്ണ ലയങ്ങളുടെ പൂരത്തിന് ഓരോ വര്‍ഷവും വിദേശ സഞ്ചാരികള്‍ അടക്കം ധാരാളം പേരാണ് എത്താറുള്ളത്.

രണ്ടു നിരകളിലായി അഭിമുഖം നില്‍ക്കുന്ന നെറ്റിപ്പട്ടം കെട്ടിയ ആനകള്‍, ആലവട്ടം, വെഞ്ചാമരം, നടുവില്‍ പുരുഷാരം, ചെണ്ടമേളം. കുടമാറ്റത്തിന്റെ വര്‍ണ്ണ വിസ്മയങ്ങള്‍ സന്ധ്യയിലേക്ക് ഉദിച്ച് അസ്തമിക്കുമ്പോള്‍ ലക്ഷങ്ങള്‍ ആഹ്ലാദത്തിൽ ആറാടും. നാടിന്റെ ഉത്സവക്കൂട്ടായ്മ കാണാന്‍ ലോകം മുഴുവനും തേക്കിന്‍കാട് മൈതാനത്ത് എത്തും. ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള പഞ്ചവാദ്യഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവയാണ് മ്മടെ പൂരത്തി​ന്റെ പ്രധാന ആകർഷകങ്ങൾ.

തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടു പോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തില്‍ നിന്ന് പഞ്ചവാദ്യത്തോടു കൂടിയുള്ള മഠത്തില്‍ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ചെമ്പടമേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, പിറ്റേന്നു നടക്കുന്ന പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

തൃശ്ശൂര്‍ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥന്‍ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്‍കാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകള്‍ നടക്കുന്നത്. തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലെ ദേവിമാരാണ് തൃശ്ശൂര്‍പൂരത്തില്‍ പങ്കെടുക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നത്. തിരുവമ്പാടിക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ കൃഷ്ണനാണെങ്കിലും പൂരത്തില്‍ ഉപദേവതയായ ഭഗവതിയാണ് പങ്കെടുക്കുന്നത്. എട്ട് ചെറുപൂരങ്ങള്‍ കൂടി അടങ്ങുന്നതാണ് തൃശ്ശൂര്‍ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് മാത്രമായി ചില അവകാശങ്ങള്‍ ഉണ്ട്. വടക്കുന്നാഥക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴിയില്‍ ഇവര്‍ക്കേ അവകാശമുള്ളൂ.

പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്.പൂരത്തിലെ പ്രധാന ചടങ്ങാണ് ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ. ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ് പ്രധാനദിവസത്തെ പൂരാഘോഷങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നത്. രാവിലെ ആറരയോടെ വടക്കുന്നാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് പൂരത്തില്‍ പങ്കെടുക്കാന്‍ ആദ്യം എത്തുന്നു. പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങള്‍ കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നൈതിലക്കാട്ട് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്‌ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ടു ക്ഷേത്രങ്ങളിലെ ദേവതമാര്‍ ചെറുപൂരവുമായി എത്തും.

ഇലഞ്ഞിത്തറ മേളം

പൂരം നാളിൽ മേളം തുടങ്ങുന്നതിന് മുൻപ് ഇലഞ്ഞിത്തറ, വലത്തേ മൂലയിൽ ഇലഞ്ഞിമരവും കാണാം.വടക്കുംനാഥക്ഷേത്രത്തിലെ കൂത്തമ്പലത്തിലാണ്‌ എഴുന്നള്ളത്ത്‌ അവസാനിക്കുക. പിന്നീടാണു് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന പാണ്ടി മേളത്തിൽ വാദ്യകലാരംഗത്തെ കുലപതികളാണ്‌ പങ്കെടുക്കാറ്.

കൂത്തമ്പലത്തിനു് മുന്നിലെ ഇലഞ്ഞിത്തറയിൽ അരങ്ങേറുന്നതുകൊണ്ടാണ്‌ ഈ മേളച്ചാർത്തിന്‌ ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്‌. ഇവിടെയാണ് പണ്ട് പാറമേക്കാവ് ഭഗവതിയെ പ്രതിഷ്ഠിച്ചിരുന്നത്. ഇപ്പോൾ നിലവിലുള്ള ഇലഞ്ഞി 2001ൽ കടപ്പുഴകി വീണ ഇലഞ്ഞിക്കു പകരം 2001 സപ്തംബർ 11 ന് നട്ടതാണ്.

