KERALANEWSTop News

50 പെൺകുട്ടികളെ കൂടാതെ സിപിഎം നേതാവ് ലൈം​ഗികമായി പീഡിപ്പിച്ചത് നാല് സ്ത്രീകളെയും ഒരു പുരുഷനെയും; ഇനിയും പരാതിക്കാർ വരുമോയെന്ന് പൊലീസും; മലപ്പുറത്തെ സെക്സ് സൈക്കോയുടെ ജീവിതം ഞെട്ടിക്കുന്നത്

മലപ്പുറം: മലപ്പുറത്ത് റി. അധ്യാപകനും സിപിഎം നേതാവുമായ കെ വി ശശികുമാറിനെതിരെ പീഡന പരാതികളുമായി കൂടുതൽ പേർ രംഗത്ത്. പ്രതി ആൺകുട്ടിയേയും ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. ഇത് സംബന്ധിച്ച് ഒരു പുരുഷനും മലപ്പുറം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അമ്പതിലധികം വിദ്യാർത്ഥികൾ പരാതി നൽകിയതിനെ തുടർന്ന് പോക്‌സോ കേസ് ചുമത്തി ഒളിവിലായിരുന്ന അധ്യാപകനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് വയനാട് സുൽത്താൻ ബത്തേരിക്ക് അടുത്തുള്ള സ്വകാര്യ ഹോംസ്റ്റേയിൽ നിന്നാണ് മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

നിലവിൽ ഒരു പോക്സോ കേസിന് പുറമെ നാല് സ്ത്രീകളും, ഒരു പുരുഷനും നൽകിയ പരാതിയിൽ അഞ്ചുകേസുകൾ കൂടി മലപ്പുറം പൊലീസ് സ്റ്റേഷനിൽ ശശികുമാറിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുരുഷനേയും പഠന സമയത്ത് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി ലഭിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ കേസെടുക്കുന്നതുമായി ബന്ധപ്പെട്ടു പൊലീസ് നിയമോപദേശം തേടിയിരിക്കുകയാണ്.

കഴിഞ്ഞ ഏഴാം തീയതി മലപ്പുറത്തെ യുവതിയുടെ പരാതിയിൽ മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിൽ കേസെടുതത്തിനെ തുടർന്ന് കൗൺസിലർ സ്ഥാനം രാജിവെച്ചു ഒളിവിൽ പോകുകയായിരുന്നു. പ്രതിയെ കുറിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐ പി എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസിന്റെ പിടിയിൽ ൽ ആവുന്നത്. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ പ്രതിയുടെ അറസ്റ്റ് രേഖപെടുത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ നാളെ കോടതി മുമ്പാകെ ഹാജരാക്കും.

മലപ്പുറംഡി.വൈ.എസ്‌പി: പി.എം പ്രദീപി ന്റെ മേൽനോട്ടത്തിൽ മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസ്, വനിതാ എസ്‌ഐ രമാദേവി പി എം, എഎസ്ഐ അജിത, പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ എസ്‌ഐ എം. ഗിരീഷ്, ഐ.കെ.ദിനേഷ്, ആർ.ഷഹേഷ്, കെ.കെ. ജസീർ., സിറാജ്ജുദ്ധീൻ, അമീരലി എന്നിവർ അടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്. പൂർവ്വ വിദ്യാർത്ഥിനി മെയ്‌ ഏഴിനു നൽകിയ പരാതിയിൽ മലപ്പുറം പൊലീസ് പോക്സോ കേസെടുത്തതിന് പിന്നാലെ ശശികുമാർ ഒളിവിൽ പോവുകയായിരുന്നു.

മലപ്പുറം സെന്റ്ജമ്മാസ് എയ്ഡഡ് സ്‌കൂളിൽ 30 വർഷം അദ്ധ്യാപകനായിരുന്നു ശശികുമാർ. ഇക്കാലയളവിൽ 50ലേറെ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന പരാതിയുമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രംഗത്തുവന്നിരുന്നു. മാർച്ചിൽ വിരമിച്ച ശേഷം അദ്ധ്യാപക ജീവിതവുമായി ബന്ധപ്പെട്ട് ശശികുമാർ ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിന് താഴെയാണ് ആദ്യത്തെ ആരോപണം ഉയർന്നത്. തുടർന്ന്, സമാനമായ രീതിയിൽ അതിക്രമം നേരിട്ട വിദ്യാർത്ഥികൾ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.

ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകൾ സ്‌കൂളിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇന്നലെ എം.എസ്.എഫ് നടത്തിയ മാർച്ച് സംഘർഷത്തിലും കലാശിച്ചു. പ്രതിയെ രക്ഷിക്കാൻ സിപിഎം ഒത്തുകളിക്കുന്നെന്ന ആരോപണം യു.ഡി.എഫ് ആയുധമാക്കിയതിന് പിന്നാലെ സംഭവത്തിൽ ശക്തമായ നടപടിയുണ്ടാവുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ഉറപ്പു നൽകിയിരുന്നു.

മൂന്ന് തവണയായി സിപിഎമ്മിന്റെ മലപ്പുറം നഗരസഭയിലെ കൗൺസിലറാണ് ശശി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് മലപ്പുറം എസ്.എച്ച്.ഒ അറിയിച്ചു. അതേസമയം രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്ന സ്‌കൂൾ മാനേജ്മെന്റിനെതിരെയും നിയമനടപടി വേണമെന്നാണ് പൂർവ്വ വിദ്യാർത്ഥികളുടെ ആവശ്യം. പ്രതിയെ സിപിഎം ചുമതലകളിൽ നിന്ന് നീക്കുകയും ചെയ്തു.

മുപ്പത് വർഷത്തോളം വിദ്യാർഥിനികളെ ലൈം​ഗിക പീഡനത്തിനിരയാക്കി എന്നതാണ് അധ്യാപകനും സിപിഎം മലപ്പുറം നഗരസഭ അംഗവുമായ കെ വി ശശികുമാറിനെതിരെ വന്നിരിക്കുന്ന പരാതി. 50ലധികം വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതിപ്പെട്ടിരിക്കുന്നത്. ഒളിവിലായിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരിയായ വികെ ദീപ.

വികെ ദീപയുടെ കുറിപ്പ് ഇങ്ങനെ:

ഞാൻ എന്റെ എട്ടാം ക്ലാസ്സിൽ ആണ് സർവ്വസ്വതന്ത്രമായ ഒരു സർക്കാർ സ്കൂളിൽ നിന്നും മലപ്പുറം സെന്റ് ജെമ്മാസ് എയിഡഡ് ഗേൾസ് ഹൈസ്കൂളിൽ എത്തുന്നത്.. പാറിനടന്ന ഒരു തുമ്പിയെ പിടിച്ച് മുള്ളിൽ കോർത്ത അനുഭവം ആയിരുന്നു എനിക്കാ സ്കൂൾ..എല്ലാ അധ്യാപകരെയും ഭയം.. അതിൽ തന്നെ സിസ്റ്റേഴ്സ്നെ കടുത്ത ഭയം.. സ്കൂൾ നിറയെ വിലക്കുകൾ.. ഒന്ന് തുറന്നുചിരിച്ചാൽ, സമീപത്തുള്ള കടകളിൽ പോയാൽ, കണ്ണ് എഴുതിയാൽ, അവധിദിവസങ്ങളിലെ സ്പെഷ്യൽക്ലാസ്സിൽ മുടി അഴിച്ചിട്ടാൽ, ബ്രായുടെ വള്ളി യൂണിഫോമിനുള്ളിലെ പെറ്റിക്കോട്ടിനടിയിൽ തെളിഞ്ഞു കണ്ടാൽ ഒക്കെ ചീത്ത കേട്ടിരുന്നു…

കുട്ടികൾ വഴിതെറ്റുന്നോ എന്ന് നോക്കാൻ അദ്ധ്യാപകർ നിയോഗിച്ച കുട്ടിച്ചാരത്തികൾ ഞങ്ങളുടെ കുഞ്ഞു സന്തോഷങ്ങൾ അപ്പൊഴപ്പോൾ ടീച്ചർമാർക്ക് കൊളുത്തിക്കൊടുത്തിരുന്നു. അവ ഞങ്ങളുടെ അഴിഞ്ഞാട്ടങ്ങൾ ആയി വ്യാഖ്യാനിക്കപ്പെട്ടു.. ഇനി അങ്ങനെ ചെയ്യില്ലെന്ന് നൂറും ഇരുന്നൂറും തവണ ഇമ്പോസിഷൻ എഴുതിയിട്ടുണ്ട് …അതൊന്നും അന്ന് ഒരു തെറ്റായോ ഞങ്ങൾക്ക് നേരെ ഉള്ള അനീതി ആയോ തോന്നിയിട്ടില്ല.. ഒരു സ്കൂൾ മികച്ചത് എന്നതിന്റെ ലക്ഷണങ്ങൾ ആയിരുന്നു അത്.. അവിടെ ആണ് ഞാൻ പഠിക്കുന്നത് എന്നത് ഗമയും..ഞങ്ങളുടെ രക്ഷിതാക്കൾക്ക്‌ പൂർണസമാധാനവും..സാധാരണ ഒരു സ്കൂളിനെക്കാൾ അമിതാധ്വാനം ചെയ്ത് പഠിപ്പിക്കുന്ന അദ്ധ്യാപകർ ആണ് അവിടെ എക്കാലത്തും ഉള്ളത്..

