KERALANEWSTop News

ഒളിവിൽ കഴിയുന്ന വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി കേന്ദ്ര വിദേശകാര്യവകുപ്പ്; ജാമ്യാപേക്ഷയിൽ വിധി വരും മുമ്പ് അറസ്റ്റ് ഒഴിവാക്കാൻ ഇന്ത്യയുമായി പിടികിട്ടാപുള്ളികളെ കൈമാറാൻ ഉടമ്പടിയില്ലാത്ത രാജ്യത്തേക്കു കടന്നതായി സൂചന; നിർമാതാവിനെതിരെ തലയൂരാൻ കഴിയാത്ത വിധത്തിലുള്ള തെളിവുകളോ?

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമ്മാതാവുമായി വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള തീവ്ര ശ്രമണങ്ങളിലാണ് പോലീസ്. ഇതിന്റെ ഭാഗായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുഖേന പാസ്‌പോർട്ടു റദ്ദാക്കി കഴിഞ്ഞു. കൊച്ചി സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പാസ്‌പോർട്ട് റദ്ദാക്കിയത്. ഇതോടെ നടന്റെ വീസയും റദ്ദാകും. ഇതു മുൻകൂട്ടി മനസ്സിലാക്കിയ വിജയ് ബാബു ഇന്ത്യയുമായി പിടികിട്ടാപുള്ളികളെ കൈമാറാൻ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്കു കടന്നതായും സൂചനയുണ്ട്.

പാസ്‌പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയും വരെ ദുബായിൽ തങ്ങാനാണു വിജയ് ബാബുവിനു ലഭിച്ചിരുന്ന നിയമോപദേശം. എന്നാൽ ഇതിനിടയിൽ പാസ്‌പോർട്ടും വീസയും റദ്ദാക്കപ്പെട്ടതോടെ ദുബായിൽ തങ്ങുന്നതു നിയമ വിരുദ്ധമാകും. ഇത് മുന്നിൽ കണ്ടാണ് നടൻ മുങ്ങിയത് എന്നാണ് ലഭിക്കുന്ന സൂചനകൾ.

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കങ്ങളും പ്രതിഭാഗം അഭിഭാഷകർ നടത്തിയിട്ടുണ്ട്. ഇതിനിടയിലാണു വിധി വരാൻ കാത്തു നിൽക്കാൻ സാവകാശം ലഭിക്കാതെ വിജയ് ബാബുവിനു ദുബായ് വിടേണ്ടിവന്നത്. നേരത്തെ കൊച്ചി സിറ്റി പൊലീസിനോട് നേരിട്ട് ഹാജരാകാൻ മെയ് 19 വരെയാണ് വിജയ് ബാബു സമയം ചോദിച്ചത്. വിദേശത്താണെന്നും ബിസിനിസ് ടൂറിലാണെന്നുമാണ് വിജയ് ബാബുവിന്റെ വാദിച്ചത്.

കഴിഞ്ഞ മാസം 22-നാണു പുതുമുഖ നടിയുടെ പരാതിയിൽ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ ഉടൻ പിടികൂടുമെന്നു പ്രഖ്യാപിച്ച് അന്വേഷണം തുടങ്ങിയ കൊച്ചി സിറ്റി പൊലീസിന് ഒരു മാസം തികയുമ്പോഴും പ്രതിയെ കണ്ടെത്താനായിട്ടില്ല.

പീഡനക്കേസിൽ അന്വേഷണം ഏറക്കുറെ പൂർത്തിയായതായി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കി. 30 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് ഒതുക്കിത്തീർക്കാൻ പരാതിക്കാരിയെ സുഹൃത്തുക്കൾ വഴി പ്രതി രഹസ്യമായി ശ്രമിച്ചതായും ആരോപണമുണ്ട്. കഴിഞ്ഞ മാസം 22നാണു പുതുമുഖ നടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

അതേസമയം, കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്‌ളാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതിന് പിറകെയാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്.

വിജയ് ബാബു ഗോവയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം അവിടെ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ലഹരി വസ്തുക്കൾ നൽകി അബോധാവസ്ഥയിലാക്കിയാണ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവനടി നൽകിയ പരാതിയിൽ പറയുന്നത്. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സിനിമയിൽ കഥാപത്രങ്ങൾ വാഗ്ദാനം ചെയ്തും നഗ്‌ന വീഡിയോ പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും വിജയ് ബാബു പീഡനം തുടർന്നെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close