വാദ്യക്കാരുടെ എണ്ണം മഠത്തിൽ വരവിലേത് പോലെതന്നെ നിരവധിയാണ്‌. സാധാരണയായി ഇരുനൂറ്റമ്പതോളം പേരാണ് ഇവിടെ കൊട്ടുന്നത്. മുൻ നിരയിൽ ഉരുട്ട് ചെണ്ടക്കാർ 15 പേരാണ്‌. ഒറ്റത്താളം പിടിക്കാനായി 90 വലം തല ചെണ്ടകൾ, 21 വീതം കൊമ്പുകാരും കുഴലുകാരും. ഇലത്താളം 75 പേർ കൂടിയാണ്. ഈ കണക്കിൽ മാത്രം 222 പേർ വരും എന്നാലും എല്ലാ വർഷവും ഇതിലും അധികം വാദ്യക്കാർ വരാറുണ്ട്. മിക്കവർക്കും ഇതൊരു വഴിപാടാണ്. ഈ ചടങ്ങിനുള്ള മറ്റൊരു പ്രത്യേകത പാണ്ടിമേളം ക്ഷേത്രമതിൽക്കകത്ത്‌ കൊട്ടുന്നത്‌ തൃശൂർ പൂരത്തിന്‌ മാത്രമാണ്‌ എന്നതാണ്‌. മേളത്തിൻറെ മറ്റൊരു രൂപമായ പഞ്ചാരി മേളം ആണ്‌ ക്ഷേത്രമതിൽക്കകത്ത്‌ കൊട്ടാറുള്ളത്‌.

പതികാലത്തിൽ തുടങ്ങുന്ന മേളം സാവധാനമാണ്‌. ഇത് വിട്ട് വേഗത കൂടുന്നതോടെ കാണികളും ആവേശഭരിതരാകുന്നു. ആദ്യം ഇടത്തു കലാശം അതിനുശേഷം അടിച്ചു കലാശം പിന്നെ തകൃത, അതിനുശേഷം ത്രിപുട എന്നിങ്ങനെയാണ്‌ മേളം. ത്രിപുട അവസാനിക്കുന്നതോടെ മുട്ടിന്മേൽ ചെണ്ട തുടങ്ങുന്നു. ഇത് ചെണ്ട മുന്നോട്ട് തള്ളിപ്പിടച്ച് വായിക്കുന്ന രീതിയാണ്‌. ജനങ്ങളുടെ താളം പിടിക്കലും കൂടിയായാൽ പിന്നെ കുഴഞ്ഞുമറിഞ്ഞ് കൊട്ടുകയായി. ഇത് കുഴഞ്ഞുമറിഞ്ഞ് എന്നാണ്‌ വിളിക്കപ്പെടുന്നത്. കാണികളെ വിസ്മയത്തുമ്പത്ത് പിടിച്ചിരുത്തി കൊടുങ്കാറ്റ് ശമിക്കുന്നതു പോലെ ഒരു നിമിഷാർദ്ധത്തിൽ എല്ലാം അവസാനിക്കുന്നു. ഇതു കഴിഞ്ഞ് വൈകീട്ട് നാലരയോടെ പാറമേക്കാവ് പൂരം വടക്കുംനാഥനെ വലം വെച്ച് തെക്കോട്ടിറങ്ങുകയായി.

തെക്കോട്ടിറക്കം

ഇലഞ്ഞിത്തറമേളത്തിന്‌ ശേഷമാണ്‌ തെക്കോട്ടിറക്കം. പാറമേക്കാവ്‌, തിരുവമ്പാടി ഭഗവതിമാർ വടക്കുംനാഥ ക്ഷേത്രത്തിൻറെ തെക്കേഗോപുരത്തിലൂടെ തേക്കിൻകാട്‌ മൈതാനത്തേക്ക്‌ പ്രവേശിക്കുന്ന ചടങ്ങാണിത്‌.