വിദ്യാർത്ഥി നേടേണ്ട പഠന മികവുകളിൽ ഒരു വിട്ടുവീഴ്ചയും ഇല്ല..അതുകൊണ്ട് തന്നെ ഗുണമേന്മയിൽ സ്കൂൾ എപ്പോഴും ഒന്നാം സ്ഥാനത്ത് ആയിരുന്നു..അന്നും..ഇന്നും…ഇപ്പോൾ….ആ സ്കൂളിലെ ഒരു അദ്ധ്യാപകന് നേരെ ആണ് പോക്സോ പ്രകാരം ഉള്ള ലൈംഗികാരോപണം പൂർവ്വവിദ്യാർത്ഥിനികളിൽ നിന്നും ഉയരുന്നത് ..ഒരാളിൽ നിന്നല്ല. പലരിൽ നിന്നും…അതും 30 വർഷം നീണ്ട ഉപദ്രവം….ഞാൻ എട്ടാം ക്ലാസ്സിൽ ആണ് ആ സ്കൂളിൽ ചേർന്നത്. ഇയാളുടെ പ്രവർത്തനമേഖല യു.പി.വരെ ഉള്ള ക്ലാസ്സുകൾ ആയതിനാൽ എനിക്ക് അയാളെ കണ്ടു പരിചയം മാത്രമേ ഉള്ളു.. എൽപി,യുപിക്ലാസ്സുകളിൽ വെച്ച് പീഡിപ്പിക്കപ്പെട്ടവർ (അന്നത്തെ കുഞ്ഞുങ്ങൾ) ആണ് ഇപ്പോഴെങ്കിലും അത് തുറന്നു പറഞ്ഞത്.. പ്രസ്സ് മീറ്റിംഗ് നടത്തിയത്..പരാതി കൊടുത്തത്..30കൊല്ലം ഇത്‌ സഹിച്ചോ എന്ന ചോദ്യം ആണ് പൊതുജനത്തിൽ നിന്നും ആദ്യം വരുക..Yes.., സഹിച്ചുകാണണം ….സമൂഹവും വീടും അങ്ങനെ ആണ് അന്ന് കുട്ടികളെ പഠിപ്പിച്ചു വെച്ചിട്ടുള്ളത്.

ഇന്നും ഒരളവു വരെ അങ്ങെനെയൊക്കെ തന്നെ ആണ്.. “പറ്റിയത്പറ്റി..ഇനി ഇത് ആരും അറിയണ്ട. വെറുതെ നാണം കെടാൻ.. ഇനി അയാളെ കണ്ടാൽ മാറി നടന്നോ” എന്ന ഉപദേശത്തോടെ…ആ ഉപദേശം മറി കടന്നു പരാതി പറയാൻ ചെന്നവരോട് ആ സ്കൂളിലെ അദ്ധ്യാപകർ ചോദിച്ചത് “നിങ്ങൾ അങ്ങോട്ട് ചെന്ന് കൊഞ്ചി കുഴഞ്ഞിട്ടല്ലേ..?” എന്നാണ് എന്ന് പ്രെസ്സ് മീറ്റിൽ പറയുന്നു….ഞാൻ ഓർക്കുന്നു ഞാൻ പഠിച്ച എൽപി സ്കൂളിൽ മൂന്നാംക്ലാസ്സിൽ പഠിക്കുന്ന സമയത്ത് അന്നത്തെ ഒരു മാഷ് കേട്ടെഴുത്ത് തെറ്റിയാൽ അല്പം തടിയും മാറിടവും ഉള്ള കുട്ടികളെ, കസേരക്കയ്യിൽ വെച്ച അയാളുടെ കൈയിൽപ്പിടിച്ച് മാറിടം അയാളുടെ ദേഹത്തു അമർത്തി നിൽക്കാനുള്ള ശിക്ഷ ആണ് നൽകിയിരുന്നത്.

