
ന്യൂഡൽഹി: ഡൽഹി മുണ്ട്കയിൽ നാല് നില കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ മരണം 27 ആയി. പരിക്കേറ്റ പന്ത്രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പേരെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. ആറ് മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീപൂർണ്ണമായി അണയ്ക്കാൻ കഴിഞ്ഞത്. കെട്ടിടത്തിൽ ഇരുന്നൂറിനടുത്ത് ആളുകളുണ്ടായിരുന്നുവെന്നാണ് രക്ഷപ്പെട്ടവർ വ്യക്തമാക്കുന്നത്. കൂടൂതൽ മൃതദേഹങ്ങൾ കെട്ടിടത്തിനുള്ളിലുണ്ടെന്ന നിഗമനത്തിൽ പരിശോധന ഇപ്പോഴും തുടരുകയാണ്. കെട്ടിട ഉടമകൾക്കെതിരെ കേസെടുത്ത പൊലീസ് സ്ഥാപന ഉടമയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. മരിച്ചവരെ തിരിച്ചറിയാൻ ഫോറൻസിക് പരിശോധനയും ഇന്നു നടക്കും.
ദില്ലി സമീപകാലത്ത് കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് മുണ്ട്കായിലുണ്ടായത്. മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിർമ്മിക്കുന്ന എസ്ഐ ടെക്നോളജീസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും പ്രദേശവാസികളായ സ്ത്രീകളാണ്.
തീപിടുത്തത്തിൽ മരിച്ചവരെ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന വേണ്ടി വരുമെന്നാണ് ദില്ലി പൊലീസ് ഔട്ടർ ഡിസിപി സമീർ ശർമ്മ വിശദീകരിക്കുന്നത്. മൃതദേഹങ്ങളിൽ പലതും ആളെ തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ പൂർണ്ണമായി കത്തിയ നിലയിലാണ്. ആളെ തിരിച്ചറിയൻ ശാസ്ത്രീയ പരിശോധന വേണ്ടി വരും. കെട്ടിട ഉടമസ്ഥരായ വരുൺ ഗോയൽ, ഹർഷ് ഗോയൽ എന്നിവർ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇവർക്കെതിരെ കേസ് എടുത്തു. സ്ഥാപന ഉടമയും ഉടൻ അറസ്റ്റിലാകുമെന്നും തീ പിടുത്തത്തിന് കാരണം കണ്ടെത്താൻ കൂടൂതൽ അന്വേഷണം വേണ്ടിവരുമെന്നും ഡി സി പി ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.
ദില്ലി മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് വൈകിട്ട് നാലരയോടെ തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ ജനലുകള് തകർത്താണ് അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. 70 ഓളം പേരെ രക്ഷപ്പെടുത്തിയെന്ന് അഗ്നി ശമന വിഭാഗം അറിയിച്ചു.കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.