പാറമേക്കാവിന്റെ 15 ആനകൾ തെക്കോട്ടിറങ്ങി കോർപ്പറേഷൻ ആപ്പീസിന്റെ മുമ്പിലുള്ള രാജാവിന്റെ പ്രതിമയെ ചുറ്റിയ ശേഷം നിരന്നു നിൾക്കും. തിരുവമ്പാടി വിഭാഗം തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖം നിക്കുന്നതോടെ കുടമാറ്റം തുടങ്ങുകയായി.

കൂടിക്കാഴ്ച – കുടമാറ്റം

ഇത് രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ്‌. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ പരസ്പരം ഉയർത്തി കാണിച്ചു് മത്സരിക്കുന്നതാണു് കുടമാറ്റം എന്ന് അറിയപ്പെടുന്നത്. ഓരോ കുട ഉഅയർത്തിയ ശേഷം മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയർത്തിയ ശേഷമേ അടുത്ത കുട ഉഅയർത്തൂ. തിടമ്പുകയറ്റിയ ആനയുടെ കുട മറ്റു14 ആനകൾക്ക് ഉയർത്തുന്ന കൂടയേക്കാൾ വ്യത്യാസമുള്ളതായിരിക്കും.

എല്ലാ വർഷവും വ്യത്യസ്തമായ കുടകൾ അവതരിപ്പിക്കാൻ രണ്ടു വിഭാഗവും ശ്രമിക്കാറുണ്ട്. പലനിലകൾ ഉള്ള കുടകൾ അടുത്തകാലത്ത് അവതരിപ്പിച്ചതിൽ വ്യത്യസ്തതയുള്ള ഒന്നാണ്‌. മുപ്പതാനകളുടെ (രണ്ടു ഭാഗത്തേയുംകൂടി) മസ്തകമലങ്കരിക്കുന്ന നെറ്റിപ്പട്ടങ്ങൾ പകലിന്‌ സുവർണപ്രഭ സമ്മാനിക്കും. മേളത്തിൻറെ അകമ്പടിയോടെ പിന്നീട്‌ വർണങ്ങൾ മാറിമറിയുകയായി. പൂത്തുലയുന്ന വെഞ്ചാമരങ്ങൾക്കും ആലവട്ടങ്ങൾക്കും മേലേ വർണക്കുടകൾ ഉൽസവം തീർക്കുകയായി.അലുക്കുകൾ തൂക്കിയത്‌, രണ്ടുനിലയുള്ളവ, അങ്ങനെ വൈവിധ്യമാർന്ന പലതരം കുടകളും ഇരുകൂട്ടരും ആനപ്പുറത്തേറി നിന്നു് പ്രദർശിപ്പിക്കും.

ഇത് മത്സരബുദ്ധിയോടെയാണ്‌ ഇരു വിഭാഗക്കാരും അവതരിപ്പിക്കുന്നത്.കാണികൾ ആർപ്പുവിളിച്ചും ഉയർന്നു ചാടിയും കയ്യടിച്ചും ഇരുഭാഗത്തേയും പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരിക്കും. ഒരു ചെറിയ വെടിക്കെട്ടോടെ ഇത് അവസാനിക്കുന്നു. ഇതോടെ പകൽപൂരം അവസാനിക്കുന്നു. എന്നാൽ രാത്രിയും ചെറിയ പൂരങ്ങൾ ആവർത്തിക്കും. പിന്നീട് പുലർച്ചയാണ് വെടിക്കെട്ട്.

തെക്കേ ഗോപുര നടതുറന്ന് എറണാകുളം ശിവകുമാർ

ആയിരങ്ങളെ സാക്ഷിയാക്കി തൃശൂർ പൂരത്തിന്റെ പൂരവിളംബരം നടന്നു. കുറ്റൂര്‍ നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറന്ന് നിലപാട് തറയിൽ പ്രവേശിച്ച ശേഷം മൂന്നു തവണ ശംഖ് മുഴക്കിയതോടെയാണ് പൂരവിളംബരം നടന്നത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാറാണ് കുറ്റൂര്‍ നൈതലക്കാവിലമ്മയുടെ തിടമ്പേറ്റിയത്. രാവിലെ എട്ടു മണിയോടെയാണ് എഴുന്നള്ളിപ്പ് തുടങ്ങിയത്. പത്തരയോടെയാണ് വടക്കുന്നാഥ ക്ഷേത്രത്തില്‍ എത്തിയത്. തൃശൂര്‍ പൂരദിനത്തില്‍ കണിമംഗലം ശാസ്താവിന് വടക്കുന്നാഥ ക്ഷേത്രത്തിലേയ്ക്കു പ്രവേശിക്കാനാണ് തെക്കേഗോപുരവാതില്‍ തുറന്നിടുന്നത്.