ബാക്കി ഉള്ളവർക്ക് ഒക്കെ നുള്ളും അടിയും.. അന്നത് പീഡനം ആണെന്ന് ആര് അറിയാൻ. ആരു പറഞ്ഞു തരാൻ… അന്ന് മാഷെ കയ്യിൽ പിടിച്ചു നിൽക്കുന്ന കുട്ടികളോട് അസൂയ ആയിരുന്നു… മാഷ്ക്ക് അവരെ അത്രയും പ്രിയം ആയതോണ്ടല്ലേ അങ്ങനെ നിർത്തുന്നത്, അവർക്ക് അടി കിട്ടാത്തത് എന്ന അസൂയ..ഈ അടുത്തകാലത്ത് തന്റെ രണ്ടാംക്ലാസുകാരി ആയ മകൾ ഒരു വർത്തമാനത്തിനിടെ “മാഷ്ക്ക് എന്നെ നല്ല ഇഷ്ടാ, എപ്പളും മടിയിൽ ഇരുത്തും ഉമ്മ വെക്കും” എന്നൊക്കെ പറഞ്ഞതിൽ അപകടംമണത്ത് ആ സ്കൂളിൽ ചെന്നു മാഷെ പിരിച്ചുവിടുവിപ്പിച്ച അദ്ധ്യാപികയായ എന്റെ ഒരു കൂട്ടുകാരി രക്ഷിച്ചത് സ്വന്തം മകളെ മാത്രം അല്ല ഒരു പാട് കുഞ്ഞുങ്ങളെ ആണ്..സെന്റ് ജമ്മാസിലെ അദ്ധ്യാപകർ, “നിങ്ങൾ കൊഞ്ചാൻ പോയിട്ടല്ലേ “എന്ന് കുട്ടികളോട് പറഞ്ഞതിൽ എനിക്ക് ഒട്ടും അദ്‌ഭുതം ഇല്ല..പെൺകുട്ടികളെ സദാചാരം പഠിപ്പിക്കുന്ന, പെൺകുട്ടികൾക്ക് മാത്രം ആണ് സദാചാരം വേണ്ടത് എന്ന് കരുതുന്നവർ ആണ് എറിയപങ്കും..

ഞാൻ പഠിക്കുന്ന സമയത്ത് ബസിൽ തല കറങ്ങി വീണ കുട്ടിയെ ബസ് ജീവനക്കാർ താങ്ങി സ്കൂളിൽ കൊണ്ട് വന്നപ്പോൾ, “അവർ താങ്ങി പിടിച്ചു കൊണ്ട് വരാൻ വേണ്ടി അല്ലേ നീ ബോധം കെട്ടത് “എന്ന് സിസ്റ്റർ അവളോട്‌ ചൂടാവുന്നത് ഞാൻ കേട്ടിട്ടുണ്ട്..അങ്ങനെ എല്ലാത്തരത്തിലും പെൺകുട്ടികളുടെ ചാരിത്ര്യം സംരക്ഷിക്കാൻ ഇമപൂട്ടാതെ ബദ്ധശ്രദ്ധർ ആയിരുന്നവർ ഉള്ള ഒരു സ്കൂൾ ആണ് കുട്ടികൾക്ക് പരാതികൾ ഉണ്ടായിട്ടും,അവർ വന്നു പറഞ്ഞിട്ടും, അത് മൂടി വെച്ച് ഇത്തരം ഒരു അധ്യാപകനെ 30 വർഷം സ്‌കൂളിന്റെ സൽപ്പേരിനെ ബാധിക്കുമെന്ന് ഭയന്ന് അയാളുടെ സകലപ്രതാപത്തോടെയും സംരക്ഷിച്ച് പോന്നത്..

പരാതി എഫ്ബിയിൽ എഴുതിയ കുട്ടിയുടെ പോസ്റ്റിനടിയിൽ ഈ അദ്ധ്യാപകൻ മറുപടി എഴുതിയിട്ടത് “എന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ നിൻ അസാന്നിധ്യം പകരുന്ന വേദന” എന്നാണ്.. എന്തൊരു ധൈര്യം ആണത്..അതും ഈ 56-ആം വയസ്സിലും .. ആ ധൈര്യം, ഇതു മൂടിവെച്ച കുട്ടികളുടെ രക്ഷിതാക്കൾ നൽകിയതാണ്.. അയാളുടെ സഹപ്രവർത്തകരുടെ സപ്പോർട്ട് ആണ്.. അയാളുടെ രാഷ്ട്രീയപിൻബലം ആണ്.കുട്ടികൾ പരാതി പറഞ്ഞിട്ടും പ്രതികരിക്കാത്ത, അവരുടെ കൂടെ നിൽക്കാത്ത അദ്ധ്യാപകർ ഇവിടെ കൂട്ടിക്കൊടുപ്പുകാരാണ്.. അവരുടെ നിലപാടുകൾ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.. അവരും പ്രതികൾ അല്ലേ?

ഇത്തരം കാര്യങ്ങൾ സ്കൂളിന്റെ മാനം ആലോചിച്ച് ഒരുകാലത്ത് മൂടിവെച്ചാൽ, ഏതേലും കാലത്ത് ഇതുപോലെ തിരിഞ്ഞുകൊത്തി മാനംകെടും എന്ന് എല്ലാ അദ്ധ്യാപകർക്കും ഒരു വാണിംഗ് ആവേണ്ടതുണ്ട്..സെന്റ് ജെമ്മാസ് മാത്രമല്ല, പല സ്കൂളുകളും ഇത്തരം കാര്യങ്ങൾ ആരും അറിയാതെ മൂടാറ് തന്നെ ആണ് പതിവ്.അത് സ്കൂളിന്റെ നില നിൽപ്പിനെ ബാധിക്കും എന്നതിനാൽ. പക്ഷേ കുറ്റാരോപിതനെ മാറ്റുകയോ നടപടി എടുക്കുകയോ ചെയ്ത് പരാതിക്കാരെ പരിഗണിച്ചു വിടാറുണ്ട്..അതുപോലും ഇവിടെ ഉണ്ടായില്ല എന്നാണ് പ്രസ്സ് മീറ്റ് കേൾക്കുമ്പോൾ മനസ്സിലാവുന്നത്…ഈ വിഷയം പുറത്തു കൊണ്ടുവന്ന അഡ്വക്കേറ്റ് ബീനBeenaയോട്, “നീ ആരാ ഇത്‌ പറയാൻ… പീഡിപ്പിക്കപ്പെട്ടവർ പറയട്ടെ..” എന്ന കമന്റ്‌ കണ്ടു.. ആ പരാതിക്കാർ ആരാ എന്നത് അറിയാഞ്ഞിട്ടുള്ള മലയാളി ആകാംക്ഷമുട്ടൽ ആണ് അത്..

പരാതി പറയാൻ ധൈര്യം കാണിച്ച ഒരു ശബ്ദത്തെ എത്തിക്കാൻ പറ്റുന്നത്ര നീതിയുടെ ചെവികളിൽ എത്തിക്കാൻ ആണ് ബീന ശ്രമിച്ചത്.. ആ പരാതി വെറും എഫ്ബി പോസ്റ്റ്‌ മാത്രമായിമാറാതെ, വിഷയം ഇല്ലാതായി പോവാതെ..ഇങ്ങനെ ആരെങ്കിലും ഒക്കെ നീതിക്ക് വേണ്ടി, ഇരകൾക്കൊപ്പം സ്വന്തം ഡാമേജ് നോക്കാതെ നടക്കുന്നത് കൊണ്ടാണ് പലരും ഉള്ളിലെ ഇത്തരം മൃഗീയതകളെ ചങ്ങലക്കിട്ട് നടക്കുന്നത്.. നമ്മൾ സുരക്ഷിതർ ആവുന്നത്..സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ഉള്ള അതിക്രമങ്ങൾക്ക് നേരെ തിരിച്ചറിവ് വന്ന കാലം മുതൽ ശബ്ദം ഉയർത്തുന്നവൾ ആണ് ബീന.. അതിനുസഹായിക്കുന്ന വക്കീൽ ജോലിതന്നെ ആണ് അവൾ തിരഞ്ഞെടുത്തതും..

ചെറുപ്പം മുതലേ ഇത്തരം കാര്യങ്ങളിൽ ഉറച്ച നിലപാട് ഉള്ളവളാണ് പത്രസമ്മേളനത്തിൽ കൂടെയുണ്ടായിരുന്ന മിനി ഹംസ തയ്യിലും..( Mini Zakir )അവർ പൂർവവിദ്യാർത്ഥിനികൾ ആയിരുന്ന സ്കൂളിലെ ഒരു അദ്ധ്യാപകന് നേരെ നിരവധി പരാതികൾ കിട്ടുമ്പോൾ അവർ ഇതല്ലാതെ പിന്നെ എന്താണ് ചെയ്യേണ്ടത്…പരാതിക്കാരോട് ഒന്നേ പറയാൻ ഉള്ളു.. നിങ്ങൾക്ക് വേണ്ടി ശബ്‌ദിക്കുന്ന അവർക്ക് ഒപ്പം ഉറച്ചു നിൽക്കൂ.. നിങ്ങൾ ആ കുഞ്ഞുപ്രായത്തിൽ ഏറ്റവേദനക്കും മുറിവിനും നീതിയുടെ വഴിക്ക് കണക്ക് ചോദിക്കൂ… ഇനി വഴിക്ക് വെച്ച് ഭയന്നു പിന്മാറാതെ..