പൂരവിളംബരം കാണാൻ കൊടുംചൂടിനെ അവഗണിച്ച് ആയിരങ്ങളാണ് എത്തിയിരുന്നത്. തിരക്ക് നിയന്ത്രിക്കാൻ വൻ പൊലീസ് സംഘത്തെയാണ് നിയോഗിച്ചിരുന്നത്. ഇന്നലെ രാവിലെ തിരുവമ്പാടിയിലും പാറമേക്കാവിലും ചമയപ്രദർശനങ്ങൾക്ക് തുടക്കമായി. ആയിരങ്ങളാണ് ചമയപ്രദർശനത്തിനെത്തിയത്. പൂരപ്പിറ്റേന്ന് പുലർച്ചെ നടക്കുന്ന വെടിക്കെട്ടിനുള്ള ഒരുക്കങ്ങളും തുടരുന്നു.പൂര ദിവസം ഉച്ചയോടെ എട്ട് ഘടക ക്ഷേത്രങ്ങളും വടക്കുന്നാഥനിലെത്തി മടങ്ങും.

11 മണിക്കാണ് കോങ്ങാട് മധുവിന്റെ പ്രമാണിത്വത്തിൽ ബ്രഹ്മസ്വം മഠത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം. ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിനു ശേഷം തിരുവമ്പാടി വിഭാഗം വടക്കുന്നാഥനിലെത്തും. രണ്ടരയോടെ ഇലഞ്ഞിച്ചുവട്ടിൽ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പ്രശസ്തമായ ഇലഞ്ഞിത്തറമേളം കൊട്ടിക്കയറും. അഞ്ചു മണിയോടെ പാറമേക്കാവിലമ്മയും തിരുവമ്പാടി ഭഗവതിയും തെക്കെഗോപുരം ഇറങ്ങിയ ശേഷം കുടമാറ്റം നടക്കും. ബുധനാഴ്ച പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് സമാപിക്കും. അതിന് ശേഷം രണ്ട് ഭഗവതിമാരും ഉപചാരം ചൊല്ലിപ്പിരിയും.

തൃശൂർ പൂരം നിയന്ത്രിക്കാൻ 3611 പൊലീസ് ഉദ്യോഗസ്ഥർക്കു പുറമേ 400 റിസർവ് പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ആകെ നാലായിരത്തോളം പൊലീസുകാർ. 36 ഡിവൈ.എസ്.പിമാരും 64 ഇൻസ്‌പെക്ടർമാരും 287 എസ്.ഐമാരും നേതൃത്വം നൽകും. ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി വിവരങ്ങൾ അറിയുന്നതിന് ഡിജിറ്റൽ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. സാമ്പിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലിപ്പിരിയുന്നതു വരെയുള്ള എല്ലാ ചടങ്ങുകളുടെയും അനിമേഷൻ രൂപത്തിലുള്ള വീഡിയോയാണ് തയ്യാറാക്കിയിരിക്കുന്നത്. പൊലീസുകാരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറുകളിലേക്കാണ് വീഡിയോയുടെ ലിങ്ക് അയച്ചു നൽകുന്നത്. ഇത് കാണുന്നതോടെ പോലീസുദ്യോഗസ്ഥർക്ക് അവരുടെ ഡ്യൂട്ടിവിവരം എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. തൃശൂർ സിറ്റി പൊലീസ് പി.ആർ.ഒ വിഭാഗമാണ് വീഡിയോയുടെ അണിയറയിൽ പ്രവർത്തിച്ചത്.

പൂരത്തിന് എങ്ങനെ എത്താം

അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ : തൃശ്ശൂര്‍, ഒരു കിലോ മീറ്ററിനുള്ളില്‍ | അടുത്തുള്ള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 58 കീ. മീ.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close