ശശികുമാറിനെതിരെ പരാതിപ്പെട്ടത് അമ്പതിലധികം വിദ്യാർത്ഥികൾ

മലപ്പുറം: ഒളിവിലായിരുന്ന മലപ്പുറത്തെ പോക്സോ കേസ് പ്രതി മുൻ അധ്യാപകൻ കെ വി ശശികുമാർ പൊലീസ് കസ്റ്റഡിയിൽ. മലപ്പുറത്തെ സ്കൂളിൽ അധ്യാപകനായിരിക്കെ വിദ്യാർത്ഥികളെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് സിപിഎം നേതാവായിരുന്ന അധ്യാപകനെതിരെ പരാതി ഉയ‍‍ർന്നത്. 50ലധികം വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതിപ്പെട്ടത്.

ആറാം ക്ലാസുകാരിയിരിക്കെ തന്‍റെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചതായി കാണിച്ച് പെൺകുട്ടി നൽകിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയത്. തുടർച്ചയായ വർഷങ്ങളിൽ ഇയാൾ ഇതേ തരത്തിൽ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. ഈ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയ്ക്കിടെയാണ് ശശികുമാർ ഒളിവിൽ പോയത്. ഫോൺ ഓഫ് ചെയ്ത നിലയിലാണെന്നും കണ്ടെത്താനായില്ലെന്നുമാണ് പൊലീസ് വിശദീകരണം. എന്നാൽ ഇയാൾക്ക് ഭരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കാലങ്ങളായി അധ്യാപകൻ കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പൂർവ്വവിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. 1992 മുതലുള്ള പരാതികള്‍ ഇതിലുണ്ട്. പോക്സോ നിയമം നിലവിൽ വരുന്നതിന് മുമ്പുള്ള കാലത്തെ പരാതികളായതിനാൽ ഈ പരാതികളിൽ നിയമോപദേശം തേടുകയാണെന്ന് പൊലീസ് അറിയിച്ചു.

മൂന്ന് തവണ മലപ്പുറം നഗര സഭ കൗൺസിലർ ആയിരുന്ന കെവി ശശികുമാർ അധ്യാപക സേവനത്തിൽ നിന്നും വിരമിക്കുന്ന ദിവസം ഇട്ട ഫേസ്ബുക്ക്‌ കുറിപ്പിന് താഴെയാണ് പൂർവ വിദ്യാർഥിനികളിൽ ഒരാൾ ആദ്യം മീറ്റു ആരോപണം ഉന്നയിച്ചത്. കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയതോടെ കൗണ്‍സിലർ സ്ഥാനം ഒഴിഞ്ഞു. ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് നേരിട്ട് പരാതി പൊലീസിന് ലഭിക്കുന്നത്. കെ വി ശശികുമാർ ശരീര ഭാഗങ്ങളിൽ മോശം ഉദ്ദേശത്തോടെ സ്പർശിച്ചു എന്ന മുൻ വിദ്യാർഥിനിയുടെ പരാതിയിൽ പൊലീസ് പോക്സോ കേസ് എടുത്തതോടെ ശശികുമാർ ഒളിവിൽ പോയി. കൂടുതൽ പരാതിയുമായി പൂർവ വിദ്യാർത്ഥികളും ജില്ലാ പൊലീസ് മേധാവിക്ക് മുന്നിലെത്തിയിരുന്നു. ബ്രാഞ്ച് കമ്മിറ്റി അംഗമായ ശശികുമാരിനെ സിപിഎം പുറത്താക്കിയിരുന്നു.

ഡിഡിഇയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അറസ്റ്റ് വൈകുന്നതിൽ വിവിധ പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾ സ്കൂളിലേക്കും സ്റ്റേഷനിലേക്കും മാർച് നടത്തി. മലപ്പുറം പാലക്കാട് പ്രധാനപാത ഉപരോധിച്ച എം എസ് എഫ് പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close